Kerala

സായാഹ്ന വാർത്തകൾ

2022 | ജൂൺ 10 | വെള്ളി | 1197 | ഇടവം 27 | ചിത്തിര

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭങ്ങള്‍ക്കിടെ സംഘര്‍ഷം. സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചു ചെയ്തു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പോലീസുകാരും പ്രവര്‍ത്തകരും അടക്കം നിരവധിപേര്‍ക്കു പരിക്കേറ്റു. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നത്.

◼️കണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദിത്വം ഉദ്ഘാടകനായ കെപിസിസി പ്രസഡിന്റ് കെ സുധാകരനായിരിക്കുമെന്ന് പൊലീസ് നോട്ടീസ് നല്‍കി. അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണം. സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമൈന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

◼️ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ക്ലിഫ് ഹൗസില്‍ നിന്ന് പൂജപ്പുരയിലേക്കു പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്തിന്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. സമരം ചെയ്താല്‍ കെപിസിസി പ്രസിഡന്റിനെതിരെ കേസെടുക്കുമെന്നു പൊലിസ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ പൊലീസ്‌രാജെന്നും ചെന്നിത്തല ചോദിച്ചു.

◼️മുഖ്യമന്ത്രിയുടെ വിശ്വസ്തനായി സ്വപ്ന സുരേഷിനെ സമീപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി എം.വി നികേഷ് കുമാര്‍. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാറിനു തന്റെ ഫോണ്‍ കൈമാറണമെന്ന് ഷാജ് ആന്റണി ആവശ്യപ്പെട്ടെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കു പുറത്തുനിന്നൊരു നാവിന്റെയും ശബ്ദത്തിന്റെയും ആവശ്യമില്ലെന്നും അങ്ങനെ ആവാന്‍ താന്‍ തയ്യാറുമല്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു.

◼️സ്വപ്ന സുരേഷിന്റെ വെളിപെടുത്തലുകളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്ആര്‍ഡിഎസ്. തങ്ങള്‍ക്ക് ആര്‍എസ്എസുമായോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ ബന്ധമില്ലെന്നും എച്ച്ആര്‍ഡിഎസ് ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂ വ്യക്തമാക്കി. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബിലീവ്ഴ്സ് ചര്‍ച്ചിന്റെ ജീവകാരുണ്യ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കാമെന്നു പറഞ്ഞ് ഷാജ് കിരണ്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം അറിയിച്ചു.

◼️സ്വപ്ന സുരേഷിന്റെ വീടിനും ഓഫീസിനും പോലീസ് സുരക്ഷ. രാത്രിയിലും ഡ്യൂട്ടിക്ക് പോലീസിനെ നിയോഗിച്ചു. ജീവനു ഭീഷണിയുണ്ടെന്ന് ആരോപിച്ച് സ്വപ്ന കോടതിയെ സമീപിച്ചിരിക്കേയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖

◼️സ്വര്‍ണക്കടത്തുകേസിലെ സ്വപ്നയുടെ ആരോപണങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ക്കുമെതിരേ വിശദീകരണ യോഗങ്ങള്‍ നടത്താന്‍ സിപിഎം. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് സിപിഎം വാദം. കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ട് തുറന്നു കാണിക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

◼️സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ വിധിക്കെതിരെ ഇടുക്കി ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. കോടതി വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

◼️സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലപ്രദേശമാക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കിയാല്‍ ശബരിമല വികസന പദ്ധതി അവസാനിപ്പിക്കേണ്ടിവരും. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചാല്‍ തീര്‍ത്ഥാടകരും പ്രതിസന്ധിയിലാകും.

◼️നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. അതുവരെ അറസ്റ്റും പാടില്ല. യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

◼️കുളിമാട് പാലത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തയില്ലെന്നു ചൂണ്ടിക്കാട്ടി മന്ത്രി പി.എ.മുഹമ്മദ് റിയാസ് തിരിച്ചയച്ചു. യന്ത്ര തകരാറോ, മാനുഷിക പിഴവോ ആണ് പാലം തകരാന്‍ കാരണമെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. വ്യക്തമായ റിപ്പോര്‍ട്ടു വേണമെന്ന് ആവശ്യപ്പെട്ടാണു മന്ത്രി തിരിച്ചയച്ചത്.

◼️ആള്‍ക്കൂട്ട ആക്രമണത്തില്‍ പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം രംഗത്ത്. മധുവിന്റെ സഹോദരി സരസുവാണ് മണ്ണാര്‍ക്കാട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകനെ കോടതിയല്ല, സര്‍ക്കാരാണു മറ്റേണ്ടതെന്ന് വിചാരണ കോടതി പറഞ്ഞു.

◼️സഹോദരിയെ കാണാന്‍ ആശുപത്രിയിലെത്തിയിലെത്തിയ സഹോദരന്റെ തലയില്‍ ഫാന്‍ പൊട്ടി വീണ് പരിക്കേറ്റു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. തകഴി കേളമംഗലം പുത്തന്‍വീട്ടില്‍ കെ. അജേഷിന്റെ (45) തലയിലാണ് ഫാന്‍ വീണത്. അഞ്ച് തുന്നിക്കെട്ടുണ്ട്.

◼️കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. രണ്ടു യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍നിന്ന് 849 ഗ്രാം സ്വര്‍ണവും പാനൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1,867 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

◼️വിഴിഞ്ഞം ചൊവ്വരയില്‍ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ കുരുങ്ങി അപ്പുക്കുട്ടന്‍, മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്.

◼️ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുത്തെന്ന് അറിഞ്ഞ് വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച യുവാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് പിടികൂടി. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ താമസിക്കുന്ന ചുണ്ടക്കുന്ന് മാളിയേക്കല്‍ ഡാനിഷിനെയാണ് അറസ്റ്റു ചെയ്തതത്.

◼️പതിനഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ഇന്നു തന്നെ ഫലമറിയാം. പതിനൊന്ന് സംസ്ഥാനങ്ങളിലായി 41 സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ 16 സീറ്റുകളിലേക്കുള്ള മല്‍സരം നിര്‍ണായകമാണ്. സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും നിലപാടാണ് ഇവിടങ്ങളിലെ വിജയം നിര്‍ണയിക്കുക.

◼️കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉള്‍പ്പെടെയുള്ളവരെ യുപി പൊലീസ് തടഞ്ഞു. റോഡിലിരുന്നു പ്രതിഷേധിച്ചെങ്കിലും യുപി പൊലീസ് വഴങ്ങിയില്ലെന്ന് ഇ.ടി. വ്യക്തമാക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് ഡല്‍ഹിയിലേക്കു മടങ്ങുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

◼️നീറ്റ് പിജി പ്രവേശനത്തില്‍ ബാക്കി വന്ന 1456 സീറ്റുകളിലേക്ക് കൗണ്സിലിംഗ് നടത്തണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രത്യേക കൗണ്‍സിലിംഗ് വേണ്ട എന്ന് കേന്ദ്രവും മെഡിക്കല്‍ കമ്മീഷനും തീരുമാനിച്ചുവെങ്കില്‍ അതിനെ ചോദ്യം ചെയ്യേണ്ടതില്ല എന്ന് കോടതി വ്യക്തമാക്കി.

◼️പുഷ്പ എന്ന മാസ് സിനിമയുടെ സ്റ്റൈലില്‍ രണ്ടു കോടി രൂപയുടെ കഞ്ചാവു കടത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. ആഗ്രയിലാണ് സംഭവം. ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റ്.

◼️വിദഗ്ധ ചികില്‍സ ലഭിക്കാന്‍ 16 മണിക്കൂര്‍ വൈകിയതുമൂലം ലക്ഷദ്വീപിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്കു മരിച്ചു. ചെത്തലത്ത് ദ്വീപ് സ്വദേശി അബ്ദുള്‍ ഖാദറാണ് മരിച്ചത്. അബ്ദുള്‍ ഖാദറും സുഹൃത്ത് ഇബ്രാഹിമും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരേയും വിദഗ്ധ ചികില്‍സയ്ക്കു കൊച്ചിയിലേക്കു കൊണ്ടുവന്നപ്പോഴേക്കും 16 മണിക്കൂര്‍ കഴിഞ്ഞിരുന്നു.

◼️ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ അഞ്ചര ലക്ഷം രൂപയ്ക്ക് വിറ്റ യുവതി ബി. ഷൈന അറസ്റ്റിലായി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അമ്മയും കുട്ടിയെ വാങ്ങിയയാളും കൂട്ടുനിന്നവരും അടക്കം അഞ്ചു പേരാണു പിടിയിലായത്. ഗര്‍ഭിണിയായിരുന്ന ഷൈന ഇന്‍ഡോറിലെ ഗൗരി നഗറില്‍ താമസിക്കുന്ന അന്തര്‍ സിങ്ങുമായി ലിവ് ഇന്‍ റിലേഷനിലായിരുന്നു. അയാളുടേതല്ലാത്ത കുഞ്ഞിനെ കൂടെ താമസിപ്പിക്കാനാവില്ലെന്ന് അന്തര്‍സിംഗ് നിലപാടെടുത്തതോടെയാണു കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്.

◼️പ്രകോപനപരമായ വീഡിയോ പ്രചരിക്കുന്നതിനാല്‍ ജമ്മു കശ്മീര്‍ ഡോഡാ ജില്ലയിലെ ബദേര്‍വാ ടൗണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. സംഭവത്തില്‍ കേസെടുത്തു അന്വേഷണം തുടങ്ങി.

◼️കേരള സര്‍വകലാശാല മുന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും കായിക അധ്യാപകനുമായ പത്രോസ് മത്തായി അന്തരിച്ചു. 87 വയസ്സായിരുന്നു. ഏഷ്യന്‍ ഗെയിംസും ദേശീയ ഗെയിംസുകളും അടക്കമുള്ളവയുടെ സംഘാടനത്തില്‍ പ്രധാന പങ്കുവഹിച്ച പത്രോസ് മത്തായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

◼️ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചാനല്‍ വിതരണ അവകാശത്തിനായി മുകേഷ് അംബാനിയും ജെഫ് ബെസോസും നേര്‍ക്കുനേര്‍ പോരാടും. ജൂണ്‍ 12 ന് ബി.സി.സി.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന മേഗാ ലേലത്തില്‍ ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം നേടിയെടുക്കാനായാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ജെഫ് ബെസോസിന്റെ അധീനതയിലുള്ള ആമസോണും മത്സരിക്കുക. 7.7 ബില്യണ്‍ ഡോളറോളം അതായത് ഏകദേശം 59,000 കോടി രൂപ ലേലത്തിനായി ചെലവിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഐ.പി.എല്ലിന്റെ സമ്പൂര്‍ണ വിതരണാവകാശം ലഭിക്കും. റിലയന്‍സിനും ആമസോണിനും പുറമേ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ കമ്പനിയും ലേലത്തിനായി മുന്നിലുണ്ട്.

◼️യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ജയം. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടച്ചയായ രണ്ട് ദിവസം ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയായി. ഇന്നലെ 200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4775 രൂപയാണ്.

Related Articles

Back to top button
error: Content is protected !!