Idukki

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഹരിയെത്തുന്നു; പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ്

തൊടുപുഴ: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്നവരെ പിടികൂടാന്‍ എക്സൈസ് പരിശോധന വ്യാപിപ്പിച്ചു. ജില്ലയില്‍ അടുത്ത കാലത്ത് തൊടുപുഴ, അടിമാലി, ദേവികുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിക്കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന ഊര്‍ജിതമാക്കിയിരിക്കുന്നത്. ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ഉപയോക്താക്കളാണ്. എന്നാല്‍ ഇവരിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തില്‍പ്പെട്ടവര്‍ അപൂര്‍വ്വമായി മാത്രമേ പിടിക്കപ്പെടാറുള്ളൂ.

ഒരു വര്‍ഷത്തിനിടെ 6037 കേസുകള്‍

ലഹരി അനുബന്ധ കേസുകളുമായി ബന്ധപ്പെട്ട് 2022 ജൂണ്‍ മുതല്‍ 2023 ജൂണ്‍ വരെ 6037 കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. 894 അബ്കാരി കേസുകളും 545 മയക്കുമരുന്ന് കേസുകളും 4598 നിരോധിത പുകയില വില്‍പ്പന കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. മയക്കുമരുന്ന് കേസുകളില്‍ കൂടുതലും കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ്. 60 കേസാണ് രജിസ്റ്റര്‍ ചെയ്തത്. കുറവ് ജൂണിലും (31). നിരോധിത പുകയില വില്‍പ്പന കേസുകളില്‍ കൂടുതല്‍ കഴിഞ്ഞ ഒക്ടോബറിലാണ്, 766 എണ്ണം. കുറവ് കഴിഞ്ഞ മാര്‍ച്ചിലും, 213 കേസ്.  അബ്കാരി കേസുകളില്‍ ആകെ 866 പേരെയും മയക്കുമരുന്ന് കേസുകളില്‍ 554 പേരെയും ഇക്കാലയളവില്‍ അറസ്റ്റ്‌ചെയ്തു.  അബ്കാരി കേസുകളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായത് 2022 ഓഗസ്റ്റിലും മയക്കുമരുന്ന് കേസുകളില്‍ കൂടുതല്‍ അറസ്റ്റ് സെപ്തംബറിലുമാണ്. യഥാക്രമം 86ഉം 62ഉം. നിരോധിത പുകയില ഉല്‍പ്പന്ന വിപണ കേസുകളില്‍ 15,46,800 രൂപ പിഴ ഈടാക്കി. 140.15 ലിറ്റര്‍ സ്പിരിറ്റ്, 138.75 ലിറ്റര്‍ ചാരായം, 3372.85 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 51.558 ലിറ്റര്‍ ഹാഷിഷ് ഓയില്‍, 23.25 കിലോ കഞ്ചാവ്, 198.8 ലിറ്റര്‍ ബീര്‍, 5485 ലിറ്റര്‍ വാഷ് എന്നിവയും പിടിച്ചെടുത്തു. പ്രതികളുടെ പക്കല്‍നിന്ന് തൊണ്ടിക്കാശായി 72,850 രൂപ കണ്ടെടുത്തു. ആകെ 54 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. ലഹരിവസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച 81 വാഹനങ്ങളും പിടികൂടി. നൈട്രോസെപാം ഗുളിക, എം.ഡി.എം.എ, ചരസ്, എല്‍.എസ്.ഡി തുടങ്ങിയവയും പിടികൂടി.

ലഹരി വസ്തുക്കള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് കൂടുതലായി ലഹരിവസ്തുക്കള്‍ എത്തുന്നതെന്നാണ് വിവരം. തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് അതിര്‍ത്തി കടന്ന്  നേരിട്ട് ഇവയെത്തിക്കാന്‍ പ്രത്യേക സംഘങ്ങളുമുണ്ട്. ഇത്തരക്കാരെ പിടികൂടുന്നതിനായി ഈ ഒരു വര്‍ഷത്തിനിടെ 11,000ലേറെ പരിശോധനകളാണ് ആകെ നടത്തിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. വിവിധ വകുപ്പുകളുമായി സഹകരിച്ചും പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.  പോലീസും വനം വകുപ്പുമായും ചേര്‍ന്നും പരിശോധനകള്‍ നടത്തുന്നുണ്ട്. ഇതിന് പുറമേ സ്ട്രൈക്കിങ് ഫോഴ്സിനെ ഉപയോഗിച്ച് രാത്രി കാലങ്ങളില്‍ പട്രോളിങ്ങും വാഹന പരിശോധനയുമുണ്ട്. രണ്ട് സ്പെഷ്യല്‍ സ്‌ക്വാഡും ഒരു ഹൈവേ പട്രോളിങ്ങും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. വിനോദ സഞ്ചാരികളില്‍ നിന്നടക്കം അടുത്ത കാലങ്ങളില്‍ ലഹരിക്കേസുകള്‍ കണ്ടെത്തുന്നുണ്ട്.

വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും സ്‌കൂള്‍ മാഫിയ പ്രവര്‍ത്തിക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സജീവമാക്കിയതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബുകളുണ്ട്. അവരുടെ സഹായത്തോടെ പരിശോധന നടത്തി വരുന്നുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ തൊടുപുഴയിലടക്കം പരിശോധന നടത്തി. പരാതികളുള്ള സ്‌കൂളുകളില്‍ പ്രത്യേക പട്രോളിങ്ങ് നടത്താറുണ്ട്. അപരിചിതരെ പ്രത്യേകമായി നിരീക്ഷിക്കും. ഒരു സ്‌കൂളില്‍ ഒരു ജീവനക്കാരനെ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം വിവരങ്ങള്‍ കൈമാറും. പൊതുജനങ്ങള്‍ക്കായി വാര്‍ഡ് തല കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വിവര ശേഖരണത്തിനും ബോധവല്‍ക്കരണത്തിനും ഇവ സഹായകരമാകുന്നുണ്ടെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!