Thodupuzha

ജില്ലാ മൃഗാശുപത്രിയില്‍ വൃത്തിയില്ലാത്ത അന്തരീക്ഷവും മോശപ്പെട്ട സേവനവുമെന്ന് പരാതി

തൊടുപുഴ:  ജില്ലാ മൃഗാശുപത്രിയില്‍ വൃത്തിയില്ലാത്ത അന്തരീക്ഷവും മോശപ്പെട്ട സേവനവുമെന്ന് വ്യാപക പരാതി. തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ പശുവിനെ ചികിത്സക്കെത്തിച്ചവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരുടെ അലസമായ പെരുമാറ്റവും ഉത്തരവാദിത്വമില്ലായ്മയും മൂലം വളര്‍ത്തു മൃഗങ്ങളെയും കൊണ്ടെത്തുന്ന ആളുകള്‍ ബുദ്ധിമുട്ടിലാകുന്നതായും ആരോപണമുണ്ട്.
ജില്ലാ മൃഗാശുപത്രിയില്‍ രോഗം ബാധിച്ച വളര്‍ത്ത് മൃഗങ്ങളുമായി എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. സേവനത്തിനായി കാത്ത് നില്‍ക്കുന്ന ഹാളില്‍ നായയും ആടും അടക്കമുള്ള മൃഗങ്ങളുടെ വിസര്‍ജ്യവും മറ്റും കൂടിക്കിടക്കുന്ന നിലയിലാണ്. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരോട് ആശുപത്രി പരിസരം ശുചിയാക്കാത്തത് സൂചിപ്പിച്ചെങ്കിലും അതിന് തയാറായില്ലെന്നും പരാതിയുണ്ട്. ചികിത്സക്കായി കൊണ്ടുവന്ന നായ ഡോക്ടറെയും വീട്ടുകാരേയും കടിച്ച സംഭവവും അടുത്ത കാലത്ത് ഇവിടെയുണ്ടായിട്ടുണ്ട്. മലിനമായ അന്തരീക്ഷത്തില്‍ രോഗികളായ മൃഗങ്ങളെ ചികിത്സക്കെത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണിവിടെ. ജില്ലാതല മൃഗാശുപത്രിയായിട്ടും പ്രാഥമിക അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടില്ലെന്നും പരാതിയുണ്ട്.
മൃഗങ്ങള്‍ക്കാവശ്യമായ മരുന്ന് ചികിത്സാ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. മരുന്ന് പുറത്തു പോയി വാങ്ങാനാണ് ജീവനക്കാര്‍ പറയുന്നത്. നിരന്തരം പരാതി ഉന്നയിച്ചാലും ബന്ധപ്പെട്ട മേലധികാരികള്‍ അക്കാര്യം ശ്രദ്ധിക്കുകയോ നടപടിയെുക്കുകയോ ചെയ്യാറില്ലെന്നും പരാതിയുണ്ട്. തുടര്‍ച്ചയായി ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മൃഗസംരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ക്ഷീര വികസന വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് ഒരു തീരുമാനമുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!