MuttomThodupuzha

മലങ്കര അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ വൈകുന്നു: 4 പഞ്ചായത്തുകളിൽ ശുദ്ധജലം മുടങ്ങും

മുട്ടം ∙ മലങ്കര അണക്കെട്ടിലെ 3 ഷട്ടറുകളുടെ ചോർച്ച പരിഹരിക്കാനുള്ള നടപടി വൈകുന്നു. ഷട്ടറിൽ റബർ ബീഡിങ് സ്ഥാപിച്ചാൽ മാത്രമേ ചോർച്ച പരിഹരിക്കാൻ കഴിയൂ. അറ്റകുറ്റപ്പണികൾക്കു മാസങ്ങൾ മുൻപു നീക്കം ആരംഭിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ജലനിരപ്പ് 37 മീറ്ററിലേക്കു താഴ്ത്തിയാൽ മാത്രമേ അറ്റകുറ്റപ്പണി നടത്താൻ സാധിക്കൂ. 37 മീറ്ററിലേക്കു ജലനിരപ്പ് താഴ്ത്തുമ്പോൾ ശുദ്ധജലത്തിനായി മലങ്കര ജലാശയത്തെ ആശ്രയിക്കുന്ന മുട്ടം, അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ പമ്പിങ് മുടങ്ങും. ഇതിൽ പരിഹാരം കാണാൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്നെങ്കിലും പ്രസിഡന്റുമാർ ഒറ്റക്കെട്ടായി ശുദ്ധജലം മുടക്കുന്നതിനെ എതിർത്തു. എന്നാൽ അടിയന്തരമായി പരിഹരിക്കേണ്ടിയിരുന്ന 4,6 നമ്പർ ഷട്ടറുകളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഇരുമ്പ് വടം മാറ്റി സ്ഥാപിച്ചു. ജലനിരപ്പ് താഴ്ത്താതെ തന്നെ പെരുമ്പാവൂരിൽ നിന്നുള്ള മുങ്ങൽ വിദഗ്ധനെ എത്തിച്ചാണ് അന്ന് പുതിയ ഇരുമ്പ് വടം സ്ഥാപിച്ചത്. മറ്റു ഷട്ടറുകളുടെ വടവും അടിയന്തരമായി മാറ്റേണ്ടതാണ്. എന്നാൽ ഇത് ഇനി മഴക്കാലത്ത് മാത്രമേ നടക്കൂ. ഷട്ടറുകളുടെ വടം മാറ്റുന്നതിനൊപ്പം മൂന്നു വശങ്ങളിലേയും റബർ ബീഡിങ്ങും മാറ്റണം. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം പരമാവധി കുറച്ചാൽ മാത്രമെ ഡാമിന്റെ അറ്റകുറ്റപ്പണി സാധ്യമാകൂ. അതിനാൽ മൂലമറ്റം വൈദ്യുതി നിലയത്തിന്റെ ഉൾപ്പെടെ അനുമതിയും ലഭിക്കണം. ഇതോടൊപ്പം ശുദ്ധജലത്തിനായി ആശ്രയിക്കുന്ന പഞ്ചായത്തുകളിൽ ആ കാലയളവിൽ ബദൽ കണ്ടെത്തണം.

Related Articles

Back to top button
error: Content is protected !!