Kerala

സായാഹ്ന വാർത്തകൾ

2022 | ജൂൺ 7 | ചൊവ്വ | 1197 | ഇടവം 24 | പൂരം

◼️സംരക്ഷിത വനാതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവിനെതിരേ കൂടുതല്‍ സംസ്ഥാനങ്ങള്‍. സംസ്ഥാന സര്‍ക്കാരുകളും എംപിമാരും വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീംകോടതിയെ അറിയിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. സുുപ്രീം കോടതി ഉത്തരവിനോട് വിയാജിപ്പുമായി ആദ്യം രംഗത്തുവന്നത് കേരളമാണ്.

◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കു കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഡിപിആര്‍ സമര്‍പ്പിച്ച് രണ്ടു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് എഴുതിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞ് തുടര്‍നടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം.

◼️ബിജെപി നേതാക്കളുടെ മതവിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരേ ഐക്യരാഷ്ട്രസഭ. എല്ലാ മതങ്ങളോടും മതവിശ്വാസികളോടും ആദരവും സഹിഷ്ണുതയും പുലര്‍ത്തണമെന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ടുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക്. ചില വ്യക്തികളുടെ പരാമര്‍ശം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചിരുന്നു.

KSFE GOLD LOAN
മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് KSFE നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com

◼️സംസ്ഥാനത്ത് ഇന്നും സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പരിശോധനക്കു നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഒറ്റയ്ക്കാണ് പരിശോധന നടത്തുന്നത്. മിക്ക സ്‌കൂളുകളിലും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ ഇല്ല. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായ സ്‌കൂളുകളിലെ പരിശോധനാ ഫലം കിട്ടാന്‍ മൂന്നു ദിവസംകൂടി വേണ്ടിവരും.

◼️കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുമ്പോള്‍ ജീവനക്കാര്‍ എതിര്‍ക്കുകയാണെന്ന് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍. ജീവനക്കാര്‍ കാര്യക്ഷമമായി ജോലി ചെയ്യാത്തതിനാല്‍ ഉത്പാദന ക്ഷമത കുറവാണ്. ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്നതിനേക്കാള്‍ ജനങ്ങള്‍ക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനാണു മുന്‍ഗണന. എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പേ ശമ്പളം നല്‍കണമെന്ന ഹര്‍ജിക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസി ഇക്കാര്യം വ്യക്തമാക്കിയത്. 600 ബസുകള്‍ കട്ടപ്പുറത്താണ്. ഇവ നിരത്തിലിറക്കാന്‍ ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുമെന്നും കോടതിയെ അറിയിച്ചു.

◼️കെഎസ്ആര്‍ടിസിയില്‍ അനിനിശ്ചിതകാല സമരവുമായി കൂടുതല്‍ സംഘടനകള്‍. ശമ്പള വിതരണം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസും അനിശ്ചിതകാല സമരം തുടങ്ങി. സെക്രട്ടേറിയറ്റ് പടിക്കലാണ് ബിഎംഎസ് യൂണിയന്‍ സമരം. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കുക, കെ സ്വിഫ്റ്റിനെ കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

◼️മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയത്.

◼️കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎം നേതാക്കളുടെ പേരില്‍ തട്ടിപ്പ്. മലമ്പുഴയിലെ എ. പ്രഭാകരന്‍ എംഎല്‍എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ എന്നിവരുടെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ്. കോഴയായി ഏഴു ലക്ഷം രൂപ നല്‍കിയാല്‍ കേരള ബാങ്കില്‍ ക്ലര്‍ക്ക് ജോലി വാങ്ങിത്തരാമെന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. പാലക്കാട് ധോണി സ്വദേശി വിജയകുമാര്‍, കണ്ണൂര്‍ ചാല സ്വദേശി സിദ്ദീഖ് എന്നിവര്‍ക്കെതിരേയാണ് എംഎല്‍എയുടെ പരാതി.

◼️സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചെന്നു മന്ത്രി എം വി ഗോവിന്ദന്‍. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സബ്‌സിഡി മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതിനുള്ള വ്യവസ്ഥയുണ്ട്. സ്‌പെഷ്യല്‍ ടീച്ചര്‍ക്ക് 32,560 രൂപ വരെ നല്‍കാനാണ് അനുമതി നല്‍കിയത്. പ്രത്യേക പരിശീലനം ലഭിക്കാത്ത അസിസ്റ്റന്റ് ടീച്ചര്‍മാരുടെ ഹോണറേറിയം 24,520 രൂപയായും വര്‍ധിപ്പിക്കാം. ആയമാരുടെ ഹോണറേറിയം 18,390 രൂപയായിരിക്കും.

◼️പോലീസ് പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കും. നിലവില്‍ കേരള പൊലീസ് സേനാംഗങ്ങള്‍ക്കു മാത്രമേ ആയുധ പരിശീലനം നല്‍കുന്നുള്ളൂ. എന്നാല്‍ സ്വയരക്ഷക്കായി ലൈസന്‍സെടുത്ത് തോക്കു വാങ്ങിയവര്‍ക്ക് അത് എങ്ങിനെ ഉപയോഗിക്കണമെന്നു പരിശലീനം നല്‍കാനാണു പരിപാടി. ഹൈക്കോടതിയ സമീപിച്ച് ചിലര്‍ ഇക്കാര്യത്തില്‍ പരിഹാരം തേടിയിരുന്നു.

◼️കൊച്ചിയിലെ മാലിന്യ നിര്‍മാര്‍ജനത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. രാവിലെ മറൈന്‍ ഡ്രൈവില്‍ ശുചീകരണത്തിന് എത്തിയപ്പോഴായിരുന്നു കൊച്ചി മാലിന്യക്കുപ്പയാണെന്നു കേന്ദ്രമന്ത്രി തിരിച്ചറിഞ്ഞത്. ദേശീയ ശുചിത്വ സൂചികയില്‍ ഏഴു വര്‍ഷം മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്നു കൊച്ചി ഇപ്പോള്‍ 324 ാം സ്ഥാനത്താണെന്നു മന്ത്രി ഓര്‍മിപ്പിച്ചു.

◼️നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും സ്നാക്സിനും അമിത വില ഈടാക്കുന്നതിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്താണു ഹര്‍ജി നല്‍കിയത്. അഡ്വ. ഷാജി 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പരാതി അയച്ചതിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ നിരക്കില്‍ ചായയും മറ്റും ലഭ്യമാക്കണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് സ്നാക്സും നല്‍കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് നെടുമ്പാശേരി വിമാനത്താവളം അധികൃതര്‍ കത്തു നല്‍കി. ഏതാനും മാസം ഈ നിരക്കില്‍ നല്‍കുകയും ചെയ്തു. ഇപ്പോള്‍ ചായയ്ക്കും മറ്റും വില വര്‍ധിപ്പിച്ചിരിക്കേയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

◼️നടിയെ ബലാത്സംഗംചെയ്ത കേസില്‍ നിര്‍മാതാവ് വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ക്വാറന്റൈനിലായതിനാല്‍ കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റണമെന്ന് അന്വേഷണസംഘം അഭ്യര്‍ത്ഥിച്ചതനുസരിച്ചാണു നടപടി.

◼️സുപ്രീംകോടതിയുടെ ബഫര്‍ സോണ്‍ ഉത്തരവിനെതിരേ 14 നു ബത്തേരി നഗരസഭയില്‍ ഹര്‍ത്താല്‍. മുസ്ലിം ലീഗാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രതിഷേധ പരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ ബത്തേരി നഗരസഭ ഇന്നു വൈകുന്നേരം സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാരികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

◼️ഉപതരഞ്ഞെടുപ്പിലെ പരാജയത്തോടു പ്രതികരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. .മുഖ്യമന്ത്രിയുടെ പ്രതികരണം കിട്ടാനുള്ള ഭാഗ്യം മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഉപതെരഞ്ഞെടുപ്പില്‍ എല്ലാ മന്ത്രിമാരും ജനങ്ങളെ പേടിപ്പിക്കാന്‍ വന്നു. ഉദ്യോഗസ്ഥര്‍ പോലും തൃക്കാക്കരയില്‍ ആയിരുന്നു. തൃക്കാക്കരയിലെ യുഡിഎഫ് വിജയം ടീം വര്‍ക്കിന്റെ ഫലമാണ്. ഒരാള്‍ക്ക് ഒറ്റക്ക് ഒന്നും നേടാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

◼️പ്രമുഖ എഴുത്തുകാരനെതിരെ ലൈംഗികാധിക്ഷേപം ഉന്നയിച്ച് യുവ പ്രസാധക. തന്നോടൊപ്പമുള്ളവരുടെ ആക്ഷേപമാണെന്നു ചൂണ്ടിക്കാണിച്ചാണ് യുവ പ്രസാധക എം.എ ഷഹനാസ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. അവതാരിക എഴുതാന്‍ ആവശ്യപ്പെട്ട എഴുത്തുകാരിയെ ഒറ്റക്കു വീട്ടിലേക്കു വിളിച്ചെന്നാണ് ആക്ഷേപം. എഴുത്തുകാരി പേടിച്ച് തന്നോട് കൂടെ ചെല്ലാന്‍ പറഞ്ഞു. ഒറ്റയ്ക്കു പോവാത്തതിന്റെ പ്രശ്നമാണ് അയാള്‍ക്കെന്ന് പിന്നീട് അവതാരിക എഴുതിയ ആള്‍ പറഞ്ഞു. പലരേയും ഒറ്റയ്ക്കു വീട്ടില്‍ വിളിച്ചുവരുത്തിയെന്നും തടസമുണ്ടാക്കിയ തന്നോടു പ്രതികാരത്തിനു വന്നെന്നുമുള്ള വിശേഷങ്ങളാണ് ഷഹനാസ് വിവരിക്കുന്നത്.

◼️കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നാലു പേരെക്കൂടി സുരക്ഷാ ജോലിക്കായി നിയോഗിച്ചു. പാചകത്തിനും കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ധനവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കള്‍ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാന്‍ മൂന്നു ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

◼️കാലവര്‍ഷം മെച്ചപ്പെടുന്നു. മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

◼️സ്വന്തം വീട്ടില്‍ പ്രഫഷണല്‍ കവര്‍ച്ചക്കാരേപ്പോലെ മോഷണം നടത്തിയ യുവാവ് പിടിയിലായി. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷാണു കുടുങ്ങിയത്. ഇരുപതിനായിരം രൂപയാണ് കവര്‍ന്നത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പിന്‍വശത്തെ ഗ്രില്ല് തകര്‍ത്ത് അകത്തു കയറി. ഫിങ്കര്‍ പ്രിന്റ് പതിയാതിരിക്കാന്‍ കൈയ്യുറ ധരിച്ചും തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ഷൂസിന്റെ അടയാളം നിലത്തു പതിപ്പിച്ചുമായിരുന്നു മോഷണം. പലയിടത്തായി മുളക് പൊടിയും വിതറി.

◼️രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സര്‍ക്കാരിന്റ അംഗീകാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തിരഞ്ഞെടുതത്. കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍, ക്രമസമാധാനപാലനം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ മുന്നിലാണ്.

◼️കണ്ണൂര്‍ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. ക്ഷേത്രം ഓഫീസില്‍ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാള്‍ കൊണ്ട് വെട്ടിയത്. തടയാന്‍ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, ജീവനക്കാരി മിനി എന്നിവരെയും ആക്രമിച്ചു. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

◼️ചെങ്കോട്ടുകോണത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ശ്രീകാര്യം പൊലീസാണ് കൊലക്കേസില്‍ പ്രതിയായ ദീപുവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് പോത്തന്‍കോട്ട് നിന്ന് വികാസ് ഭവനിലേക്ക് വന്ന ബസിലെ കണ്ടക്ടര്‍ സുനില്‍കുമാറിന് നേരെ ആക്രമണം ഉണ്ടായത്. ഇടിക്കട്ട കൊണ്ടുള്ള ആക്രമണത്തില്‍ സുനില്‍കുമാറിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. മുഖത്ത് രണ്ടിടത്തായി തുന്നിക്കെട്ടേണ്ടി വന്നു.

◼️കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മന്ത്രിക്കു വിളമ്പിയ ഉച്ചഭക്ഷണത്തില്‍ തലമുടി. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായാണു മന്ത്രി ജി.ആര്‍. അനില്‍ സ്‌കൂളിലെത്തിയത്. പാചകപ്പുര സന്ദര്‍ശിച്ച ശേഷം അദ്ദേഹം കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് പാത്രത്തില്‍നിന്ന് തലമുടി കിട്ടിയത്.

◼️പരീക്ഷ ഭവന്‍ കഴിഞ്ഞ മാസം നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററായ എം.ജി.എം. എച്ച്.എസ്.എസില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പരിശോധന ജൂണ്‍ 9, 10, 13, 14 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.

◼️ക്ലര്‍ക്കുമാരേയും ഓഫീസര്‍മാരേയും തെരഞ്ഞെടുക്കാന്‍ ഐബിപിഎസ് ആര്‍ആര്‍ബി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഫീസ് അസിസ്റ്റന്റ്, ഓഫീസര്‍ സ്‌കെയില്‍ 1, 2, 3 എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം. ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.

◼️പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. കഴിഞ്ഞ മാസം 27 നാണ് മുംബൈ പൊലീസ് കേസെടുത്തത്.

◼️നബി വിരുദ്ധ പരാമര്‍ശത്തില്‍ സസ്പെന്‍ഷനിലായ ബിജെപി വക്താവ് നുപുര്‍ ശര്‍മയ്ക്കു ഡല്‍ഹി പൊലീസിന്റെ സുരക്ഷ. വധ ഭീഷണിയുണ്ടെന്ന നുപൂര്‍ ശര്‍മയുടെ പരാതിയിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. പരാതിയില്‍ ഡല്‍ഹി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

◼️ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി വക്താക്കള്‍ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ബിജെപി കാരണം രാജ്യമൊന്നാകെ നാണംകെട്ടെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

◼️ബിജെപി വക്താക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശം മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ കൊച്ചിയില്‍ പറഞ്ഞു. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

◼️പ്രവാചകനെതിരേ ഇന്ത്യയിലെ ഭരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിയ പരാമര്‍ശം മതഭ്രാന്താണെന്നു താലിബാന്‍. ഇസ്ലാമിനെ അധിക്ഷേപിക്കുന്ന മതഭ്രാന്ത് ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്ന് താലിബാന്‍ ആവശ്യപ്പെട്ടു.

◼️ഭര്‍ത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് യുവതി ഗോവയില്‍ ബലാത്സംഗത്തിനിരയായി. നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിനു സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കിലാണ് ബലാത്സംഗത്തിനിരയായത്. പ്രതിയായ 32 കാരനായ ജോയല്‍ വിന്‍സെന്റ് ഡിസൂസയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു.

◼️രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായതോടെ മഹാരാഷ്ട്രയില്‍ കൂടുതല്‍ ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു. ശിവസേനയ്ക്കു പിന്നാലെ എന്‍സിപിയും കോണ്‍ഗ്രസും എംഎല്‍എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയേക്കും. ശിവസേന എംഎല്‍എമാര്‍ നിലവില്‍ മുംബൈ മലാഡിലെ ഒരു റിസോര്‍ട്ടിലാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്‍സിപി, കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ട്.

◼️ജമ്മു കാഷ്മീരിലെ കുപ്വാരയില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കര്‍ ഭീകരന്‍ തുഫൈല്‍ ഉള്‍പ്പെടെ രണ്ടുപേരാണു കൊല്ലപ്പെട്ടത്. നേരത്തെ സോപോരയില്‍ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു. ഇതേസമയം, അതിര്‍ത്തിയില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. അതിര്‍ത്തിയില്‍ കനാചക് മേഖലയിലാണു സംഭവം. ടിഫിന്‍ ബോക്സുകളില്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച നിലയിലായിരുന്നു ഡ്രോണ്‍. സ്ഫോടകവസ്തുക്കള്‍ പിന്നിട് നിര്‍വീര്യമാക്കി.

◼️ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം ഇന്ത്യയുടെ നിലപാടായി കാണരുതെന്ന് ഇറാഖിലെ ഇന്ത്യന്‍ എംബസി. മഹത്തായ പൈതൃകമുള്ള ഇന്ത്യ എല്ലാ മതങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതായും എംബസി വ്യക്തമാക്കി. പ്രവാചക നിന്ദയെ അപലപിച്ച് ഇറാഖ് പാര്‍ലമെന്റ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ വിശദീകരണം.

◼️ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ആശ്വാസം. സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. 211 പാര്‍ട്ടി എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചപ്പോള്‍ 148 പേര്‍ എതിര്‍ത്തു. കൊവിഡ് ലോക്ഡൗണ്‍ സമയത്ത് ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയില്‍ മദ്യ സല്‍ക്കാരം നടത്തിയതോടെയാണ് ബോറിസ് ജോണ്‍സണെതിരായ നീക്കങ്ങള്‍ക്കു തുടക്കമിട്ടത്.

◼️ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരമായി പിഎസ്ജി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ . ഫുട്‌ബോള്‍ ഗവേഷണ സ്ഥാപനമായ ഇന്റണ്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസിന്റെ പട്ടികയിലാണ് എംബാപ്പെ മുന്നിലെത്തിയത്. 205.6 ദശലക്ഷം യൂറോ മൂല്യമാണ് താരത്തിനുള്ളത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ വിജയഗോള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ് രണ്ടാമത്. 185.7 യൂറോയാണ് വിനീഷ്യസിന്റെ മൂല്യം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ സ്‌ട്രൈക്കര്‍ ഏര്‍ലിംഗ് ഹാലന്‍ഡ് മൂന്നാം സ്ഥാനത്തെത്തി.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38080 രൂപയായി. ഇന്നലെ 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 10 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4760 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 20 രൂപയാണ് കുറഞ്ഞത്. ഇന്നലെ 5 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3930 രൂപയാണ്.

◼️കാനറ ബാങ്കും കരൂര്‍ വൈശ്യ ബാങ്കും തങ്ങളുടെ വായ്പാ നിരക്കുകള്‍ പുതുക്കിയതായി അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കനറാ ബാങ്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ അടിസ്ഥാന വായ്പാ നിരക്ക് (എംസിഎല്‍ആര്‍) 7.40 ശതമാനമാക്കി. ബാങ്ക് 6 മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 7.30 ശതമാനത്തില്‍ നിന്ന് 7.35 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കുകള്‍ ജൂണ്‍ 7 മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം, സ്വകാര്യ മേഖലാ ബാങ്കായ കരൂര്‍ വൈശ്യ ബാങ്ക് ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് നിരക്ക് (ബിപിഎല്‍ആര്‍) 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 13.75 ശതമാനമായും, അടിസ്ഥാന നിരക്ക് 8.75 ശതമാനമായും പരിഷ്‌കരിച്ചതായി അറിയിച്ചു.

◼️ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. ടൊവീനോയ്ക്കൊപ്പം റോഷന്‍ മാത്യൂസും ഷൈന്‍ ടോം ചാക്കോയും റിമ കല്ലിങ്കലും ചിത്രത്തില്‍ ഉണ്ടാവും.

◼️നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ജി എസ് വിക്നേശ് സംവിധാനം ചെയ്തിരിക്കുന്ന ഒ 2 എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ശ്വസനസംബന്ധമായ രോഗാവസ്ഥയുള്ള മകന്റെ അമ്മയാണ് നയന്‍താരയുടെ കഥാപാത്രം. ഒരു യാത്രയ്ക്കിടെ അവരടക്കം സഞ്ചരിക്കുന്ന ബസ് അപകടത്തില്‍ പെട്ട് അസ്വാഭാവിക സാഹചര്യത്തില്‍ അകപ്പെടുന്നതും യാത്രികര്‍ ശ്വാസവായുവിന് പ്രതിസന്ധി നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്ലോട്ടെന്ന് ട്രെയ്ലര്‍ സൂചന നല്‍കുന്നു. നയന്‍താരയ്ക്കൊപ്പം റിത്വിക്കും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആയ ചിത്രത്തിന്റെ റിലീസ് തീയതി ജൂണ്‍ 17 ആണ്.

◼️ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഫുള്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ ജര്‍മ്മന്‍ ഇരുചക്രവാഹന നിര്‍മ്മാതാവിന്റെ പുതിയ സ്പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310 അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ ബിഎംഡബ്ല്യു ജി 310 ആര്‍ആര്‍ 2022 ജൂലൈ 15ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 313 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനായിരിക്കും ബിഎംഡബ്ല്യു ജി 310 ആര്‍ആറിന്റെ ഹൃദയം. ഈ മോട്ടോര്‍ 9,500 ആര്‍പിഎമ്മില്‍ 33.5 ബിഎച്ച്പിയും 7,500 ആര്‍പിഎമ്മില്‍ 28 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കും. ഏകദേശം 3 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.

◼️ഗ്രാമമെന്നോ നഗരമെന്നോ സ്ഥലഭേദമില്ലാതെ, നിസ്വനെന്നോ പ്രഭുവെന്നോ വര്‍ഗഭേദമില്ലാതെ, ശുഭപര്യവസായിയെന്നോ ദുരന്തപര്യവസായിയെന്നോ ഗുണഭേദമില്ലാതെ, ദേശദേശാന്തരങ്ങളില്‍ നിന്നും ഗ്രിം സഹോദരന്മാര്‍ ഒന്നിച്ചു ചേര്‍ത്ത നാടോടിക്കഥകള്‍ വിശ്വപ്രസിദ്ധമാണ്. ലോകഭാഷകളിലാകെയും ദേശാടനംനടത്തിയ ഗ്രിമ്മിന്റെ കഥകളില്‍നിന്നും നര്‍മരസപ്രധാനമായ 15 കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ‘ഗ്രിമ്മിന്റെ ഹാസ്യകഥകള്‍’. സലാം എലിക്കോട്ടില്‍. എച്ച് & സി ബുക്സ്. വില 60 രൂപ.

◼️ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും മാത്രമല്ല ശരീരത്തില്‍ പലയിടങ്ങളിലായി വേദനയുണ്ടാക്കാനും ഉയര്‍ന്ന കൊളസ്ട്രോളിന് സാധിക്കും. കൊളസ്ട്രോള്‍ രക്തധമനികളില്‍ ഉണ്ടാക്കുന്ന പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്(പിഎഡി) ആണ് വേദനയ്ക്ക് കാരണമാകുന്നത്. രക്തധമനികളുടെ ഭിത്തികളില്‍ കൊളസ്ട്രോള്‍ അടിയുന്നതിനെ തുടര്‍ന്ന് ധമനികള്‍ ചുരുങ്ങുന്ന അവസ്ഥയാണ് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്. ഇത് കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇടുപ്പിലും തുടകളിലും കാലിന്റെ പിന്‍ഭാഗത്തുള്ള പേശികളിലും വേദനയുണ്ടാക്കാന്‍ പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിന് സാധിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. നടക്കുമ്പോഴോ, പടി കയറുമ്പോഴോ, വ്യായാമം ചെയ്യുമ്പോഴോ ഒക്കെ ഈ വേദന പ്രത്യക്ഷപ്പെടാം. ആ പ്രവൃത്തി നിര്‍ത്തുന്നതോടെ വേദനയും അപ്രത്യക്ഷമാകുന്നു. ഇടുപ്പിലെയും തുടയിലെയും കാലിന് പിന്‍ഭാഗത്തെയും വേദനയ്ക്ക് പുറമേ കാലിന് ദുര്‍ബലത, തരിപ്പ്, കാലിലെ ഉണങ്ങാത്ത മുറിവ്, കാലിന്റെ നിറത്തിലുണ്ടാകുന്ന വ്യത്യാസം, മുടികൊഴിച്ചില്‍, മുടിയുടെയും നഖത്തിന്റെയും വളര്‍ച്ചക്കുറവ്, പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്നം, കാലില്‍ കോച്ചിപ്പിടുത്തം എന്നിവയും പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് മൂലമുണ്ടാകാം. റെഡ് മീറ്റിലും പാലുത്പന്നങ്ങളിലും കാണപ്പെടുന്ന സാച്ചുറേറ്റഡ് കൊഴുപ്പിന്റെ അളവ് കുറച്ചും, ട്രാന്‍സ്ഫാറ്റ് ഒഴിവാക്കിയും, ഒമേഗ-3 ഫാറ്റി ആസിഡിന്റെയും നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്റെയും അളവ് വര്‍ധിപ്പിച്ചും, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കിയും, ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെട്ടും ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറച്ച് കൊണ്ട് വരാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!