ChuttuvattomCrimeIdukki

വാങ്ങിയ ബജിയുടെ വില ചോദിച്ചു: മദ്യപസംഘം ബജിക്കട എടുത്ത് കൊക്കയില്‍ എറിഞ്ഞ് വ്യാപാരിയെ മര്‍ദ്ദിച്ചു

ഇടുക്കി: വാങ്ങിയ ബജിയുടെ വില ചോദിച്ച ബജികടക്കാരന്റെ പെട്ടിക്കടയെടുത്ത് അന്‍പത് അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളി. വ്യാപാരിയെ മര്‍ദ്ദിക്കുകയും ചെയ്തു . കുഞ്ചിത്തണ്ണി ടൗണ്‍ കേന്ദ്രീകരിച്ച് വിലസുന്ന ഗുണ്ടാ – മദ്യപസംഘമാണ് പെട്ടിക്കടയെടുത്ത് കൊക്കയില്‍ എറിഞ്ഞത്. ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം നടക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട കുഞ്ചിത്തണ്ണി ടൗണിലെ ഒരു ഡ്രൈവര്‍ താഴത്തെ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെത്തുകയും പൊറോട്ട ആവശ്യപ്പെടുകയും ചെയ്തു. പൊറോട്ട പാഴ്‌സലായി നല്‍കിയശേഷം പണം വാങ്ങിയ ഹോട്ടല്‍ ജീവനക്കാരനെ ഇയാള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഹോട്ടലിന് സമീപത്ത് ഇരിക്കുന്ന ബജിക്കടയില്‍ എത്തിയ ഇയാള്‍ ബജി വാങ്ങുകയും പണം നല്‍കുന്നതിന് ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് ഇയാള്‍ സംഘത്തില്‍ ഉള്ളവരെ വിളിച്ചുവരുത്തുകയും അവര്‍ ബജിക്കട എടുത്ത് അന്‍പത് അടി താഴ്ച്ചയുളള കൊക്കയിലേക്ക് വലിച്ചെറിയുകയും ചെയ്തു. അഞ്ചുവര്‍ഷമായി കുഞ്ചിത്തണ്ണി ടൗണില്‍ ബജിക്കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശി രാജയുടെ കടയാണ് മദ്യപിച്ചെത്തിയ ഗുണ്ടാസംഘം നശിപ്പിച്ചത്. ബജി വ്യാപാരിയെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. പരുക്കറ്റ രാജ (47) അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷണ യോഗ്യമായി തയ്യാറാക്കി വെച്ചിരുന്ന ബജികളും ബജി തയാറാക്കുന്നതിനു വേണ്ടി വച്ചിരുന്ന ഭക്ഷണവസ്തുക്കളും ഇവര്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. കുഞ്ചിത്തണ്ണി ടൗണിലെ ഭക്ഷണശാലകളില്‍ വൈകുന്നേര സമയത്ത് മദ്യപരുടെ വിളയാട്ടം രൂക്ഷമാണെന്ന് ഒട്ടു മിക്ക വ്യാപാരികളും പറയുന്നു. വെള്ളത്തൂവല്‍ പോലീസ് ടൗണിലെത്തി സംഭവത്തെ ക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വ്യാപാരിയുടെ മൊഴിയെടുത്ത ശേഷം കേസ് ചാര്‍ജു ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഒരു നിര്‍ധന കുടുംബത്തിന്റെ ജീവിതോപാധി പൂര്‍ണ്ണമായി തകര്‍ത്ത മദ്യപ-ഗുണ്ടാ സംഘത്തിനെതിരെ കുഞ്ചിത്തണ്ണി ടൗണില്‍ പ്രതിഷേധം ശക്തമായി. കുഞ്ചിത്തണ്ണി ടൗണില്‍ നടക്കുന്ന മദ്യപ-ഗുണ്ട വിളയാട്ടങ്ങള്‍ക്ക് എതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകണം എന്നാണ് ടൗണിലെ വ്യാപാരികളും ഡ്രൈവര്‍മാരും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!