Idukki

ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കൊമ്പ് കോര്‍ത്ത് കൊമ്പന്മാര്‍

ഇടുക്കി: കൊമ്പന്മാര്‍ കൊമ്പ് കോര്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. മറയൂര്‍ -കാന്തലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് കഴിഞ്ഞ ദിവസം കാട്ട് കൊമ്പന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ ചന്ദ്രശേഖരന്‍ അഞ്ചുനാടാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഗജവീരന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ ആറോളം കാട്ടാന കൂട്ടങ്ങള്‍ സമീപത്ത് നിലയര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കൊമ്പന്മാര്‍ കൊമ്പ് കോര്‍ക്കുന്നത് നിത്യസംഭവമാണെന്നാണ് വനപാലകര്‍ പറയുന്നത്. കൂട്ടത്തിന്റെ നേതാവ് ആകാന്‍ കരുത്ത് തെളിയിക്കുന്നതിനു വേണ്ടിയാണ് കൊമ്പന്‍മാര്‍ കൂടുതല്‍ യുദ്ധങ്ങള്‍ നടത്തുക. ഇണചേരുന്നതിന് മുന്‍പും കൊമ്പന്മാര്‍ തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. ഒരു കൊമ്പന്റെ അധീനതയില്‍ ഉള്ള കൂട്ടത്തിലേക്ക് മറ്റൊരു കൊമ്പന്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാലും പരസ്പരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകും. കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഒരു കുടുംബത്തിലുള്ള ആനകള്‍ തമ്മില്‍ വിനോദത്തിനായും പരസ്പരം ഏറ്റുമുട്ടുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം ചിന്നാറില്‍ കൊമ്പന്മാര്‍ ഏറ്റുമുട്ടിയത് വിനോദത്തിന്റെ ഭാഗമായിട്ടാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related Articles

Back to top button
error: Content is protected !!