ChuttuvattomMuttom

ഷോപ്പിംഗ് കോംപ്ലക്സിലെ അന്യസംസ്ഥാനതൊഴിലാളികളുടെ അനധികൃത താമസം: നടപടി സ്വീകരിച്ച് അധികൃതര്‍

തൊടുപുഴ: വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കുമായി വാടകയ്ക്ക് നല്‍കിയ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിച്ച സംഭവത്തില്‍ നടപടി. മുട്ടം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഇരാറ്റുപേട്ട റൂട്ടിലുള്ള ടാക്സി സ്റ്റാന്‍ഡിലെ മൂന്ന് നില കെട്ടിടത്തിലാണ് സംഭവം. ഓഫീസ് ആവശ്യത്തിനെന്ന വ്യാജേന കുറഞ്ഞ വാടകയ്ക്ക് മുറി കൈവശപ്പെടുത്തിയവര്‍ കനത്ത തുക ഈടാക്കിയ ശേഷം അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സംഘം കെട്ടിടത്തില്‍ മിന്നല്‍ പരിശോധന നടത്തി. മൂന്ന് നിലകളുള്ള കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള മുറികളിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം കണ്ടെത്തിയത്.

ഇതില്‍ രണ്ട് മുറികള്‍ മുട്ടം സ്വദേശികളായ രണ്ട് വ്യക്തികള്‍ക്കാണ് പഞ്ചായത്ത് കുറഞ്ഞ വാടകയ്ക്ക് നല്‍കിയിരുന്നത്. മൂന്നാമത്തെ മുറി ആര്‍ക്കും വിട്ട് നല്‍കിയിരുന്നില്ല. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തിയപ്പോള്‍ അടച്ചിട്ട മുറികളിലുള്‍പ്പെടെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതായും പാചകം ഉള്‍പ്പെടെയുള്ളവ നടത്തിയിരുന്നതായും വ്യക്തമായി. മുറികളിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെയും അവിടെ വരുത്തിയിരിക്കുന്ന രൂപമാറ്റവും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ചിത്രീകരിച്ച ശേഷം അവരെ പുറത്താക്കി മുറി പൂട്ടി. ഓരോ മുറിയിലും അഞ്ച് പേര്‍ വീതമാണ് താമസിച്ചിരുന്നതെന്നും തങ്ങളില്‍ നിന്ന് ആള്‍ക്ക് ആയിരം രൂപ വീതം മുറി കൈമാറിയവര്‍ ഈടാക്കിയിരുന്നതായും തൊഴിലാളികള്‍ പറഞ്ഞു. സംഭവത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ പഞ്ചായത്ത് കമ്മിറ്റി ചുമതലപ്പെടുത്തി.

 

Related Articles

Back to top button
error: Content is protected !!