ChuttuvattomIdukkiThodupuzha

മഴ ശക്തം; ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം

തൊടുപുഴ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. മഴക്കെടുതികളില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു.തിങ്കളാഴ്ച്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ ശരാശരി ലഭിച്ചത് 63.68 മില്ലീമീറ്റര്‍ മഴയാണ്. ദേവികുളം താലൂക്കിലാണ് കൂടുതല്‍ മഴ പെയ്തത്. 104.6 മില്ലീമീറ്റര്‍. ഇടുക്കി-81.6, പീരുമേട്-68.4, തൊടുപുഴ-47.6, ഉടുന്പന്‍ചോല-16.2 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ ലഭിച്ച മഴയുടെ കണക്ക്.തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ജില്ലയില്‍ മഴയുടെ ശക്തി അല്പം കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ശക്തമായി. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്‍ഡില്‍ 15 ഘനയടിവെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാം മൈലിനു സമീപം പാറ അടര്‍ന്നു വീണു. ഇന്നലെ രാവിലെ പത്തരയോടെയാണ് പാറകള്‍ അടര്‍ന്ന് റോഡിലേക്ക് വീണത്. പാറകള്‍ വീണെങ്കിലും വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസമുണ്ടായില്ല. ഉച്ചയോടെ ദേശീയപാത അധികൃതരുടെ നേതൃത്വത്തില്‍ പാറകള്‍ നീക്കം ചെയ്തു. ഇന്നലെ ഇടുക്കി പദ്ധതി പ്രദേശത്ത് 81.06 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. നെടുങ്കണ്ടം, ചെറുതോണി, അടിമാലി, മൂന്നാര്‍, കട്ടപ്പന മേഖലയിലടക്കം സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്യുന്നത്. ഹൈറേഞ്ച് മേഖലയില്‍ മഴയോടൊപ്പം കാറ്റും വീശുന്നുണ്ട്. ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധവും തകരാറിലായി. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!