Kerala

സായാഹ്ന വാർത്തകൾ

 

2022 | ജൂൺ 3 | വെള്ളി | 1197 | ഇടവം 20 | പുണർതം

 

◼️തൃക്കാക്കരയില്‍ യുഡിഎഫിന്റെ ഉമ തോമസിനു റിക്കാര്‍ഡ് ഭൂരിപക്ഷം. 25,016 വോട്ടിനാണ് എല്‍ഡിഎഫിനെ ജനം പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ പി.ടി. തോമസ് നേടിയത് 14,329 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2011 ല്‍ ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷത്തേയും ഉമ മറികടന്നു. ബിജെപിക്കു കഴിഞ്ഞ തവണത്തേക്കാള്‍ മൂവായിരം വോട്ടു കുറഞ്ഞു. ട്വന്റി 20 കഴിഞ്ഞ തവണ നേടിയ പതിനയ്യായിരത്തോളം വോട്ടും നിര്‍ണായകമായി. വോട്ടുനില: യുഡിഎഫ്- 72,770, എല്‍ഡിഎഫ്- 47,754, എന്‍ഡിഎ- 12,957.

 

◼️മുഖ്യമന്ത്രി പിണറായി വിജയനു കനത്ത തിരിച്ചടി. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ തമ്പടിച്ചും മന്ത്രിമാര്‍ വീടുവീടാന്തരം കയറിയിറങ്ങിയും നടത്തിയ പ്രചാരണം നിഷ്ഫലമായി. കെ റെയില്‍ അടക്കമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രഖ്യാപനങ്ങളെ ജനം തള്ളി. പാര്‍ട്ടി നേതാവിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് അട്ടിമറിച്ച് വര്‍ഗീയ മുതലെടുപ്പു ശ്രമവുമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതു മുതല്‍ എല്‍ഡിഎഫിനു അടിതെറ്റി. ട്വന്റി 20, ബിജെപി വോട്ടുകളും എല്‍ഡിഎഫിന് എതിരായി. സര്‍ക്കാരിനെതിരേ അതിജീവിത നല്‍കിയ ഹര്‍ജിയും വ്യാജ വീഡിയോ പ്രചാരണവുമെല്ലാം വോട്ടര്‍മാരെ സ്വാധീനിച്ചു.

◼️കോണ്‍ഗ്രസിനു നിയമസഭയിലെ ഏക വനിതാ സാന്നിധ്യമാണ് തൃക്കാക്കരയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഉമ തോമസ്. യുഡിഎഫിലെ രണ്ടാമത്തെ വനിതാ അംഗമാണ് ഉമ. കെ.കെ രമയായിരുന്നു യുഡിഎഫിലെ ഏക വനിതാ എംഎല്‍എ.

 

◼️തൃക്കാക്കരയിലെ ചരിത്രവിജയം പ്രിയപ്പെട്ട പി.ടി.ക്കു സമര്‍പ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. പി.ടി തോമസ് നെഞ്ചേറ്റിയ തൃക്കാക്കര തന്നെ കൈവിടില്ലെന്ന വിശ്വാസം സത്യമായതില്‍ സന്തോഷമുണ്ട്. ചരിത്ര വിജയത്തിന് ഒപ്പംനിന്നു പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും അവര്‍ പറഞ്ഞു.

 

◼️വിജയിക്ക് അനുമോദനമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. ജനഹിതം അംഗീകരിക്കുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വിക്കു കാരണം എന്തെല്ലാമാണെന്നു പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് പറഞ്ഞു.

 

◼️അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കിയതെന്ന് എ.കെ. ആന്റണി. സര്‍ക്കാര്‍ വാര്‍ഷികം മൂന്നിനായിരുന്നുവെങ്കില്‍ മന്ത്രിമാരുടെ കൂട്ട കരച്ചില്‍ കാണാമായിരുന്നു. കെ റെയിലിനെതിരായ ജനവികാരം പ്രതിഫലിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. ആന്റണി പറഞ്ഞു.

 

*

 

◼️ക്യാപ്റ്റന്‍ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും ഓരോ കാതം പുറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് തൃക്കാക്കരയില്‍ കണ്ടത്. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

 

◼️തൃക്കാക്കരയില്‍ തോറ്റെങ്കിലും എല്‍ഡിഎഫിന്റെ വോട്ടുകള്‍ വര്‍ധിച്ചെന്ന് തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച മന്ത്രി പി. രാജീവ്. എല്‍ഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകള്‍ മൂന്നു ശതമാനം കുറഞ്ഞു. ട്വന്റി ട്വന്റി വോട്ടുകള്‍ മുഴുവന്‍ യുഡിഎഫിന് പോയോയെന്ന് ഇപ്പോള്‍ പറയാനാകില്ല. പി. രാജീവ് പറഞ്ഞു.

 

◼️തൃക്കാക്കരയില്‍ തോറ്റത് ക്യാപ്റ്റനല്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. എറണാകുളം ജില്ലാ കമ്മറ്റിയാണ് തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നയിച്ചത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പു ഫലം. തൃക്കാക്കര ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു.

 

◼️തൃക്കാക്കരയിലേത് ശക്തമായ സഹതാപ തരംഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ജനവിധിയാണിതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

 

◼️യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ വിജയം ആഘോഷിച്ച് വനിതകള്‍. ‘അപ്പോഴും പറഞ്ഞില്ലേ, പോരേണ്ട, പോരേണ്ടാന്ന് …’ എന്ന പഴയ ഗാനവരികള്‍ ആലപിച്ചാണ് വനിതകള്‍ പ്രകടനം നടത്തിയത്. ഈ പാട്ടുപാടിയും റൈറ്റ്, ഓക്കേ, ഓടീക്കോ എന്ന കുറിപ്പോടെയുമാണ് ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്ലാദം പങ്കുവച്ചത്.

 

◼️ഉമ തോമസിന്റെ റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മക്കളായ വിഷ്ണു തോമസും വിവേക് തോമസും. പിടി തോമസ് ജന മനസില്‍ ഇന്നും ജീവിക്കുന്നവെന്നതിന്റെ തെളിവാണ് ഈ വിജയമെന്ന് അവര്‍ പ്രതികരിച്ചു.

 

◼️ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്റെ വിലയിരുത്തലാണെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

◼️കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയ പ്രഫ. കെ.വി. തോമസിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. ‘നിന്നെ പിന്നെ കണ്ടോളാ’ മെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജിനു മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തിയത്. തിരുത മല്‍സ്യവുമായി തോമസിന്റെ വീടിനു മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

 

◼️തങ്ങള്‍ മല്‍സരരംഗത്തുണ്ടായിരുന്നെങ്കില്‍ മറ്റൊരു ചിത്രം ഉണ്ടാകുമായിരുന്നെന്ന് ട്വന്റി 20 പാര്‍ട്ടി നേതാവ് സാബു ജേക്കബ്. യുഡിഎഫിനെ സഹായിക്കാനല്ല മല്‍സരിക്കാതിരുന്നത്. പ്രവര്‍ത്തകര്‍ അവരുടെ സ്വന്തം വിവേകമനുസരിച്ചാണു വോട്ടു ചെയ്തത്. ജനവികാരം എല്‍ഡിഎഫ് ഭരണത്തിന് എതിരാണെന്നു വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

 

◼️തൃക്കാക്കരയില്‍ കെ റെയില്‍ തിരിച്ചടിയായോയെന്നു പരിശോധിക്കണമെന്ന് പ്രഫ. കെ.വി തോമസ് പറഞ്ഞു. തീര്‍ത്തും അപ്രതീക്ഷിതമായ ഫലമാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

◼️’കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണു വിധി’ എന്നു സിപിഎം നേതാവ് എം.എം മണി. തൃക്കാക്കര തെരഞ്ഞെടുപ്പു ഫലത്തോടു ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു മണി.

 

◼️നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് ഒന്നര മാസംകൂടി ഹൈക്കോടതി അനുവദിച്ചു. ജൂലൈ 15 വരെ അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് കൗസര്‍ എടപഗത്ത് ഉത്തരവിട്ടു. മൂന്നുമാസം സമയം നീട്ടി നല്‍കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ദിലീപിന്റെ ഫോണുകളില്‍നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

 

◼️കഞ്ചാവുണ്ടോയെന്നു പരിശോധിക്കാന്‍ വാഹനത്തില്‍ കയറിയ എക്സൈസ് ഉദ്യോഗസ്ഥനുമായി വാഹനം നിര്‍ത്താതെ പോയി. ഒടുവില്‍ വാളയാര്‍ അട്ടപ്പള്ളത്ത് ഉദ്യോഗസ്ഥന്‍ വാഹനത്തില്‍നിന്നു ചാടി രക്ഷപ്പെട്ടു. സ്റ്റേറ്റ് എക്സൈസ് സ്‌ക്വാഡിലെ സുബിനെയാണ് തട്ടിക്കൊണ്ടുപോയത്. കൊഴിഞ്ഞാമ്പറയില്‍ കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നു. തട്ടികൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശികളായ ഫാദില്‍, ജേക്കബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

◼️കാരശ്ശേരി പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ച മൂന്ന് ചെങ്കല്‍ ക്വാറികളില്‍ വിജിലന്‍സ് റെയ്ഡു നടത്തി. 12 കല്ലുവെട്ടു ട്രില്ലര്‍ യന്ത്രങ്ങളും നാലു ലോറികളും ഒരു എസ്‌ക്കവേറ്ററും സംഘം പിടികൂടി. മൂന്നു ലോറികളില്‍ നിറയെ ചെങ്കല്ലുകള്‍ നിറച്ച നിലയിലായിരുന്നു. കൊടിയത്തൂര്‍ വില്ലേജിലെ കറുത്തപറമ്പ്മല, കക്കാട് വില്ലേജിലെ പൂവത്തിക്കല്‍, എള്ളങ്കല്‍ എന്നിവിടങ്ങളിലാണ് വിജിലന്‍സ് അനധികൃത ചെങ്കല്‍ ക്വാറികള്‍ കണ്ടെത്തിയത്.

 

◼️പ്രശസ്ത ചിത്രകാരന്‍ പി. ശരത്ചന്ദ്രന്‍ കോഴിക്കോട് അന്തരിച്ചു. 79 വയസായിരുന്നു. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ചിത്രങ്ങളും ഡിസൈനും നിര്‍വ്വഹിച്ചിട്ടുണ്ട്.

 

◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഹാജരാകേണ്ട തീയതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാറ്റി നല്‍കി. ജൂണ്‍ 13 ന് ഹാജരാകണമെന്നാണ് നോട്ടീസ്. ജൂണ്‍ ഒന്നിന് രാഹുലിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ വിദേശ യാത്രയിലായതിനാലാണ് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റിയത്.

 

◼️കാഷ്മീരില്‍ ആക്രമണം വര്‍ധിച്ചിരിക്കേ, പിഎം പാക്കേജില്‍ ജോലി ചെയ്യുന്ന കാഷ്മീരി പണ്ഡിറ്റുകള്‍ ജമ്മുവിലെത്തി. 1990 കളിലെ കശ്മീരിനേക്കാള്‍ അപകടം നിറഞ്ഞതാണ് ഇന്നത്തെ കാഷ്മീരെന്ന് ജമ്മുവിലെത്തിയ പണ്ഡിറ്റുകള്‍ പ്രതികരിച്ചു. സുരക്ഷിതമായ ഒരു സ്ഥലം പോലും ശ്രീനഗറില്‍ ഇല്ലെന്ന് അവര്‍ പ്രതികരിച്ചു. നാല്‍പതോളം കുടുംബങ്ങള്‍ പലായനം ചെയ്തെന്നാണു റിപ്പോര്‍ട്ട്.

 

◼️ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉജ്വല വിജയം. ചമ്പാവട് മണ്ഡലത്തില്‍നിന്നാണു വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത്. അഞ്ചു മാസംമുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുഷ്‌കര്‍ സിങ് ധാമിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍പിച്ചിരുന്നു.

 

◼️ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തു താമസിച്ചിരുന്ന 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി.

 

◼️ഹൈദരാബാദില്‍ പതിനേഴുകാരിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത് കോളജ് വിദ്യാര്‍ത്ഥികള്‍. പ്രായപൂര്‍ത്തിയാകാത്തവരാണ് പ്രതികള്‍. പബ്ബില്‍ വച്ചാണ് പെണ്‍കുട്ടി ഇവരെ പരിചയപ്പെട്ടത്. എംഎല്‍എയുടെ മകനും ബലാത്സംഗം ചെയ്ത സംഘത്തിലുണ്ടെന്നാണു റിപ്പോര്‍ട്ട്.

 

◼️യൂ ട്യൂബ് വീഡിയോയില്‍ നോക്കി ബോംബ് നിര്‍മിച്ച് അയല്‍വാസിയുടെ 17 വയസുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 45 കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് രണ്‍വീര്‍ സിംഗ് എന്നയാള്‍ അറസ്റ്റിലായത്.

 

◼️2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരഫലങ്ങളെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണവുമായി മുതിര്‍ന്ന ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഐപിഎല്ലിലെ മത്സരങ്ങളെല്ലാം അന്വേഷിക്കണമെന്നും എന്നാല്‍ ബി.സി.സി.ഐ.യുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍ ജയ് ഷാ ആയതുകൊണ്ടു സര്‍ക്കാര്‍ അന്വേഷണം നടത്തുമോ എന്ന കാര്യം സംശയമാണെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി തുറന്നടിച്ചു

 

◼️വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് കുരുക്കിലായ ഫ്രഞ്ച് ഓപ്പണ്‍ ഡയറക്ടര്‍ അമേലി മൗറേസ്‌മോ മാപ്പുപറഞ്ഞു. ഫ്രഞ്ച് ഓപ്പണില്‍ വനിതകളുടെ മത്സരങ്ങളെക്കാള്‍ മികച്ചത് പുരുഷന്മാരുടെതാണെന്ന് അമേലി ഈയിടെ പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.

 

◼️ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയുടെ കുതിച്ചുചാട്ടമാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38480 രൂപയായി. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4810 രൂപയായി. ഇന്നലെ 10 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 45 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3930 രൂപയായി. ഇന്നലെ 5 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്.

 

◼️ഇന്ത്യയുടെ സേവന മേഖല മെയ് മാസത്തില്‍ കുതിച്ചുകയറി. ശക്തമായ ഡിമാന്‍ഡില്‍ 11 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വികസനത്തിന് സാക്ഷ്യം വഹിച്ചു. എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക ഏപ്രിലിലെ 57.9 ല്‍ നിന്ന് മെയ് മാസത്തില്‍ 58.9 ആയി ഉയര്‍ന്നു. ഇത് 2011 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കൂടാതെ റോയിട്ടേഴ്സ് വോട്ടെടുപ്പ് പ്രതീക്ഷയായ 57.5 നെ മറികടക്കുകയും ചെയ്തു. 2018 ജൂണിനും 2019 മെയ് മാസത്തിനും ഇടയില്‍ 12 മാസത്തെ വളര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിപുലീകരണമാണിത്. ശക്തമായ സേവനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മെയ് മാസത്തില്‍ 57.6 ല്‍ നിന്ന് 58.3 ആയി ഉയര്‍ത്തി, നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

 

◼️ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ു. ‘ജവാന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു ‘റോ’ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം.

 

◼️മലയാളത്തിലെ യുവതാരങ്ങളെ അണിനിരത്തി ഒരു ത്രില്ലര്‍ ചിത്രം ഒരുക്കാനൊരുങ്ങി സംവിധായകന്‍ പ്രിയദര്‍ശന്‍. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് വിവരം. എറണാകുളവും തൊടുപുഴയുമാണ് ലൊക്കേഷനുകള്‍. നിര്‍മ്മാണത്തിലും പ്രിയദര്‍ശന്‍ പങ്കാളിയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഓളവും തീരവും എന്ന ചിത്രവും പ്രിയദര്‍ശന്‍ ഈ വര്‍ഷം സംവിധാനം ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക.

 

◼️59.95 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ കിയ ഇവി6 ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ജിടി ആര്‍ഡബ്ളിയുഡി, എഡബ്ളിയുഡി പതിപ്പുകള്‍ ഉള്‍പ്പെടുന്ന രണ്ട് വേരിയന്റുകളില്‍ പുറത്തിറക്കിയ ടോപ്പ്-സ്പെക്ക് മോഡലിന്റെ വില 64.96 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). വ്യത്യസ്ത ബോഡി ശൈലികളും ക്യാബിന്‍ ലേഔട്ടുകളും അനുവദിക്കുന്ന കിയയുടെ ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം (ഇ-ജിഎംപി) അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഓള്‍-ഇലക്ട്രിക് മോഡല്‍ ആണിത്.

 

◼️നീതിയ്ക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുടെ ചരിത്രം പലതുണ്ട്. ആ കൂട്ടത്തില്‍ ഏറെ വ്യത്യസ്തമാണ് സിസ്റ്റര്‍ അഭയ കൊലക്കേസ്സില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടം. വ്യക്തിപരമായ താല്പര്യങ്ങളില്ലാതെ ഒരു കന്യാസ്ത്രീയ്ക്ക് മരണാന്തര നീതി ലഭിക്കുവാന്‍ വേണ്ടി ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ ഹോമിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രതികൂല സാഹചര്യങ്ങളെ സഹനം കൊണ്ടും ധീരതകൊണ്ടും നേരിട്ട് നിയമയുദ്ധം നടത്തി വിജയിച്ചതിന്റെ ചരിത്രം ആവേശകരമാണ്. ‘ദൈവത്തിന്റെ സ്വന്തം വക്കീല്‍’. കറന്റ് ബുക്സ് തൃശൂര്‍. വില 499 രൂപ.

 

◼️ഇന്ന് ജൂണ്‍ മൂന്ന്. ലോക സൈക്കിള്‍ ദിനം. ഒരു ഗതാഗത മാര്‍ഗ്ഗമായും വ്യായാമത്തിന്റെ ഒരു രൂപമായും സൈക്കിളുകളുടെ പ്രത്യേകതയും നേട്ടങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ദിനം ലക്ഷ്യമിടുന്നത്. സൈക്ലിംഗ് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും പേശികളെ വളര്‍ത്തുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമായാണ് സൈക്ലിംഗ് കാണുന്നത്. 400 മുതല്‍ 1000 വരെ കലോറി എരിച്ചുകളയാന്‍ സൈക്കിള്‍ ചവിട്ടുന്നത് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കും. സൈക്ലിംഗ്r ചെയ്യുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. സൈക്ലിംഗ് സമയത്ത്, ശ്വാസകോശത്തിന് പുതിയ ഓക്സിജന്‍ ക്രമമായി ലഭിക്കുന്നു, ശ്വസന നിരക്ക് വര്‍ദ്ധിക്കുന്നത് ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളെ വികസിപ്പിക്കാന്‍ അനുവദിക്കുന്നു. സമ്മര്‍ദ്ദം, വിഷാദം, അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവയുടെ വികാരങ്ങള്‍ ലഘൂകരിക്കുന്നതിന് സൈക്ലിംഗ് സഹായകമാകും. സൈക്ലിംഗ് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം. സൈക്ലിംഗ് വൈകുന്നേരങ്ങളില്‍ ചെയ്യുന്നതാണ് നല്ലത് – 30 മുതല്‍ 60 മിനിറ്റ് വരെ സൈക്കിള്‍ ചവിട്ടുന്നത് ആഴത്തിലുള്ള ഉറക്കം ലഭിക്കാന്‍ സഹായിക്കും.

 

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 77.63, പൗണ്ട് – 97.65, യൂറോ – 83.53, സ്വിസ് ഫ്രാങ്ക് – 81.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.35, ബഹറിന്‍ ദിനാര്‍ – 205.92, കുവൈത്ത് ദിനാര്‍ -253.70, ഒമാനി റിയാല്‍ – 201.63, സൗദി റിയാല്‍ – 20.70, യു.എ.ഇ ദിര്‍ഹം – 21.13, ഖത്തര്‍ റിയാല്‍ – 21.32, കനേഡിയന്‍ ഡോളര്‍ – 61.79.

 

Related Articles

Back to top button
error: Content is protected !!