ChuttuvattomIdukki

ആശങ്കവേണ്ട; അമ്മയ്ക്കും കുഞ്ഞിനും ഇനി സുരക്ഷിതയാത്രക്ക് മാതൃയാനമുണ്ട്

ഇടുക്കി: പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഏറെ സഹായകമായ മാതൃയാനം ഇനി നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കും. പദ്ധതിയാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ജില്ലയിലെ 35 അമ്മമാര്‍ക്കാണ് ഈ സൗകര്യം ലഭ്യമായത്.നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന അമ്മയും കുഞ്ഞും പദ്ധതിയുടെ തുടര്‍ച്ചയാണ് മാതൃയാനം. ജൂലൈ നാലിന് ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ് നാലു വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തതിലൂടെയാണ് ജില്ലയിലെ മാതൃയാനം പദ്ധതിക്ക് തുടക്കമായത്. ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിലും നെടുങ്കണ്ടം, അടിമാലി താലൂക്ക് ആശുപത്രികളിലുമാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ സേവനം ആരംഭിച്ചത്. പ്രത്യേകമായി വാഹനം നല്‍കിയിട്ടില്ലെങ്കിലും പീരുമേട് താലൂക്ക് ആശുപത്രിയിലും മാതൃയാനത്തിന്റെ സേവനം ലഭിക്കും. ജില്ലയിലെ പിന്നാക്ക മേഖലകളിലെ ഗോത്രവര്‍ഗക്കാരായ സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും ഈ സൗകര്യം ഏറെ പ്രയോജനകരമാണ്. 19 ലക്ഷം രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷം പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.പ്രസവശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജാവുമ്പോള്‍ മുന്‍പ് യാത്രയ്ക്ക് 500 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇത് ദീര്‍ഘദൂര യാത്രയ്ക്ക് തികയുന്നില്ല എന്ന പരാതികളുണ്ടായിരുന്നു. മാതൃയാനം പദ്ധതി വഴി സൗജന്യ ടാക്സി ഏര്‍പ്പാടാക്കിയതിലൂടെ എത്ര ദൂരെയാണ് താമസസ്ഥലമെങ്കിലും അമ്മയ്ക്കും കുഞ്ഞിനും സ്വന്തം വീട്ടുമുറ്റത്ത് ആശങ്കകളില്ലാതെ ഇനി ചെന്നിറങ്ങാം. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഈ ടാക്സികളില്‍ ജിപിഎസ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം കുറഞ്ഞകാലം കൊണ്ട് തന്നെ ആയിരക്കണക്കിന് പേരാണ് മാതൃയാനം പ്രയോജനപ്പെടുത്തിയത്. മികച്ച പരിചരണം നല്‍കി സുഖപ്രസവം പ്രദാനം ചെയ്യുക മാത്രമല്ല, അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കാനും ഇനി സര്‍ക്കാര്‍ ആശുപത്രികള്‍ സര്‍വ്വസജ്ജമാണ്.

Related Articles

Back to top button
error: Content is protected !!