Idukki

ഇരവികുളത്ത് ഇതുവരെ പിറന്നത് 47 വരയാടിന്‍ കുഞ്ഞുങ്ങള്‍

തൊടുപുഴ: ഇരവികുളം ദേശീയ ഉദ്യാനത്തില്‍ ഈ സീസണില്‍ ഇതുവരെ പിറന്നത് 47 വരയാടിന്‍ കുഞ്ഞുങ്ങള്‍. ജനുവരി അവസാനവാരമാണ് ഇരവികുളത്ത് വരയാടുകളുടെ പ്രജനനകാലം തുടങ്ങിയത്.പ്രജനനകാലത്തെ തുടര്‍ന്ന് ഫെബ്രുവരി ഒന്നു മുതല്‍ രണ്ടു മാസത്തേക്ക് ഉദ്യാനം അടച്ചിരിക്കുകയാണ്.

 

ഇതോടെ വിനോദസഞ്ചാര കേന്ദ്രമായ രാജമലയില്‍ സഞ്ചാരികള്‍ക്കുള്ള പ്രവേശനവും നിരോധിച്ചു. കുമരിക്കല്ലിലാണ് ഇത്തവണ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ പിറന്നത്. 13 കുഞ്ഞുങ്ങളെയാണ് ഇവിടെ കണ്ടെത്തിയത്. ആനമുടിയില്‍ ഏഴും പെട്ടിമുടിയില്‍ നാലും രാജമലയില്‍ അഞ്ചും കുഞ്ഞുങ്ങളെ കണ്ടെത്തി.

 

വരയാട്ടുമൊട്ട, മേസ്തിരികെട്ട് എന്നിവടങ്ങളിലും കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇരവികുളം ദേശീയ ഉദ്യാനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കണക്കെടുപ്പില്‍ 785 വരയാടുകളെ കണ്ടെത്തിയിരുന്നു. 125 കുഞ്ഞുങ്ങളുണ്ടായിരുന്നു.

 

സഞ്ചാരികള്‍ക്ക് ട്രക്കിങ്ങും ബഗ്ഗി കാര്‍ സഫാരിയും

 

രാജമല അടച്ചതിനാല്‍ സഞ്ചാരികള്‍ക്കായി ട്രക്കിങ്ങും ബഗ്ഗി കാര്‍ സഫാരിയും ഒരുക്കിയിട്ടുണ്ട്. രാജമലയുടെ പ്രവേശന കവാടമായ അഞ്ചാംമൈല്‍ മുതല്‍ ഉദ്യാന അതിര്‍ത്തി വരെയാണ് ട്രക്കിങ്.തേയിലക്കാടുകള്‍, ഷോലവനങ്ങള്‍ എന്നിവടങ്ങള്‍ വഴിയാണ് മൂന്നു മണിക്കൂര്‍ നീളുന്ന ട്രക്കിങ്. വനം വകുപ്പ് വാച്ചര്‍മാരുടെ സേവനം ലഭ്യമാണ്. 500 രൂപയാണ് ഒരാളുടെ നിരക്ക്.

 

അഞ്ചാംമൈല്‍ മുതല്‍ ഉദ്യാനാതിര്‍ത്തിയിലുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ കാര്യാലയം വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരമാണ് ബഗ്ഗി കാര്‍ സഫാരി. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന ബഗ്ഗി കാറിന് 3000 രൂപയാണ് നിരക്ക്. ദിവസവും 50 മുതല്‍ 70വരെ സഞ്ചാരികള്‍ ട്രക്കിങ്ങും സഫാരിയും നടത്തുന്നുണ്ടെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി. വിനോദ്, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നേര്യംപറമ്ബില്‍ എന്നിവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!