ArakkulamChuttuvattom

പതിപ്പള്ളിയില്‍ നിര്‍മ്മിച്ച ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം നാളെ

അറക്കുളം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഇടുക്കി ജില്ലക്ക് അനുവദിച്ചു നല്‍കിയ ഫണ്ടുകള്‍ ഉപയോഗിച്ച് അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളിയില്‍ നിര്‍മ്മിച്ച ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച നടക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ഉദ്ഘാടനം നിര്‍വ്വഹിക്കും.അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് അധ്യക്ഷത വഹിക്കും.

യോഗത്തില്‍ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്‍സ്.സി.തോമസ്, കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോന്‍, ഇടുക്കി ജില്ലാ പഞ്ചായത്തംഗം എം.ജെ ജേക്കബ്, വിവിധ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എല്‍.ജോസഫ് ഷിബു ജോസഫ് സുശീല ഗോപി, ബ്ലോക്ക് മെമ്പര്‍മാരായ സ്‌നേഹന്‍ രവി, സെല്‍വരാജ്, വിവിധ പഞ്ചായത്തംഗങ്ങള്‍, ഇടുക്കി ബി.ഡി.ഓ പി.എ.മുഹമ്മദ് സബീര്‍, പഞ്ചായത്ത് സെക്രട്ടറി എം.എ.സുബൈര്‍, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.എസ്.അശ്വതി,ജൈവ വൈവിധ്യ സമിതി
പഞ്ചായത്ത് കണ്‍വീനര്‍ എ.ടി തോമസ് അഴകന്‍ പറമ്പില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എന്‍.ടി.വല്‍സമ്മ, പി.ടി.എ. പ്രസിഡന്റ് പി.ജി.ജനാര്‍ദ്ധനന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

പതിപ്പള്ളി ഗവ. ട്രൈബല്‍ സ്‌കൂളിന്റെ കോമ്പൗണ്ടിലാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുക, വംശനാശം നേരിടുന്ന സസ്യജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, പ്രാദേശിക പ്രാധാന്യമുള്ള ജീവജാലങ്ങളുടെ സംരക്ഷണം, വിദ്യാര്‍ത്ഥികളിലും, പൊതുജനങ്ങളിലും ഇവയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളോടെയാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. അറക്കുളം പഞ്ചായത്ത് മുഖേന ജൈവവൈവിധ്യ പരിപാലന സമിതിയുടേയും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയുടേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പാര്‍ക്കിനായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇരുനൂറിലധികം ഔഷധസസ്യങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ പാര്‍ക്കില്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്. പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരും, രക്ഷകര്‍ത്താക്കളും, നാട്ടുകാരും, ജൈവ വൈവിധ്യ പരിപാലന സമിതി അംഗങ്ങളും, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയംഗങ്ങളുമാണ് നേതൃത്വം നല്‍കിയത്.

Related Articles

Back to top button
error: Content is protected !!