Kerala

ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍ പാക്കേജുമായി ഐ.ആര്‍.സി.ടി.സി; ചരിത്ര – തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുള്ള യാത്ര 12 ദിവസം

തൊടുപുഴ: കര്‍ക്കടക മാസത്തില്‍ ഇന്ത്യയിലെ പുണ്യസ്ഥലങ്ങളും തീര്‍ഥാടന കേന്ദങ്ങളും സന്ദര്‍ശിക്കുവാന്‍ വിനോദസഞ്ചായ പാക്കേജുമായി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി.). കൊച്ചുവേളിയില്‍ നിന്നും ഈ മാസം 20 ആരംഭിച്ച് ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് 31-ന് തിരിച്ചെത്തുന്ന രീതിയിലാണ് ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍ പാക്കേജ് ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ‘ദേഖോ അപ്നാ ദേശ്’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇന്ത്യന്‍ റെയില്‍വേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകള്‍ ആരംഭിച്ചിരിക്കുന്നത്. എ.സി. ത്രീ ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവ ചേര്‍ന്ന് ആകെ 754 സഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ പ്രത്യേക ട്രെയിന്‍. പാക്കേജ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് കൊച്ചുവേളി, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജങ്ഷന്‍, പോടന്നൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ കയറാവുന്നതാണ്. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സി.സി.ടി.വി.  ക്യാമറകളും
സജ്ജീകരിച്ചിട്ടുണ്ട്. ബുക്കിങ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പര്‍ ക്ലാസിലോ എസിയിലോ ട്രെയിന്‍ യാത്ര, എ.സി അല്ലെങ്കില്‍ നോണ്‍ എ.സി വാഹനങ്ങളില്‍ യാത്ര എന്നിവയാണ് പാക്കേജില്‍ ക്രമീകരിച്ചിരിക്കുന്നത്. രാത്രി താമസത്തിനായി എ.സി. ഹോട്ടലുകള്‍, വെജിറ്റേറിയന്‍ ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം, യാത്രാ ഇന്‍ഷ്വറന്‍സ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടും.നോണ്‍ എ.സി.ക്ലാസ്സിലെ യാത്രയ്ക്ക് ഒരാള്‍ക്ക് 24,340 രൂപയും തേര്‍ഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് ഒരാള്‍ക്ക് 36,340 രൂപയുമാണ് നിരക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് എല്‍.ടി.സി. സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ആര്‍.സി.ടി.സി.യുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാം. വെബ്സൈറ്റ്: www.irctctourism.com/pacakage. ഫോണ്‍: 8287932082.

Related Articles

Back to top button
error: Content is protected !!