Idukki

ഇടുക്കി മെഡിക്കല്‍ കോളജിന്  ഇത്തവണയും അംഗീകാരമില്ല

ഇടുക്കി: മലയോര മേഖലയിലുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പ്രഖ്യാപിച്ച ഇടുക്കി മെഡിക്കല്‍ കോളജിന്  ഇത്തവണയും അംഗീകാരമില്ല.നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിച്ച പോരായ്മകള്‍ പരഹരിച്ച്‌ റിപ്പോര്‍ട്ട് നല്‍കി മറുപടിക്കായി കാത്തിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ രോഗികള്‍ക്ക് മതിയായ ചികിത്സയും കിട്ടുന്നില്ല.2014 സെപ്റ്റംബര്‍ 18. ഏറെ കൊട്ടിഘോഷിച്ച്‌ ഇടുക്കി മെഡിക്കല്‍ കോളജ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത് അന്നാണ്. നിലവിലുണ്ടായിരുന്ന ഇടുക്കി ജില്ല ആശുപത്രി മെഡിക്കല്‍ കോളജാക്കി. അടുത്ത രണ്ടു വര്‍ഷം 50 വിദ്യാര്‍ത്ഥികള്‍ വീതം പഠനവും നടത്തി. 2017 ല്‍ മതിയായ സൌകര്യങ്ങളില്ലെന്ന് കണ്ടെത്തി അടച്ചു പൂട്ടി. പിന്നീടിങ്ങോട്ട് സൌകര്യങ്ങള്‍ ഒരുക്കുമെന്നുള്ള വാഗ്ദാനങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും പെരുമഴയായിരുന്നു.

100 കുട്ടികളെ പഠിപ്പിക്കാന്‍ ഇത്തവണയും അപേക്ഷ നല്‍കി. പരിശോധനയില്‍ ആവശ്യത്തിന് ജീവനക്കാരും മറ്റു കുറവുകളും ചൂണ്ടിക്കാട്ടി തള്ളി. ജീവനക്കാരെ നിയമിച്ച്‌ പുതിയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുണ്ടെങ്കിലും പാരാമെഡിക്കല്‍ സ്റ്റാഫ് പകുതി പോലുമില്ല. ഏറ്റവും കൂടുതല്‍ ശുചിത്വം വേണ്ട ആശുപത്രിയില്‍ ശുചീകരണതൊഴിലാളികളാരുമില്ല. 40 നഴ്സുമാരുടെയും 22 നഴ്സിംഗ് അസ്സിസ്റ്ററുമാരുടെും കുറവ്. എക്സ്റേ ഉള്‍പ്പെടെ എല്ലായിടത്തും ടെക്നീഷ്യന്‍മാര്‍ പകുതിയില്‍ താഴെ. ആയിരത്തോളം പേര്‍ ഒപിയില്‍ എത്തുന്നുണ്ട്. പുതിയതായി പണിത കെട്ടിടത്തില്‍ 100 കിടക്കകളുള്ള വാര്‍ഡ് സജ്ജമാക്കി. പരിശോധനക്ക് ആധുനിക ഉപകരണങ്ങളും സ്ഥാപിച്ചു. മന്ത്രി ഉദ്ഘാടനവും നടത്തി. പക്ഷേ, ചികിത്സമാത്രമില്ല

Related Articles

Back to top button
error: Content is protected !!