Local LiveMuttom

മലങ്കര ടൂറിസം ഹബ്ബിനെ സര്‍ക്കാര്‍ അവഗണിക്കുന്നു ; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

മുട്ടം : മലങ്കര ടൂറിസം ഹബ്ബിനോട് സര്‍ക്കാരും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുട്ടം ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റി യോഗത്തില്‍ തീരുമാനം. നിരവധി ടൂറിസം പദ്ധതികളാണ് മലങ്കര ഹബ്ബിലേക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ അതില്‍ ഒന്ന് പോലും യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാരും മന്ത്രി റോഷി അഗസ്റ്റിനും താല്പര്യപ്പെടുന്നില്ലായെന്ന്് ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികളുടെ പാര്‍ക്ക് മാത്രം സജ്ജമാക്കിയിട്ട് 2019 നവംബര്‍ 2നാണ് മലങ്കര ടൂറിസം ഹബ്ബ് ഉദ്ഘാടനം ചെയ്തത്. ജലവിഭവം, ടൂറിസം വകുപ്പുകളുടെ സംയുക്ത സംരഭമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം 5 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകാറായിട്ടും മറ്റ് യാതൊരു വികസന പദ്ധതികളും ഇവിടേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ താല്പര്യം കാണിക്കാത്ത അവസ്ഥയാണ്. ജില്ലക്കാരനും ജലവിഭവ വകുപ്പിന്റെ ചുമതലക്കാരനുമായ മന്ത്രി റോഷി അഗസ്റ്റിനെ ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകരും മറ്റ് വിവിധ സംഘടനകളും ഹബ്ബിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രാവശ്യം സമീപിച്ചെങ്കിലും വിവിധ ടൂറിസം പദ്ധതികള്‍ ഇവിടേക്ക് എത്തിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന നടപടികളാണ് മന്ത്രിയില്‍ നിന്ന് തുടര്‍ച്ചയായിട്ടുണ്ടാകുന്നത്.

ഹബ്ബ് സന്ദര്‍ശിക്കാന്‍ എത്തുമെന്ന് എട്ടോളം പ്രാവശ്യം മന്ത്രി ടൂറിസം പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ മുട്ടം – തൊടുപുഴ റൂട്ടിലൂടെ വാഹനത്തില്‍ കടന്ന് പോകുന്ന മന്ത്രി ഒരിക്കല്‍ പോലും ഹബ്ബിലേക്ക് എത്തി ടൂറിസം സാധ്യതകള്‍ പരിശോധിക്കാന്‍ തയ്യാറായിട്ടില്ല. മലങ്കര ഹബ്ബ് -കുടയത്തൂര്‍ – വയനക്കാവ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍ തീം പാര്‍ക്ക്, മലങ്കര അണക്കെട്ട് കേന്ദ്രീകരിച്ച് ഇറിഗേഷന്‍ ടൂറിസം എന്നിങ്ങനെ മന്ത്രി റോഷി അഗസ്റ്റിന്‍ അടുത്ത നാളുകളില്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഒരു കോടിയുടേയും മൂന്ന് കോടിയുടേയും എന്നിങ്ങനെ മറ്റ് 2പദ്ധതികളും മലങ്കരയിലേക്ക് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതൊക്കെ വെറും പ്രഖ്യാപനങ്ങള്‍ മാത്രമായി അധപതിച്ചു. മലങ്കര ഹബ്ബിനോട് സര്‍ക്കാരും മന്ത്രി റോഷി അഗസ്റ്റിനും കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് മുട്ടം എംവിഐപി ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണ്ണയും മുട്ടം ടൗണില്‍ പ്രതിഷേധ യോഗവും നടത്താന്‍ ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റി യോഗം തീരുമാനിച്ചു. സോസൈറ്റി പ്രസിഡന്റ് ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍, സെക്രട്ടറി സുബൈര്‍ പി എം, സമദ് എന്‍ എം, വിവിധ സംഘടന നേതാക്കളായ സുജി മാസ്റ്റര്‍, കൃഷ്ണന്‍ കണിയാപുരം, ഷബീര്‍ എം എ, അജയന്‍ താന്നിക്കാമറ്റം, സിജോ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!