Kerala

ട്യൂഷന്‍ സെന്ററുകളില്‍ നിന്നും വിനോദയാത്രകള്‍ക്ക് വിലക്ക്; ബാലവകാശ കമ്മീഷന്‍

തിരുവനന്തപുരം: ട്യൂഷന്‍ സെന്ററുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോകുന്നതിന് വിലക്കേര്‍പ്പെടുത്തി ബാലാവകാശ കമ്മീഷന്‍.  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷകള്‍ക്ക് മുന്നോടിയായി ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്ന രാത്രികാല ക്ലാസുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. രാത്രികാല ക്ലാസുകള്‍ വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പല ട്യൂഷന്‍ സെന്ററുകളും പാലിക്കുന്നില്ലെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. അധ്യാപകര്‍ ഒപ്പമില്ലാതെയും കൂടുതല്‍ തുക വാങ്ങിയുമാണ് ട്യൂഷന്‍ സെന്ററുകള്‍ വിനോദയാത്രകള്‍ നടത്തുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. സ്‌കൂളുകളില്‍ നിന്ന് വിനോദയാത്രക്ക് കൊണ്ടുപോകുന്നതിനാല്‍ ട്യൂഷന്‍ സെന്ററുകളില്‍ വിദ്യാര്‍ത്ഥികളെ വിനോദയാത്രയ്ക്ക് നിര്‍ബന്ധിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. പല ട്യൂഷന്‍ സെന്ററുകളും ആരാണ് നടത്തുന്നതെന്ന് പോലും കൃത്യമായ വിവരമില്ലാത്തതിനാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍ അംഗം റെനി ആന്റണി ചൂണ്ടിക്കാട്ടി. ഉത്തരവില്‍ 60 ദിവസത്തിനകം നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!