Idukki

ഇടുക്കി മെഡിക്കല്‍ കോളജ് രണ്ടാം  വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിന് അനുമതിചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: മന്ത്രി റോഷി

 

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് കോഴ്സിന് അംഗീകാരം ലഭിച്ചത് ചിട്ടയായ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ ആസൂത്രണങ്ങളുടെയും ഫലമായെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ആശുപത്രി വികസന സമിതിയും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലം ആണ് ലഭിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പിന്തുണയും നിര്‍ണായകമായെന്നു മന്ത്രി പറഞ്ഞു. മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയില്ല. ജില്ലയിലെ ചികിത്സാ സൗകര്യങ്ങള്‍ മറ്റേത് ജില്ലയെ പോലെയും ലഭ്യമാക്കാന്‍ ആണ് പ്രയത്‌നിക്കുന്നത്. സര്‍ക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിച്ചത്.

50 എം.ബി.ബി.എസ് സീറ്റുകള്‍ ഉണ്ടായിരുന്നിടത്ത് നിന്നാണ് 100 സീറ്റുകള്‍ ആയി ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറച്ച പിന്തുണയാണ് ഇത് സാധ്യമാക്കിയത് എന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി. രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ നിര്‍ദേശിച്ച സൗകര്യങ്ങള്‍ സജ്ജമാക്കി വരികയാണ്. ഇടുക്കി മെഡിക്കല്‍ കോളജിലൂടെ ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. മതിയായ കിടക്കകളുള്ള ആശുപത്രിയും ലാബ് സൗകര്യങ്ങളും ഹോസ്റ്റല്‍ സൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും ഇതിനോടകം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു. 60.17 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രി ബ്ലോക്കിന്റെ രണ്ടാം ഘട്ട നിര്‍മാണം നടന്നുവരികയാണ്. ഇതോടൊപ്പം 73.82 കോടി ചെലവില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളജിലെ വിവിധ കെട്ടിടങ്ങളിലേക്ക് എത്തിച്ചേരുന്നതിനു 18.6 കോടി രൂപയുടെ ഇന്റേണല്‍ റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിലവില്‍ നൂറോളം ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജില്‍ സേവനം ചെയ്യുന്നുണ്ട്. തുടര്‍ പ്രവേശനത്തിന് അംഗീകാരം കൂടി ലഭിച്ചതോടെ കൂടുതല്‍ തസ്തികകളിലേക്ക് നിയമനം നടത്തി പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!