ChuttuvattomIdukki

ഇടുക്കി വോളിബോൾ അക്കാദമിയിൽ 2023-24 അധ്യായന വർഷത്തെ പ്രവർത്തനമാരംഭിച്ചു

ഇടുക്കി: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള ഇടുക്കി ജില്ലാ വോളിബോള്‍ അക്കാദമിയുടെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനം 20 കുട്ടികളുമായി ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. 2019 ഫെബ്രുവരി 21 നാണ് അഞ്ച് ഏക്കര്‍ ഭുമിയില്‍ 3.47 കോടി രൂപ ചെലവില്‍ കായിക യുവജന കാര്യാലയത്തിന്റെ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ നേത്യത്വത്തില്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചത്. ഈ അധ്യയന വര്‍ഷം ആരംഭത്തില്‍ സെലക്ഷന്‍ നടത്തിയപ്പോള്‍ ഇടുക്കി വോളിബോള്‍ അക്കാദമിയിലേയ്ക്ക് കുട്ടികളെ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുമതിയോടെ അക്കാദമിക്ക് മാത്രമായി വീണ്ടും സെലക്ഷന്‍ നടത്തി വിവിധ ജില്ലകളില്‍ നിന്നും 20 കുട്ടികളെ തിരഞ്ഞെടുക്കുകയായിരുന്നു.

രാത്രിയിലും പകലും പരിശീലനം നടത്തുന്നതിന് സൗകര്യമുള്ള ഫ്‌ളഡ് ലൈറ്റോടുകൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മേപ്പിള്‍ വുഡ്ഫ്‌ളോറിങ്ങോടു കൂടിയ വോളിബോള്‍ കോര്‍ട്ട്, 40 ഓളം പേര്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ സൗകര്യം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മെസ്സ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്. കേരളാസ്റ്റേറ്റ് സ്‌പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ പരിശീലകന്‍ അനില്‍.എം. കുര്യനാണ് ഈ വര്‍ഷം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.ഹോസ്റ്റലില്‍ നടന്ന യോഗത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷൈന്‍. എന്‍.പി, ഡി.എസ്.ഒ ഇന്‍ചാര്‍ജ് ദീപ്തി മരിയാ ജോസ്, വാര്‍ഡന്‍ എബിന്‍ ജോസ്, പരിശീലകന്‍ അനില്‍ എം. കുര്യന്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!