ChuttuvattomThodupuzha

വൈകുന്ന യൂണിഫോം അലവന്‍സ് സ്‌കൂള്‍ പിടിഎകളെയും അധ്യാപകരെയും പ്രതിസന്ധിയിലാക്കുന്നു : കെപിഎസ്ടിഎ

തൊടുപുഴ : വൈകുന്ന യൂണിഫോം അലവന്‍സ് സ്‌കൂള്‍ പിടിഎകളെയും അധ്യാപകരെയും പ്രതിസന്ധിയിലാക്കുന്നുവെന്ന് കെപിഎസ്ടിഎ. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കേണ്ടത് വര്‍ഷത്തിന്റെ ആരംഭത്തിലാണ്. ഇത് അറിയാത്തവരായി ആരും ഇല്ല. 2023 മെയ്, ജൂണ്‍ മാസങ്ങളില്‍ അനുവദിക്കേണ്ടിയിരുന്ന സ്‌കൂള്‍ യൂണിഫോം ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിരിക്കുന്നത് 2024 മാര്‍ച്ച് മാസത്തില്‍ സ്‌കൂള്‍ അടയ്ക്കുന്ന വേളയിലാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ കാലവിളമ്പത്തിന്റെ ദുരിതം കുട്ടികള്‍ അനുഭവിക്കാതിരിക്കാനായി പല സ്‌കൂള്‍ പിടിഎ കമ്മിറ്റികളും അധ്യാപകരും ചേര്‍ന്ന് സര്‍ക്കാരില്‍ നിന്ന് പണം കിട്ടുന്ന മുറയ്ക്ക് ക്രമീകരിക്കാം എന്ന ചിന്തയില്‍ പണം കയ്യില്‍ നിന്ന് അഡ്വാന്‍സ് ചെയ്ത് കുട്ടികള്‍ക്ക് വര്‍ഷാരംഭത്തില്‍ തന്നെ യൂണിഫോം വാങ്ങി നല്‍കുകയുണ്ടായി. കുട്ടികള്‍ക്കുള്ള പണം ലഭിക്കാനായി കെപിഎസ്ടിഎ നിരന്തരമായി നിവേദനങ്ങള്‍ നല്‍കുകയും, സമരങ്ങള്‍ നടത്തുകയും ചെയ്യുകയുമുണ്ടായതായി കെപിഎസ്ടിഎ ഭാരവാഹികള്‍ പറഞ്ഞു.

ഒരു വര്‍ഷം നീണ്ട സമരങ്ങള്‍ക്ക് ഒടുവില്‍ 2024 മാര്‍ച്ച് മാസം യുപി വിഭാഗം കുട്ടികള്‍ക്കുള്ള ഫണ്ട് അനുവദിച്ചു ഉത്തരവായി. കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ക്രെഡിറ്റ് ആകുന്ന സംവിധാനമാണ് ഇതിനായി സര്‍ക്കാര്‍ ചെയ്തത്. കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്ന പണം ആയതിനാല്‍ അത് തിരികെ പിടിഎ യ്ക്ക് ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കുമ്പോള്‍ ക്രമീകരിക്കാം എന്ന ചിന്തയില്‍ പണം മുടക്കിയ പിടിഎ ഭാരവാഹികളും, അധ്യാപകരും പ്രതിസന്ധിയിലായിരിക്കുകയാണ്.

യൂണിഫോം അലവന്‍സ് സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ നിര്‍ബന്ധമായും വിതരണം ചെയ്യേണ്ടതാണെന്നും, സര്‍ക്കാര്‍ അത് വര്‍ഷാവസാനം വരെ വൈകിപ്പിച്ചത് കൊണ്ടാണ് ഈ പ്രതിസന്ധി നിലവില്‍ ഉണ്ടായിരിക്കുന്നതെന്നും, നിലവിലുള്ള പ്രതിസന്ധിക്ക് സര്‍ക്കാര്‍ തന്നെ പരിഹാരം കണ്ടെത്തണമെന്നും, വരും വര്‍ഷങ്ങളില്‍ ജൂണ്‍ മാസത്തില്‍ തന്നെ യൂണിഫോം അലവന്‍സ് വിതരണം ചെയ്യാനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.എം നാസര്‍ ആവശ്യപ്പെട്ടു.

തൊടുപുഴ സബ് ജില്ലാ പ്രസിഡന്റ് ഷിന്റോ ജോര്‍ജ് അധ്യക്ഷത വഹിച്ചു . സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിജോയ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സജി മാത്യു ,ദീപു ജോസഫ് , രതീഷ് വി ആര്‍ , സുനില്‍ ടി തോമസ് , രാജിമോന്‍ ഗോവിന്ദ് , ലിജോമോന്‍ ജോര്‍ജ് , ഡയസ് സെബാസ്റ്റ്യന്‍ , ബിജു ഐസക് , ജോസഫ് മാത്യു , ജീസ് എം അലക്‌സ് , ജിന്‍സ് കെ ജോസ് എന്നിവര്‍ പ്രസംഗിച്ചു .

Related Articles

Back to top button
error: Content is protected !!