Uncategorized

കേരളാ കോണ്‍ഗ്രസ് അംഗമായ തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ സി.പി.എമ്മില്‍ ചേര്‍ന്നു

 

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് അംഗമായ തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. 11-ാം വാര്‍ഡായ കല്ലുമാരിയിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ മാത്യു ജോസഫാണ് സി.പി.എമ്മിലെത്തിയത്. 35 അംഗ നഗരസഭാ കൗണ്‍സിലില്‍ യു.ഡി.എഫ്- 12, എല്‍.ഡി.എഫ്- 15, എന്‍.ഡി.എ- എട്ട് എന്നിങ്ങനെയായി നിലവില്‍ കക്ഷിനില. നേരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നഗരസഭാ കൗണ്‍സിലില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതന്‍ സനീഷ് ജോര്‍ജിന്റെയും ലീഗില്‍ നിന്ന് കൂറുമാറിയെത്തിയ ജെസി ജോണിയുടെയും പിന്തുണയോടെ എല്‍.ഡി.എഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇരുവരെയും യാഥാക്രമം ചെയര്‍മാനും വൈസ് ചെയര്‍മാനുമാക്കി. സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി എം.എല്‍.എ ചെങ്കൊടിയും രക്തഹാരവും നല്‍കി മാത്യുവിനെ സ്വീകരിച്ചു. മാത്യുവിനൊപ്പം വാര്‍ഡിലെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മാത്യു വര്‍ഗീസും പൗലോസ് ജോര്‍ജും തൊടുപുഴ ടൗണ്‍ സഹകരണബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് പ്രതിനിധിയും തൊടുപുഴ വെസ്റ്റ് യൂത്ത് കോഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന വി.ടി. രാജീവും സി.പി.എമ്മില്‍ ചേര്‍ന്നു. സ്വീകരണ യോഗത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. മത്തായി, തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ആര്‍. ഷാജി, എം.എം. റഷീദ്, മുതലക്കോടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ബി. ജമാല്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി, കൗണ്‍സിലര്‍ മിനി മധു എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!