Kerala

സാമ്പത്തിക പ്രതിസന്ധി വികസനത്തേയും ബാധിക്കുന്നു; ഈ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 31.67 ശതമാനം തുക മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ ധനപ്രതിസന്ധി കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതികളേയും ബാധിക്കുന്നു. പണമില്ലാത്തതിനെ തുടര്‍ന്ന് പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷം തുടങ്ങി ഏഴു മാസം കഴിയുമ്പോഴും ആകെ ചെലവഴിച്ചത് 31.67 ശതമാനം തുക മാത്രമാണ്.സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പദ്ധതികളേയും ബാധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ ആകെ ചെലവഴിക്കാന്‍ കഴിഞ്ഞത് 31.67 ശതമാനം തുകയാണ്. ഏറ്റവും കൂടുതല്‍ തുക പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ചത് 32.54 ശതമാനം മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുകള്‍ ചെലവഴിച്ചത് 30.20 ശതമാനം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 32.7 ശതമാനമാണ് ചെലവഴിച്ചത്.

ഏറ്റവും കൂടുതല്‍ തുക മുന്‍വര്‍ഷങ്ങളില്‍ ചെലവഴിക്കുന്നത് സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയിലാണ്. എന്നാല്‍ ഇത്തവണ കാര്‍ഷിക മേഖലയില്‍ 24.34 ശതമാനം മാത്രമാണ് ചെലവഴിച്ചത്. കേന്ദ്രം ഇളവുകള്‍ നല്‍കാതെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ച പരിധിയില്‍ ശേഷിക്കുന്നത് 62 കോടി മാത്രമാണ്. ദേശീയപാത വികസനത്തിനായി കിഫ്ബി വഴി സമാഹരിച്ച 5800 കോടി രൂപ വായ്പാ പരിധിയില്‍ നിന്നും ഒഴിവാക്കിയാല്‍ താല്‍ക്കാലിക ആശ്വാസമുണ്ടാകുമെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. തടഞ്ഞുവച്ചിരിക്കുന്ന ഗ്രാന്റുകളും കൂടി ലഭിച്ചാല്‍ പ്രതിസന്ധി ഒഴിവാക്കി മുന്നോട്ടുപോകാമെന്നതിനാല്‍ കേന്ദ്ര നടപടിയില്‍ മാത്രമാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

 

 

Related Articles

Back to top button
error: Content is protected !!