ChuttuvattomVelliyamattom

ഭിന്നശേഷിക്കാരനെ പടുതാഷെഡില്‍ പൂട്ടിയിട്ട് കണ്ടെത്തിയ സംഭവം: കുട്ടിയെ പീസ് വാലി ഏറ്റെടുത്തു

തൊടുപുഴ: വെള്ളിയാമറ്റത്ത് രക്ഷിതാക്കള്‍ പടുതാഷെഡില്‍ ഉപേക്ഷിച്ച 18 വയസുള്ള ഭിന്നശേഷിക്കാരനെ കോതമംഗലത്തുള്ള പീസ് വാലി എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു. മാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ട പീസ് വാലി അധികൃതര്‍ ജില്ലാ കലക്ടര്‍, സാമൂഹിക നീതി ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ബന്ധപ്പെട്ട് കുട്ടിയെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയെ പ്രത്യേക വാഹനത്തില്‍ കോതമംഗലം പീസ് വാലിയിലേക്ക് കൊണ്ടുപോയി.

വെള്ളിയാമറ്റത്തെ ആദിവാസി മേഖലയായ മേലെത്തൊട്ടിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. 18 വയസുള്ള ഭിന്നശേഷിക്കാരനാണ് വീടിന്റെ അടുക്കളയ്ക്ക് സമീപമുള്ള ഷെഡില്‍ നാളുകളായി ആവശ്യത്തിന് ഭക്ഷണവും പരിചരണവും ലഭിക്കാതെ പൂര്‍ണ നഗ്നനായി കഴിഞ്ഞിരുന്നത്. നാളുകളായി ഭക്ഷണം ലഭിക്കാത്തതിനാല്‍ മണ്ണ് തിന്നതിന്റെ ലക്ഷണങ്ങള്‍ വായിലും ശരീരത്തിലും ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. വെള്ളിയാമറ്റം  പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തകരാണ് കുട്ടിയുടെ ദയനീയ അവസ്ഥ കണ്ടെത്തിയതും
പ്രഥമ ശുശ്രൂഷ നല്‍കി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. വിവരം ശ്രദ്ധയിൽപ്പെട്ട പീസ് വാലി അധികൃതര്‍ കുട്ടിയെ ഏറ്റെടുക്കാനും ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിയ പീസ് വാലി ഭാരവാഹികള്‍ കുട്ടിയെ ഏറ്റെടുത്തു. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത്. വീടിനകത്ത് മല മൂത്ര വിസര്‍ജനം ചെയ്യുന്നു എന്നതിനാലാണ് മകനെ പുറത്ത് കിടത്തിയിരുന്നത് എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഈ കുട്ടിയുടെ സഹോദരനും ഭിന്നശേഷിക്കാരനാണ്.സഹോദരനെ അടിമാലിയില്‍ ഒരു സ്ഥാപനത്തില്‍ ആക്കിയിരിക്കുകയാണെന്ന് പിതാവ് പറയുന്നു. കുട്ടിയുടെ അമ്മ മരണപ്പെട്ട ശേഷം അമ്മയുടെ സഹോദരിയെ കുട്ടിയുടെ അച്ഛന്‍ വിവാഹം കഴിക്കുകയും ഈ ബന്ധത്തിലുള്ള 11 വയസുള്ള മകളുമാണ് വീട്ടില്‍ താമസിക്കുന്നത്.

Related Articles

Back to top button
error: Content is protected !!