ChuttuvattomIdukki

അനധികൃതമായി മദ്യം കടത്തല്‍; പ്രതി പിടിയില്‍

കട്ടപ്പന: വര്‍ഷങ്ങളായി മാഹിയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി മൂന്നാര്‍ മുതല്‍ കട്ടപ്പന വരെയുള്ള ചെറുകിട വ്യാപാരികള്‍ക്ക് വിതരണം ചെയ്തു വന്നിരുന്നയാള്‍ പിടിയില്‍. ഇടുക്കി ലബ്ബക്കട തേക്കിലക്കാട്ടില്‍ രാജേഷ് എന്ന രതീഷ് (42) ആണ് പിടിയിലായത്.കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കാലങ്ങളായി ഇയാള്‍ ബസിലും കാറിലും മാഹിയില്‍ നിന്നും വലിയ അളവില്‍ മദ്യം വാങ്ങി തോട്ടം മേഖലയിലും മറ്റു ചെറുകിട മദ്യവ്യാപാരം ചെയ്യുന്ന ആളുകള്‍ക്ക് എത്തിച്ചും കൂടിയ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നുവെന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഡിവൈ.എസ്.പി നിഷാദ് മോന്റെ നേതൃത്വത്തില്‍ കട്ടപ്പന എസ്.ഐ മാരയ ലിജോ പി മണി, മധു, ഷംസുദ്ദീന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് 70 കുപ്പി മദ്യം പിടികൂടിയത്. മാഹിയില്‍ നിന്നും 150 രൂപ വിലയ്ക്ക് വാങ്ങി 350 രൂപയ്ക്ക് ചെറുകിട കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുകയാണെന്നാണ് പ്രതി പറഞ്ഞത്. 500 രൂപ മുതല്‍ 600 രൂപ വിലക്കാണ് ചെറുകിട കച്ചവടക്കാര്‍ ആവശ്യക്കാര്‍ക്ക് മദ്യം കൊടുക്കുന്നത്. മാഹിയില്‍ നിന്നുള്ള മദ്യത്തിന് പുറമേ ഇയാള്‍ മറ്റേതെങ്കിലും വ്യാജ മദ്യ ഉത്പാദനവുമായി ബന്ധപ്പെടുന്നുണ്ടോ എന്നും ഇയാളുടെ ഒപ്പം മറ്റേതെങ്കിലും ആളുകള്‍ സംഘത്തില്‍ ഉണ്ടോ എന്നും ഇയാള്‍ കൊടുക്കുന്ന ചെറുകിട കച്ചവടക്കാരെ കുറിച്ചും കൂടുതലായി അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!