Kerala

സായാഹ്ന വാർത്തകൾ

 

2022 | ജൂൺ 9 | വ്യാഴം | 1197|ഇടവം 26|അത്തം

◼️തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റു കേന്ദ്രീകരിച്ചു നടന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ്. രഹസ്യമൊഴിയിലെ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതന്‍ ചമഞ്ഞ് ഷാജി കിരണ്‍ എന്നയാള്‍ ഭീഷണിപ്പെടുത്തി. തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. സ്വപ്ന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ ആരോപണം. കേന്ദ്ര ഏജന്‍സികളോട് കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ സമ്മര്‍ദമുണ്ട്. തന്റെ രഹസ്യ മൊഴിയില്‍ കസ്റ്റംസ് നടപടിയെടുത്തില്ല. പോലീസില്‍നിന്നു ഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞു.

◼️സ്വപ്ന സുരേഷിന്റെ വെളിപെടുത്തലുകളെക്കുറിച്ച് അന്വേഷിക്കുമെന്നു ഡിജിപി അനില്‍കാന്ത്. വെളിപെടുത്തലിനു പിറകിലെ ഗൂഡാലോചനയും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലും നടപടിയുണ്ടാകും.

◼️സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. ലാത്തിയടിയും ജലപീരങ്കി പ്രയോഗവുമുണ്ടായി. കോഴിക്കോട് രണ്ട് പൊലീസുകാര്‍ക്കും തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു. സെക്രട്ടേറിയറ്റില്‍ പ്രതിഷേധം പരിധി കടന്നതോടെ പൊലീസ് ലാത്തി വീശി. ബിരിയാണി പാത്രങ്ങളുമായാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചു നടത്തിയത്.

◼️സെക്രട്ടേറിയറ്റ് പരിസരം രാവിലെ മുതല്‍ യുദ്ധക്കളം പോലെയായിരുന്നു. ആദ്യം യുവമോര്‍ച്ചാ പ്രവര്‍ത്തകരും പിന്നീട് യൂത്ത് കോണ്‍ഗ്രസുകാരും പ്രതിഷേധവുമായി എത്തി. എം.എം. ഹസ്സന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടിയത്. കോഴിക്കോട് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും തൃശൂരില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരേയും പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.

◼️സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നു ഷാജി കിരണ്‍. മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ലെന്നും ഒരു മുന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും ഷാജി കിരണ്‍ വെളിപ്പെടുത്തി. വിഡ്ഢിത്തം കാണിക്കരുതെന്ന് ഉപദേശിച്ചിരുന്നെന്ന് ഷാജി കിരണ്‍ സമ്മതിച്ചു.

◼️സ്വപ്ന സുരേഷിനെതിരായ വ്യാജ രേഖ കേസില്‍ പോലീസ് ഉടനേ കുറ്റപത്രം സമര്‍പ്പിക്കും. സ്പെയ്സ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കേസിലാണ് നടപടി. സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.

◼️ഇന്നലെ പാലക്കാട്ടെ വിജിലന്‍സ് പോലീസ് പിടിച്ചെടുത്ത സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. സരിത്ത് ആരെയെല്ലാം ബന്ധപ്പെട്ടെന്നും സരിത്തുമായി സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങള്‍ പങ്കുവച്ചിട്ടുണ്ടോയെന്നും കണ്ടെത്താനാണ് വിജിലന്‍സിന്റെ നീക്കം.

◼️സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസില്‍ താനെങ്ങനെ പ്രതിയാകുമെന്ന് പിസി ജോര്‍ജ്. സ്വപ്ന എഴുതി നല്‍കിയ കാര്യമാണ് താന്‍ പറഞ്ഞത്. പ്രസ്താവനക്കെതിരെ കേസെടുക്കാനാണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമാകുമെന്നും പിണറായിക്കെതിരെ എത്ര കേസ് എടുക്കേണ്ടിവരുമെന്നും പി.സി ജോര്‍ജ് ചോദിച്ചു.

◼️മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണമുന്നയിച്ച സ്വപ്നയ്ക്കും പിസി ജോര്‍ജിനും എതിരേ കേസെടുക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്ന കോടതിയില്‍ രഹസ്യ മൊഴിയായി നല്‍കിയ കാര്യങ്ങളിലാണ് അന്വേഷണം വേണ്ടത്. ഭീരുവായ മുഖ്യമന്ത്രി ആരോപണമുന്നയിച്ചവരെ വേട്ടയാടുന്നത് അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന നടപടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◼️എറണാകുളത്തും കോഴിക്കോടും പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച. കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. അര്‍ദ്ധരാത്രിയോടെയാണ് അജ്ഞാതന്‍ അമ്പതിനായിരം രൂപ കവര്‍ന്നത്. എറണാകുളം പറവൂരിലും പെട്രോള്‍ പമ്പ് കൊള്ളയടിച്ചു. വാതില്‍ കുത്തി തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

◼️കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റ് തട്ടിപ്പ് കേസില്‍ വെള്ളറട പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കാരക്കോണം മെഡിക്കല്‍ കൊളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, തങ്കരാജ്, ഷിജി എന്നിവര്‍ക്കെതിരെയാണ് കേസ്. 2018 ല്‍ എംബിബിസ് സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ വാങ്ങിയ ശേഷം സീറ്റ് നല്‍കിയില്ലെന്ന പരാതിയിലാണ് കേസ്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്.

◼️പെറ്റിക്കേസുകളുടെ പേരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി. പഠനാവശ്യത്തിനും ജോലിക്കും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് പൊലീസാണ്. കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നല്‍കാറില്ല.

◼️ബിരുദ-ബിരുദാനന്തര വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടെ സീറ്റുകള്‍ വെട്ടിക്കുറച്ച് കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല. 20 മുതല്‍ 40 ശതമാനം വരെയാണ് സീറ്റുകള്‍ വെട്ടിക്കുറച്ചത്. അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം യുജിസി നിഷ്‌കര്‍ഷിച്ച രീതിയിലാക്കാനാണ് സീറ്റുകള്‍ കുറച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

◼️കണ്ണൂരില്‍ ഡിവൈഎഫ്ഐ വനിതാ നേതാവിന് അശ്ലീലസന്ദേശമയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് എട്ട് സിപിഎം നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി. മൂന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, മൂന്ന് മുന്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, രണ്ട് പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

◼️മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ബിജെപി യും കേന്ദ്ര ഏജന്‍സികളും ഒത്തുകളിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വപ്നയുടെ ആരോപണത്തില്‍ അന്വേഷണം നടക്കണം. മുഖ്യമന്ത്രിയും ശിവശങ്കറും പ്രതികൂട്ടിലാണ്. അന്വേഷണം ഒതുക്കിയതിനെക്കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

◼️തൃശൂരില്‍ കോര്‍പറേഷന്‍ ഓഫീസിന്റെ പ്രധാന കവാടം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. കുടിവെളളത്തിനു പകരം കലക്കവെള്ളം വിതരണം ചെയ്യുന്നതിനെതിരേ ഒരു മാസമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിനു മുന്നില്‍ നടത്തിയിരുന്ന സമരമാണ് ഉപരോധ സമരമാക്കി മാറ്റിയത്.

◼️ക്യാംപസുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ പ്രാധാന്യം വര്‍ധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തംകാര്യം മാത്രം നോക്കി തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന ചെറിയൊരു വിഭാഗം ആളുകള്‍ സമൂഹത്തിലുണ്ടെന്നും അവരുടെ മനോഭാവം മാറ്റിയെടുക്കാന്‍ എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

◼️തൊണ്ണൂറു വര്‍ഷത്തെ ചരിത്രമുള്ള ചന്ദ്രിക ആഴ്ചപതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തി. സാമ്പത്തിക പ്രതിസന്ധി മൂലം ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്താന്‍ ഡയറകടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി പി.എം.എ. സമീറാണ് നോട്ടീസ് പുറത്തിറക്കിയത്.

◼️നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്‍പതാം പ്രതിയെ മറ്റൊരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി സനല്‍ കുമാറിനെയാണ് (45) എറണാകുളം പോക്സോ കോടതി ജീവപര്യന്തം തടവിനും 1,25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2013 ല്‍ 14 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് വിധി.

◼️പതിനാറുകാരന് കഞ്ചാവും മദ്യവും നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ കീഴടങ്ങി. പരപ്പനങ്ങാടി സ്വദേശി ഷംസീറിനെ (25) 22 വരെ റിമാന്‍ഡ് ചെയ്തു. 2019 മെയ് 31 മുതല്‍ 2022 മാര്‍ച്ച് 17 വരെയാണു കേസിനാസ്പദമായ സംഭവം.

◼️കോട്ടയം മുണ്ടക്കയത്ത് ക്ഷേത്രത്തില്‍നിന്ന് മൂന്നുലക്ഷം രൂപ വിലവരുന്ന ഓട്ടുവിളക്കുകള്‍ മോഷ്ടിച്ച കേസില്‍ ക്ഷേത്രം ശാന്തി ചേര്‍ത്തല പടിഞ്ഞാറ്റതുമ്പയില്‍ പ്രസാദ് (45), മുന്‍ ശാന്തി ഇളംകാട് കൊടുങ്ങ വെട്ടത്ത് സബിന്‍ (കുക്കു-30) എന്നിവരെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. ഇളംകാട് കൊടുങ്ങ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് മോഷണം പോയത്.

◼️കാമുകന്‍ കാലുമാറിയതിനെത്തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കി പാറയ്ക്കു മുകളില്‍ കയറിയ പെണ്‍കുട്ടിയെ പോലീസ് അനുനയിപ്പിച്ച് തിരിച്ചിറക്കി. അടിമാലി മലമുകളില്‍ തലമാലി കുതിരയള ഭാഗത്ത് വലിയ പാറക്കെട്ടിന് മുകളിലാണ് പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്.

◼️നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹത്തിന് ആശംസകളുമായി താരപ്രമുഖര്‍. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ അടക്കമുള്ള പ്രമുഖര്‍ എത്തിയിരുന്നു.

◼️ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനങ്ങളെ ബോധവത്ക്കരിക്കുന്നതടക്കമുള്ള മറ്റു വഴികളിലൂടെ ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തിന് കഴിയുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരുമെന്ന് നേരത്തെ ഭക്ഷ്യ സംസ്‌ക്കരണ മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടീല്‍ പറഞ്ഞിരുന്നു.

◼️രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഉടനേ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്ത മാസം 24 ന് അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ ഇന്നു വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിക്കും.

◼️പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് യൂട്യൂബര്‍ റോഡൂര്‍ റോയിയെ കൊല്‍ക്കത്ത പൊലീസ് ഗോവയില്‍നിന്ന് അറസ്റ്റ് ചെയ്തു.

◼️രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറില്‍ 7240 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധന. രാജ്യത്ത് 32,498 പേര്‍ ചികില്‍സയിലുണ്ട്.

◼️പങ്കാളിയില്ലാതെ ഒറ്റയ്ക്കൊരു വിവാഹം. ഗുജറാത്ത് വഡോദരയില്‍ ക്ഷമ ബിന്ദു സ്വയം വിവാഹിതയായി. ചുവന്ന സാരിയും ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ക്ഷമ വിവാഹ വേദിയിലെത്തിയത്. മംഗല്യസൂത്രവും സിന്ദൂരവും സ്വയം അണിഞ്ഞു. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഗോത്രിയിലെ സ്വന്തം വീട്ടിലായിരുന്നു ചടങ്ങുകള്‍.

◼️സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില മോലോട്ടു തന്നെ. തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38360 രൂപയായി. ഇന്നലെ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4795 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3960 രൂപയാണ്.

◼️വിപണിമൂല്യത്തില്‍ ഭവന വായ്പാ വിതരണക്കമ്പനിയായ എച്ച്.ഡി.എഫ്.സിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. ഇന്നലെ 4.20 ലക്ഷം കോടി രൂപയായാണ് എസ്.ബി.ഐയുടെ വിപണിമൂല്യം ഉയര്‍ന്നത്. 4.09 ലക്ഷം കോടി രൂപയാണ് എച്ച്.ഡി.എഫ്.സിയുടെ മൂല്യം. അതേസമയം, രാജ്യത്ത് ഏറ്റവുമുയര്‍ന്ന വിപണിമൂല്യമുള്ള ബാങ്ക് എച്ച്.ഡി.എഫ്.സി ബാങ്കാണ്; മൂല്യം 7.57 ലക്ഷം കോടി രൂപ. ഐ.സി.ഐ.സി.ഐ ബാങ്കാണ് രണ്ടാമത്, 5.06 ലക്ഷം കോടി രൂപ.

◼️ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘തിരുചിത്രമ്പലം’. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. തിരുചിത്രമ്പലം എന്ന ധനുഷ് ചിത്രത്തിലെ നായികമാരില്‍ ഒരാളുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. റാഷി ഖന്നയുടെ ലുക്കാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ‘അനുഷ’ എന്ന കഥാപാത്രത്തെയാണ് റാഷി ഖന്ന അവതരിപ്പിക്കുന്നത്. നിത്യാ മേനോന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.

◼️ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ ‘അഗിലന്‍’. ‘അഗിലന്‍’ എന്ന പുതിയ ചിത്രത്തിന്റെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജയം രവി അടക്കമുള്ള താരങ്ങള്‍ തന്നെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്‍ കല്യാണ കൃഷ്ണനാണ് തിരക്കഥയും സംവിധാനവും ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

◼️ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഉടന്‍ തന്നെ ഇന്ത്യന്‍ നിരത്തുകളിലേക്ക് താങ്ങാനാവുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുവന്നേക്കും. യു-ഗോ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഹോമ്ട കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ, ജാപ്പനീസ് നിര്‍മ്മാതാവ് ഇന്ത്യയിലും സ്‌കൂട്ടറിനായി പേറ്റന്റ് ഫയല്‍ ചെയ്തിരുന്നു. പേറ്റന്റ് 2021 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തു. താങ്ങാനാവുന്ന വിലയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ കൊണ്ടുവരാനും ഈ ഹരിത സാങ്കേതികവിദ്യയ്ക്കായി ഒരു ഇക്കോസിസ്റ്റം നിര്‍മ്മിക്കാനുമുള്ള പദ്ധതികളുടെ ഭാഗമാകാന്‍ യു-ഗോയ്ക്ക് കഴിയും.

◼️മനുഷ്യകേന്ദ്രീകൃതമായ പ്രമേയങ്ങളില്‍നിന്നും മാറി ജീവജാലങ്ങളുടെ സൂക്ഷ്മപ്രപഞ്ചത്തെ ആവാഹിക്കുന്ന ഈ കഥകള്‍ വായനയുടെ ബോധാകാശത്തിലെ ഇലകളില്‍ കാറ്റിന്റെ സ്പര്‍ശമുണര്‍ത്തുന്നു. പി. സുരേന്ദ്രന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘ഇലകളില്‍ കാറ്റ് തൊടുമ്പോള്‍’. മാതൃഭൂമി. വില 120 രൂപ.

◼️അമിതമായ ദാഹം, വരണ്ട വായ, നിരന്തരം മൂത്രമൊഴിക്കാന്‍ മുട്ടല്‍, അമിതമായ ക്ഷീണം, മങ്ങിയ കാഴ്ച, വിശദീകരിക്കാനാകാത്ത ഭാരനഷ്ടം, ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ പ്രശ്നങ്ങള്‍, ഉറക്കത്തിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും ക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, പഴങ്ങളുടെ മണമുള്ള ശ്വാസം എന്നിങ്ങനെ പ്രമേഹവുമായി ബന്ധപ്പെട്ട പല ലക്ഷണങ്ങളുണ്ട്. എന്നാല്‍ ഇവയിലൊന്നും ഉള്‍പ്പെടാത്ത മറ്റൊരു ലക്ഷണവും പ്രമേഹരോഗബാധിതരില്‍ ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വരുന്ന വേദനയാണ് ഈ ഒറ്റപ്പെട്ട പ്രമേഹ ലക്ഷണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നാഡീവ്യൂഹത്തെ ബാധിച്ച് തുടങ്ങുമ്പോഴാണ് ഇത്തരം വേദനകള്‍ പ്രത്യക്ഷമാകുന്നത്. തലച്ചോറില്‍ നിന്ന് കാലിലേക്കും കൈകളിലേക്കുമുള്ള സിഗ്നലുകള്‍ കൊണ്ടു പോകുന്ന നാഡികള്‍ക്ക് ക്ഷതം വരുത്താന്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയ്ക്ക് സാധിക്കും. കൈ കാലുകളിലെ വിരലുകള്‍ക്കും കാല്‍പാദത്തിനും കൈകള്‍ക്കുമൊക്കെ മരവിപ്പും തരിപ്പും ഉണ്ടാകാന്‍ ഡയബറ്റിക് ന്യൂറോപതി കാരണമാകും. കൈകാലുകള്‍ക്ക് പുകച്ചില്‍, സൂചി കുത്തുന്നത് പോലുള്ള വേദന എന്നിവയും ഇതിന്റെ ഭാഗമായി അനുഭവപ്പെടാം. പ്രമേഹത്തെ തുടര്‍ന്നുള്ള നാഡീവേദന ഉള്ളവര്‍ക്ക് നടത്തം, വ്യായാമം പോലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. കൈ കൊണ്ട് ജോലി ചെയ്യാനും ഈ രോഗികള്‍ക്ക് പ്രയാസമുണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍ സഹായകമാണ്. ആരോഗ്യകരമായ ഭക്ഷണശീലം, മധുരം കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കല്‍, വ്യായാമം എന്നിവയിലൂടെയെല്ലാം പ്രമേഹം വരുതിയില്‍ നിര്‍ത്താവുന്നതാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ പോലെ ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡെക്സ് ഉള്ള ഭക്ഷണവിഭവങ്ങളും പരമാവധി ഒഴിവാക്കേണ്ടതാണ്. മധുരപാനീയങ്ങള്‍, വൈറ്റ് ബ്രഡ്, ഉരുളക്കിഴങ്ങ്, വെളുത്ത അരി എന്നിവയും പ്രമേഹ രോഗികള്‍ക്ക് തികച്ചും അനാരോഗ്യകരമാണ്.

Related Articles

Back to top button
error: Content is protected !!