Kerala

മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത്; നിമിഷങ്ങൾകൊണ്ട് പിടിവീഴും

തിരുവനന്തപുരം : മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ പിടികൂടാനും മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത് വഴിയുണ്ടാകുന്ന അപകടങ്ങളെ തടയുവാനും പുതിയ സംവിധാനവുമായി കേരള പൊലീസ്.ഇതിനായി കേരള സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ സംവിധാനമാണ് ആല്‍കോ സ്കാന്‍ വാന്‍. മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ പൊലീസിനെ സഹായിക്കുന്നതാണ് ആല്‍കോ സ്കാന്‍ വാന്‍. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നല്‍കാനാണ് പദ്ധതി.

പൊലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോ​ഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ ഈ വാനില്‍ വെച്ച്‌ തന്നെ വേ​ഗത്തില്‍ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഉമിനീരില്‍ നിന്നും നിമിഷങ്ങള്‍ക്കകം തന്നെ ഉപയോ​ഗിച്ച ലഹരി പദാര്‍ത്ഥത്തെ വേ​ഗത്തില്‍ തിരിച്ചറിയുവാനും പൊലീസിന് വേ​ഗത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച പൊലീസ് വാഹനത്തില്‍ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും. റോട്ടറി ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനവും, ഫ്ലാ​ഗ് ഓഫും ആ​ഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്ക്കറ്റ് ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

Related Articles

Back to top button
error: Content is protected !!