Kerala

കിഫ്ബിക്കെതിരായ ഇഡി നീക്കം കേരളത്തിന്റെ വികസനം തടയാൻ

കൊല്ലം: കോൺഗ്രസും ബിജെപിയും ഏതെല്ലാം രീതിയിൽ എതിർത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ സർക്കാർ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കാരല്ലാത്ത ബഹുജനങ്ങൾ അടക്കം സിപിഎമ്മിന്റെ മേന്മ മനസ്സിലാക്കി പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ കാണാനാകുന്നത്. ഇതൊരു നല്ല ചിന്തയാണ്. അതാണ് ഈ പാർട്ടിയുടെ ശക്തിയെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനെ സ്വീകരിച്ചു. എൽഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവാണ്. എന്നാൽ മറ്റു ചിലരുണ്ട്. ഈ പാർട്ടി ഇവിടെ നിലനിൽക്കരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്. തുടർഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടർത്തുന്നു. മുൻകാലങ്ങളിൽസിപിഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ജനം തിരിച്ചറിഞ്ഞു.

ഇടത് മുന്നണിയെ ദുർബലപ്പെടുത്താൻ സിപിഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വം ചിന്തിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒട്ടേറെ ആക്രമണങ്ങൾ അവർ അഴിച്ചുവിട്ടു. ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടേണ്ടിവന്ന ഒരു പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കോൺഗ്രസ് സിപിഎമ്മിനെ തകർക്കാൻ ശ്രമിച്ചു.പാർട്ടി പ്രവർത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. ആ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി തകർന്നു കൊണ്ടിരിക്കുകയാണ്. ത്രിപുരയിൽ കോൺഗ്രസ് പാർട്ടി തന്നെ ബിജെപിയായി മാറി. സംഘപരിവാറിന്റെ നിലപാടുകൾ നടപ്പാക്കുന്ന കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഉണ്ട്. അവരുടെ പേര് പറയാത്തത് തൻറെ മാന്യത കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്വപ്നം കാണാൻ പോലുമാകാത്ത പദ്ധതികൾ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി. കിഫ്ബി കൊണ്ടുവന്നപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോൾ അതിനെ യുഡിഎഫ് എതിർത്തു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിജെപിക്കൊപ്പം കോൺഗ്രസും അതിൽ പങ്കുചേരുകയാണ്.കേരളത്തിലെ വികസനം തടയാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോൾ ഇഡി. ഇഡിയെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!