Idukki

നവകേരള സദസ്സിനെ വരവേൽക്കാൻ ഇടുക്കി തയ്യാർ : ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ

ഇടുക്കി : ജില്ലയിൽ ഈ മാസം 10 ന് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള നവകേരള സദസ്സിനെ വരവേൽക്കാൻ ഇടുക്കി തയ്യാറെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. വിവിധ വകുപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  സംഘടിപ്പിച്ച നവകേരള സദസ്സ് പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. അഞ്ചു മണ്ഡലങ്ങളിലും സംഘാടക സമിതികളുടെ പ്രവർത്തനം പൂര്ണ്ണതോതിലാണ് . ക്ഷണക്കത്തുകളുടെ വിതരണം ആരംഭിച്ചുകഴിഞ്ഞു.  നവകേരള സദസ്സ് ഇടുക്കിക്ക് പുതുഅനുഭവമാകും സമ്മാനിക്കുകയെന്നും കളക്ടർ പറഞ്ഞു. തൊടുപുഴ, ദേവികുളം, പീരുമേട്  മണ്ഡലങ്ങളിൽ നിന്നുള്ള ജീവനക്കാർക്കുള്ള  പരിശീലം ആദ്യഘട്ടമായും, ഇടുക്കി, ഉടുമ്പഞ്ചോല മണ്ഡലങ്ങളിലെ  പരിശീലനം രണ്ടാംഘട്ടമായും നടന്നു. പരാതികൾ  സ്വീകരിക്കേണ്ട രീതി , അപേക്ഷയുടെ തത്സമയ ഓൺലൈൻ എൻട്രി,  ജീവനക്കാരുടെ ചുമതലകൾ എന്നിവയെക്കുറിച്ച്   എ ഡി എം ഷൈജു പി ജേക്കബ് സംസാരിച്ചു.

പരാതികള്‍ സ്വീകരിക്കാന്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ വീതം ഒരുക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും  സജ്ജീകരണം. ഡിസംബര്‍ 10,11,12 തീയതികളിലായാണ് ജില്ലയില്‍ നവകേരള സദസ്സ് സംഘടിപ്പിക്കുക.  10 ന് വൈകീട്ട് 6 ന് തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്‌ക്വയര്‍ മൈതാനത്ത് നടക്കും. ഇടുക്കി മണ്ഡലത്തില്‍ 11 ന് രാവിലെ 9.30 ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കുന്ന പന്തലിൽ  പ്രഭാതയോഗം നടക്കും . പതിനൊന്ന് മണിക്ക് ഐ ഡി എ ഗ്രൗണ്ടില്‍  നവകേരളസദസ്. രണ്ട് മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. അടിമാലി ടൗണില്‍ 2.45 ന് സ്വീകരണം. തുടര്‍ന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നവകേരള സദസ് നടത്തും.

ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട്  ആറിന് നടക്കും. രാത്രി  പീരുമേട് മണ്ഡലത്തിലേക്ക് തിരിക്കും. ഡിസംബര്‍ 12 ന് രാവിലെ തേക്കടിയിലായിരിക്കും മന്ത്രിസഭ യോഗം ചേരുക. തുടര്‍ന്ന് രാവിലെ 11 ന് പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ്  വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും.

Related Articles

Back to top button
error: Content is protected !!