Kerala

സായാഹ്ന വാർത്തകൾ

2022 | ജൂൺ 8 | ബുധൻ | 1197 | ഇടവം 25 | ഉത്രം

◼️വീണ്ടും പലിശ കൂട്ടി. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു വായ്പ നല്‍കുന്നതിനുള്ള റിപോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിലായി വാണിജ്യ ബാങ്കുകള്‍ പലിശ നിരക്ക് നേരിയ തോതില്‍ വര്‍ധിപ്പിക്കും.

◼️സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റില്‍നിന്ന് തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്. യൂണിഫോമോ ഐഡി കാര്‍ഡോ ഇല്ലാത്ത പോലീസുകാരാണ് സരിത്തിനെ പിടിച്ചുവലിച്ചുകൊണ്ടു പോയത്. ഒരു വെള്ളസ്വിഫ്റ്റ് കാറിലാണു തട്ടിക്കൊണ്ടുപോയത്. നാലു പേരടങ്ങിയ സംഘമാണ് പാലക്കാട്ടെ സ്വപ്നയുടെ ഫ്ളാറ്റിലെത്തി സരിത്തിനെ കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിറകേയാണ് സംഭവം.

◼️സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലന്‍സ് പോലീസ്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടു നോട്ടീസ് നല്‍കിയാണു കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്റെ അവകാശവാദം.

◼️ലൈഫ് മിഷന്‍ കേസില്‍ നാടകീയമായി സരിത്തിനെ തട്ടിക്കൊണ്ടു പോകുന്ന രീതിയില്‍ കസ്റ്റഡിയിലെടുത്ത വിജിലന്‍സ് മുഖ്യപ്രതിയായ ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോയെന്നു കേസിലെ പ്രതി സ്വപ്ന സുരേഷ്.

◼️മുഖ്യമന്ത്രിയേയും തന്നേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ സ്വപ്നയ്ക്കെതിരേ കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കി. സ്വപ്ന സുരേഷിനെതിരേ പുതിയ കേസുകള്‍ക്കു കൂടിയാലോചന. ഡിജിപി അനില്‍കാന്തും എഡിജിപി വിജയ് സാഖറേയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചര്‍ച്ച ചെയ്തു.

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കും. കള്ളപ്പണ കേസില്‍ ഇഡി കുറ്റപത്രം നല്‍കിയെങ്കിലും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ഉണ്ടാകും.

◼️പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന തുടങ്ങി. സംസ്ഥാനങ്ങളുടെ ആശങ്കയില്‍ അനുഭാവപൂര്‍വ്വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അന്തിമ ഉത്തരവില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്നതടക്കം ചര്‍ച്ച ചെയ്യുമെന്നു വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

◼️വനാതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

◼️നിയമസഭാ സമ്മേളനം ഈ മാസം 27 നു തുടങ്ങും. ബജറ്റ് ചര്‍ച്ചയാണ് പ്രധാന അജണ്ട. അടുത്തമാസം 27 വരെ സഭാ സമ്മേളനം നീളും.

◼️ആരാധനാലയങ്ങള്‍ക്ക് ഇനി എസ്ഐഎസ്എഫ് സുരക്ഷാ സേവനം നല്‍കും. സുരക്ഷയ്ക്കായുള്ള പൊലീസിന്റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് മുഖേന സുരക്ഷ നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമായത്. വ്യാവസായിക സ്ഥാപനങ്ങള്‍ക്കു സുരക്ഷ നല്‍കുന്നതിന് ഈടാക്കുന്ന നിരക്കില്‍ പണം ഈടാക്കിയാണ് സേവനം നല്‍കുക.

◼️ഒരുപാടു നുണകള്‍ ഇടതു സര്‍ക്കാരിനെതിരെ പ്രചരിപ്പിച്ചെങ്കിലും വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോടു പരോക്ഷമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ കഥകളെല്ലാം കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് കോടിയേരി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. ഇതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

◼️മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേരത്തെ നല്‍കിയ മൊഴി ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ഒത്തുതീര്‍ത്തിരുന്നു. സരിത കേസില്‍ ഒരു നീതിയും സ്വപ്ന കേസില്‍ വേറെ നീതിയുമാണെന്നും സതീശന്‍ ആരോപിച്ചു.

◼️സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു. സത്യം പുറത്തു വരാതിരിക്കാന്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിക്കുന്നു. എല്ലാം മുഖ്യമന്ത്രിയാണു നിയന്ത്രിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◼️വനാതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അഞ്ച് ലക്ഷത്തോളം വരുന്ന കുടിയേറ്റ ജനതയെ തകര്‍ത്തെറിയുമെന്നു തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കോടതിയില്‍ കര്‍ഷകര്‍ക്കായി വാദിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും കസ്തൂരിരംഗന്‍ വിഷയത്തിലും ഇത് കണ്ടതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

◼️തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചവയില്‍നിന്ന് 139 പവന്‍ മോഷണം പോയതായി കണ്ടെത്തി. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 72 പവന്‍ മോഷണം പോയതായി സബ് കളക്ടര്‍ എം എസ് മാധവിക്കുട്ടി കണ്ടെത്തിയിരുന്നു. ഇതിനപുറമേയാണ് 67 പവന്‍ കൂടി മോഷ്ടിച്ചതായി കണ്ടെത്തിയത്. ഈ 67 പവനില്‍ 30 പവന്‍ മുക്കുപണ്ടമാണ്.

◼️മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണം ചീറ്റിപ്പോയ പടക്കമാണെന്നു ഡിവൈഎഫ്ഐ. ചീറ്റിപ്പോയ പടക്കത്തിനു ബിജെപിയും കോണ്‍ഗ്രസും തീപ്പെട്ടി ഉരയ്ക്കുകയാണെന്നാണ് ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചത്. അവരുടെ തിരക്കഥയാണു സ്വപ്ന സുരേഷ് വിളമ്പിയതെന്നും സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

◼️കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ മുതിര്‍ന്ന സിപിഐ നേതാക്കളുടെ നേതൃത്വത്തില്‍ സേവ് കെഎസ്ആര്‍ടിസി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പൊതുമേഖലാ സംരക്ഷണത്തിനായി ഭരണകക്ഷി നേതാക്കളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുന്നത് ആദ്യമായാണ്.

◼️തൃശൂര്‍ കിഴുപ്പള്ളിക്കരയില്‍ അമ്മൂമ്മയെയും പേരക്കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബിക (55), ആദിഷ് (ഏഴ്) എന്നിവരാണ് മരിച്ചത്. ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ആദിഷിന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുകയാണ്. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിഷ്.

◼️പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ആലപ്പുഴ എസ്പിക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നോട്ടീസ്. ഈ മാസം 13 ന് കമ്മീഷനു മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകണമെന്നാണ് നോട്ടീസ്. മുപ്പതു പേരെ അറസ്റ്റ് ചെയ്തെന്ന് നേരത്തെ മറുപടി നല്‍കിയിരുന്നു.

◼️തൃശൂര്‍ ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം പൊതുശ്മശാനത്തിനു സമീപം താമസിക്കുന്ന ആരി വീട്ടില്‍ ഹരികൃഷ്ണന്‍ ഭാര്യ നിജിഷ (20) യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് യുവതിയെ കാണാതായത്.

◼️കോളജ് പരിസരത്ത് കഞ്ചാവുമായി എത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുട്ടില്‍ ഇടത്തോള കൊറ്റശ്ശേരി വീട്ടില്‍ ഇ.കെ സക്കീര്‍ (39) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മുട്ടില്‍ കോളേജ് പരിസരത്ത് നടത്തിയ വാഹന പരിശോധനയിലാണ് സക്കീര്‍ പിടിയിലായത്.

◼️ബലാല്‍സംഗത്തിനു ശ്രമിച്ചയാളില്‍നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. ചിത്രകാരിയായ ആലിസ് മഹാമുദ്രയാണ് അതിക്രമത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കോഴിക്കോട് കുന്നമംഗലത്ത് ബസിറങ്ങി വീട്ടിലേക്കു നടന്നു പോകവേ തെരുവു വിളക്കുകളില്ലാത്ത സ്ഥലത്താണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.

◼️സംസ്ഥാന, ഗ്രാമീണ ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലധികം ഉയര്‍ത്തി. കൂടാതെ റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ഭവന വായ്പ നല്‍കാനുള്ള അനുമതിയും നല്‍കി. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനുള്ള അനുമതിയും റിസര്‍വ് ബാങ്ക് നല്‍കിയിട്ടുണ്ട്.

◼️പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിനായി കരടു നിര്‍ദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചു. ചുമ, ജലദോഷം, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോള്‍, നാസല്‍ ഡീകോംഗെസ്റ്റന്റുകള്‍, ആന്റി ഫംഗല്‍സ് തുടങ്ങിയ മരുന്നുകള്‍ കൗണ്ടറില്‍ ചോദിച്ചാല്‍ കിട്ടാവുന്ന പട്ടികയില്‍ പെടുത്താനാണു നീക്കം.

◼️180 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഇന്ത്യക്ക് ഏറ്റവും ഒടുവിലത്തെ 180 ാം സ്ഥാനം. 2012 ല്‍ 179ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2020 ല്‍ 168 ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2021 ല്‍ 177ാം സ്ഥാനത്തായി. ഡെന്‍മാര്‍ക്കാണ് ഏറ്റവും സുസ്ഥിര രാജ്യമായി പട്ടികയില്‍ ഒന്നാമത്.

◼️പബ്ജി കളിക്കാന്‍ അനുവദിക്കാത്ത അമ്മയെ മകന്‍ വെടിവച്ച് കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് മകന്‍ അമ്മയ്ക്കുനേരെ വെടിയുതിര്‍ത്തത്. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കുട്ടിയെ കസ്റ്റഡിയിലെടുത്തു.

◼️ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമര്‍ശത്തില്‍ അറബ് രാജ്യങ്ങള്‍ക്കുണ്ടായ അതൃപ്തി പരിഹരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യാഗസ്ഥര്‍ക്ക് വിദേശകാര്യ സെക്രട്ടറി സന്ദേശം അയച്ചു. കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കണമെന്നാണു സന്ദേശം. അല്‍ഖൈ്വദയുടെ ഭീകരാക്രമണ ഭീഷണിക്ക് പിന്നാലെയാണ് നീക്കം.

◼️ക്യാന്‍സര്‍ പൂര്‍ണമായും ഭേദമാക്കുന്ന മരുന്നു കണ്ടെത്തിയെന്നു റിപ്പോര്‍ട്ടുകള്‍. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളില്‍ മരുന്നിന്റെ പരീക്ഷണം വിജയിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്നാണ് കാന്‍സര്‍ കോശങ്ങളെ പൂര്‍ണമായി ഇല്ലാതാക്കിയതെന്ന് ക്യാന്‍സര്‍ രോഗവിദഗ്ദ്ധനായ ലൂയിസ് ഡയസ് ജൂനിയര്‍ പറഞ്ഞു.

◼️ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യയുടെ വനിതാ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി രാജ് ട്വീറ്റ് ചെയ്തു.

◼️യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ജര്‍മനിക്കെതിരെ അവസാന നിമിഷം സമനില പിടിച്ച് ഇംഗ്ലണ്ട്. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി. രാജ്യത്തിനായി അമ്പതാം ഗോള്‍ നേടിയ ക്യാപ്റ്റന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. മറ്റൊരു മത്സരത്തില്‍ ഹംഗറിയെ ഒന്നിനെതിരെ രണ്ട് ഗോളിന് ഇറ്റലി തോല്‍പ്പിച്ചു.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില വര്‍ധിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38160 രൂപയായി. ഇന്നലെ 200 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇന്നലെ 25 രൂപയുടെ ഇടിവുണ്ടായിരുന്നു. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4770 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3940 രൂപയാണ്.

◼️കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ലാഭം കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.58 കോടി രൂപയില്‍ നിന്നുയര്‍ന്ന് 13.17 കോടി രൂപയിലെത്തി. പ്രവര്‍ത്തനലാഭം 153 കോടി രൂപയില്‍ നിന്ന് മെച്ചപ്പെട്ട് 193 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി 3.58ല്‍ നിന്ന് 3.27ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.48ല്‍ നിന്ന് 1.28 ശതമാനമായും കുറഞ്ഞു. കൊവിഡില്‍ കുടിശികക്കാര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാതെ അദാലത്ത് നടത്തി 83.73 കോടി രൂപ സമാഹരിച്ചു. ഈവര്‍ഷം വായ്പാ ആസ്തി 4,751 കോടിരൂപയില്‍ നിന്ന് 10,000 കോടി രൂപയായി ഉയര്‍ത്തും. വായ്പാനടപടികള്‍ ഡിജിറ്റലാക്കും.

◼️നയന്‍താരയും വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടന്‍ ഫോര്‍പോയിന്റ്‌സ് റിസോര്‍ട്ടില്‍ നടക്കും. നെറ്റ്ഫ്‌ലിക്‌സിനാണ് ചിത്രീകരണാവകാശം കിട്ടിയിരിക്കുന്നത്. സംവിധായകന്‍ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ടീം ആയിരിക്കും വിവാഹം ചിത്രീകരിക്കുന്നത്. ഡോക്യുമെന്ററി മാതൃകയില്‍ ഷൂട്ട് ചെയ്ത ശേഷമാകും പിന്നീട് ഒടിടിയിലൂടെ സ്ട്രീം ചെയ്യുക. രണ്ടു കോടിയിലേറെ രൂപയാണ് നെറ്റ്ഫ്‌ലിക്‌സ് ഇതിനു വേണ്ടി ചെലവഴിക്കുന്നതെന്നാണ് വിവരം. വെളുപ്പിന് നാലു മണിക്കും ഏഴു മണിക്കും ഇടയിലാകും വിവാഹം. വളരെ സ്വകാര്യമായി നടക്കുന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുന്നുള്ളൂ. ചടങ്ങിന്റെ ചിത്രങ്ങള്‍ ഉച്ചയോടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടും.

◼️ബ്രാഡ് പിറ്റിനെ നായകനാക്കി ഡേവിഡ് ലെയ്ച്ച് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ കോമഡി ചിത്രം ബുള്ളറ്റ് ട്രെയിനിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ലേഡി ബഗ് എന്ന കൊലയാളിയാണ് ബ്രാഡ് പിറ്റിന്റെ കഥാപാത്രം. അയാള്‍ക്ക് ലഭിക്കുന്ന ഏറ്റവും പുതിയ മിഷന്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിനിലാണ്. പക്ഷേ അവിടെ അയാളെ കാത്തിരിക്കുന്നത് വലിയ അപായങ്ങളാണ്. സ്വന്തം ജീവന്‍ രക്ഷിക്കണമെങ്കില്‍ ലേഡിബഗിന് ആ ട്രെയിനിന് പുറത്തുകടന്നാലേ സാധിക്കൂ. ജപ്പാന്‍ കഥാപശ്ചാത്തലമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സാക് ഓള്‍കെവിക്സ് ആണ്. കൊടാരോ ഇസാക എഴുതിയ മരിയ ബീറ്റില്‍ (ബുള്ളറ്റ് ട്രെയിന്‍ എന്ന പേരില്‍ ഇംഗ്ലീഷ് പരിഭാഷ) എന്ന നോവലിനെ ആസ്പദമാക്കിയാണ് സാക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 5ന് സാധാരണ സ്‌ക്രീനുകളിലും ഐ മാക്സിലും പ്രദര്‍ശനത്തിനെത്തും.

◼️ജൂണ്‍ 9 ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഫോക്സ്വാഗണ്‍ കഴിഞ്ഞ മാസം 2177 വിര്‍ട്ടസ് യൂണിറ്റുകള്‍ അയച്ചതായി റിപ്പോര്‍ട്ട്. ഈ ലിസ്റ്റില്‍ ഡീലര്‍ ഡിസ്‌പ്ലേ കാറുകളും ആദ്യ ബാച്ച് ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറികളും ഉള്‍പ്പെടുന്നു. എന്നും ലോഞ്ച് ദിനത്തില്‍ വിലകള്‍ പ്രഖ്യാപിച്ചാലുടന്‍ ഡെലിവറി നടക്കും.
ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിലുള്ള ഫോക്‌സ്വാഗന്റെ രണ്ടാമത്തെ കാറാണ് വിര്‍ടസ്. വാഹനം രണ്ട് പെട്രോള്‍ എഞ്ചിനുകളും രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ആറ് കളര്‍ ഓപ്ഷനുകളുണ്ട്. കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍ എന്നിങ്ങനെയുള്ള വേരിയന്റുകളുള്ള ടൈഗണ്‍ ലൈനുകള്‍ പിന്തുടരും. 1.0-ലിറ്റര്‍ പതിപ്പുകള്‍ക്ക് എല്ലാ ട്രിം ലെവലുകളും ഉണ്ടായിരിക്കും.

◼️ഒരു ദശകത്തിനുമുമ്പ് കേരളത്തില്‍ വന്ന ലോക ഫുട്ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയ്ക്കുവേണ്ടി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിവെച്ചിരുന്ന, ചെ ഗുവേരയും ഫിഡല്‍ കാസ്ട്രോയുമുള്‍പ്പെടെ മറഡോണയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകള്‍ പകര്‍ത്തിവെച്ചിട്ടുള്ള ഏഴു പന്തുകളിലൊന്നില്‍ ഒരു രഹസ്യമുണ്ടെന്ന സംശയത്തെ അടിസ്ഥാനമാക്കിയുള്ള നോവല്‍. സ്റ്റേഡിയത്തിലേക്കെത്താന്‍ പത്തരമണിയോടെ ഹോട്ടലില്‍നിന്നിറങ്ങുന്ന മറഡോണയോടൊപ്പം പതിയെപ്പതിയെ വളര്‍ന്നുതുടങ്ങുന്ന സംശയങ്ങളും ഉദ്വേഗവും നിഗൂഢതകളും… കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരും സങ്കല്പവും യാഥാര്‍ത്ഥ്യവുമെല്ലാം കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന നോവല്‍. ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം. ‘ഏഴാമത്തെ പന്ത്’. മാതൃഭൂമി. വില 96 രൂപ.

◼️കോവിഡ് രോഗമുക്തിക്ക് ശേഷവും കൊറോണ വൈറസ് ശ്വാസകോശത്തിനുള്ളില്‍ തുടര്‍ന്ന് പലതരം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാമെന്ന് പുതിയ പഠനം. ശ്വാസകോശത്തിലെ രക്തധമനികളിലെ രക്തം കട്ട പിടിക്കുന്ന പള്‍മനറി എംബോളിസം എന്ന രോഗാവസ്ഥ കോവിഡ് രോഗമുക്തരില്‍ ഉണ്ടാകാമെന്ന് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ പഠനത്തില്‍ കണ്ടെത്തി. 18 മുതല്‍ 64 വയസ്സ് വരെയുള്ള കോവിഡ് രോഗമുക്തരില്‍ അഞ്ചില്‍ ഒരാള്‍ക്ക് എന്ന തോതില്‍ പള്‍മനറി എംബോളിസം, ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ശ്വാസകോശത്തിലെ ധമനികളില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥ വളരെ അപകടകരവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചില്‍ അതിശക്തമായ വേദന, തുടര്‍ച്ചയായ ചുമ, അമിതമായ വിയര്‍പ്പ്, തലകറക്കം, അത്യധികമായ ക്ഷീണം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. കോവിഡ് രോഗമുക്തര്‍ക്ക് കോവിഡ് വരാത്തവരെ അപേക്ഷിച്ച് പള്‍മനറി എംബോളിസം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button
error: Content is protected !!