Idukki

ജില്ലയിലെ ഭൂപതിവ്  ഓഫീസുകളുടെ പ്രവര്‍ത്തനം തുടരും : മന്ത്രി റോഷി

ചെറുതോണി: ജില്ലയിലെ ഭൂപതിവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരുന്ന വിവിധ പ്രദേശങ്ങളിലെ ഭൂപതിവ് ഓഫീസുകളുടെ പ്രവര്‍ത്തനം ഈ മാസം  31 ന് ശേഷവും തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. താല്കാലികമായി ആരംഭിച്ചിട്ടുള്ള ഇത്തരം ഓഫീസുകള്‍ ഓരോ വര്‍ഷവും പുതുക്കി നല്‍കുകയാണ് പതിവ്. ഈ വര്‍ഷവും പുതുക്കുന്നതിനായി നടപടി സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന അദാലത്തിന് മുന്നോടിയായി ഇടുക്കി-കഞ്ഞിക്കുഴി വില്ലേജുകളിലെ പട്ടയ നടപടികളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി താലൂക്ക് തല ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി താലൂക്കിന്റെ  പരിധിയില്‍ വരുന്ന വിവിധ പഞ്ചായത്തുകളുടെ കൈവശ രേഖകള്‍ക്ക് യോഗത്തില്‍ അംഗീകാരം നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീട് വെയ്ക്കുന്നതിനാവശ്യമായ ഭൂമിയുടെ കൈവശരേഖ നല്‍കുന്നതിനുള്ള നടപടികള്‍ കൂടുതല്‍മാനുഷിക പരിഗണനയോടെ സമയബന്ധിതമായി കൈകാര്യം ചെയ്യണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഇടുക്കി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, ജിന്‍സി ജോയി, സുരേഷ് കെ.സി, ഇടുക്കി തഹസില്‍ദാര്‍മാരായ എന്‍. വിജയ, മിനി കെ. ജോണ്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ ഷാജി കാഞ്ഞമല, പി.ഡി ജോസഫ്, എന്‍.വി ബേബി, സിനോജ് വള്ളാടി, പി.കെ ജയന്‍, തുടങ്ങിയവര്‍  പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!