Idukki

ഇരട്ടയാര്‍ പഞ്ചായത്ത് ഹരിതകര്‍മ സേനയുടെ ആക്രി വ്യാപാരം മുന്നോട്ട്

 

ഇടുക്കി : ഇരട്ടയാര്‍ പഞ്ചായത്തില്‍ ഹരിതകര്‍മ സേനയുടെ ആക്രി വ്യാപാരം നല്ല നിലയില്‍ മുന്നോട്ടു പോകുന്നു.രണ്ടു മാസത്തിനിടയില്‍ രണ്ട് ലോഡ് തരംതിരിച്ച 10.2ടണ്‍ പ്ളാസ്റ്റിക് പാഴ് വസ്തുക്കളാണ് ആലുവയിലെ മൊത്ത വ്യാപാരിക്ക് സേന കൈമാറിയത്. രണ്ടു ഘട്ടങ്ങളിലായി നടന്ന ഈ ഇടപാടിലൂടെ 1,40,000രൂപയാണ് ഈ ഹരിതസംരംഭത്തിന് ലഭിച്ചത്.

പഞ്ചായത്തിലെ വീടുകളില്‍ നിന്നും മറ്റും സേനാംഗങ്ങള്‍ ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ ഒമ്പതിനങ്ങളായി തരംതിരിച്ചാണ് ഹരിതകര്‍മ സേന വില്‍പ്പന നടത്തിയത്.മാസങ്ങള്‍ നീണ്ട ശ്രമകരമായ ജോലികളിലൂടെയാണ് സേനാംഗങ്ങള്‍ തരംതിരിക്കല്‍ നടത്തിയത്.വാത്തിക്കുടി പഞ്ചായത്തില്‍ നിന്നുമെടുത്ത പാഴ് വസ്തുക്കളും ഇക്കൂട്ടത്തില്‍ തരംതിരിച്ച് വിറ്റഴിച്ചു.

പഞ്ചായത്തിലെ ഈ ഹരിത സംരംഭത്തിന് പാഴ് വസ്തുക്കള്‍ കൈമാറാന്‍ തയ്യാറായി വിവിധ തദ്ദേശസ്ഥാപനങ്ങള്‍ രംഗത്തുവന്നിട്ടുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി പറഞ്ഞു.പാമ്പാടുംപാറ, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍,കാമാക്ഷി പഞ്ചായത്തുകളാണ് പാഴ് വസ്തുക്കള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ഇതു സംബന്ധിച്ച് കത്തും നല്‍കിയിട്ടുണ്ട്.

പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ കഷ്ടപ്പെടുന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനാണ് ഈ തൊഴില്‍ യൂണിറ്റ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലയില്‍ ആദ്യമായാണ് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഹരിതസേന ആക്രി വ്യാപാരം നടത്തുന്നത്.

മറ്റേത് ഏജന്‍സിയും നല്‍കുന്നതിനേക്കാള്‍ കൂടിയ വില നല്‍കിയാണ് പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളുമെല്ലാം ഏറ്റെടുക്കുന്നതെന്ന് ഈ തൊഴില്‍ യൂണിറ്റിന്റെ ഭാരവാഹികളായ പി.ടി.നിഷമോള്‍,ലിജിയമോള്‍ ജോസഫ് എന്നിവര്‍ പറഞ്ഞു.ഒരു പാഴ് വസ്തുവും വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ഗുളികകളുടെ സ്ട്രിപ്പടക്കം എല്ലാ പാഴ് വസ്തുക്കളും ഏറ്റെടുക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!