ChuttuvattomThodupuzha

അഞ്ചിരി പാടശേഖരത്ത് വെള്ളം കയറി ലക്ഷങ്ങളുടെ നെല്‍കൃഷി നശിച്ചു

തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെതുടര്‍ന്ന് ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി പാടശേഖരത്ത് നെല്‍കൃഷി വെള്ളം കയറി നശിച്ചതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. വിത്ത് വിതച്ച് പത്തു ദിവസത്തോളം എത്തിയപ്പോഴാണ് പാടത്ത് വെള്ളം കയറി കൃഷി പൂര്‍ണമായും നശിച്ചത്. പതിനഞ്ചോളം കര്‍ഷകരുടെ 20 ഏക്കറോളം വരുന്ന നെല്‍കൃഷിയാണ് നശിച്ചത്. മറ്റുള്ള കര്‍ഷകരും കൃഷിയിറക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നതിനിടെയാണ് ആദ്യം കൃഷി ചെയ്ത കര്‍ഷകര്‍ക്ക് മഴ ദുരിതം സമ്മാനിച്ചത്. ആലക്കോട് പഞ്ചായത്തിലെ അഞ്ചിരിപാടം, കുറിച്ചിപ്പാടം എന്നിവിടങ്ങളില്‍ കര്‍ഷകര്‍  200 ഏക്കറോളം സ്ഥലത്ത്  നെല്‍കൃഷി ചെയ്തു വരുന്നുണ്ട്. അഞ്ചിരിപ്പാടശേഖരത്ത് കര്‍ഷകര്‍ എല്ലാ വര്‍ഷവും നെല്‍കൃഷി ചെയ്യുന്നുണ്ടെങ്കലും കുറിച്ചിപ്പാടത്ത് പ്രതികൂല സാഹചര്യങ്ങള്‍ മൂലം കൃഷി സജീവമല്ല. എന്നാല്‍ അഞ്ചിരിയില്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ ഇപ്പോഴും നെല്‍കൃഷി സജീവമാണ്. തൊടുപുഴ മേഖലയിലെ പ്രധാന നെല്ലുല്‍പാദന മേഖലയാണ് അഞ്ചിരി. നിലം ഒരുക്കുന്നതുള്‍പ്പെടെ ഒരേക്കര്‍ നെല്‍കൃഷിയിറക്കുന്നതിന് 15000 ഓളം ചെലവു വരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. പല കര്‍ഷകരും   വായ്പയെടുത്തും മറ്റുമാണ് ഇത്തവണ ഏറെ പ്രതീക്ഷകളോടെ കൃഷിയിറക്കിയത്. ഇതാണ് കനത്ത  മഴയില്‍ നശിച്ചത്. നേരത്തെ വര്‍ഷത്തില്‍ രണ്ടു തവണ ഇവിടെ നെല്‍കൃഷി ചെയ്തിരുന്നു. എന്നാല്‍ കൃഷിയിറക്കാനുള്ള ചെലവു വര്‍ധിച്ചതോടെ കര്‍ഷകര്‍ ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്തുകയായിരുന്നു. ഇത്തവണ കൃഷിയിറക്കി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെള്ളം കയറി നശിച്ചതിനാല്‍ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാനുള്ള സാഹചര്യവും ഇല്ലാതാക്കി. സാധാരണ നിലമൊരുക്കി വിത്തു വിതച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് കര്‍ഷകര്‍ പ്രീമിയമടച്ച് കൃഷി ഇന്‍ഷുര്‍ ചെയ്യുന്നത്. എന്നാല്‍ ഇത്തവണ ഇതു ചെയ്യുന്നതിനു മുമ്പു തന്നെ കൃഷി നശിച്ചതോടെ ഇനി കൃഷി വകുപ്പില്‍ നിന്നുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. കൃഷി നാശമുണ്ടായ മേഖലകളില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ കൃഷിയുടെ ഉത്പാദനച്ചെലവിന്റെ നാലിലൊന്നു പോലും കൃഷി വകുപ്പില്‍ നിന്നും നഷ്ടപരിഹാരമായി ലഭിക്കില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ഒക്ടോബറിലാണ് ഇനി അടുത്ത കൃഷിയിറക്കാനുള്ള സമയം. ഇപ്പോള്‍ നെല്‍കൃഷി വെള്ളം കയറി നശിച്ച കര്‍ഷകര്‍ വീണ്ടും കൃഷി ചെയ്യാനുള്ള  തയാറെടുപ്പിലാണ്. അതിനായി കൃഷിവകുപ്പില്‍ നിന്നും ആവശ്യമായ സഹായം ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. കൃഷി നശിച്ചതു മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക്  മതിയായ തോതിലുള്ള നഷ്ടപരിഹാരം കൃഷിവകുപ്പില്‍ നിന്നും ലഭ്യമാകാനുള്ള നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ടോമി കാവാലം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!