Idukki

വനസംരക്ഷണത്തിന് കേരളം നല്‍കുന്നത് പ്രഥമ പരിഗണന : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: വനസംരക്ഷണത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം മികച്ച പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനം കുമളി ഹോളിഡേ ഹോമില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു ജനങ്ങള്‍ക്ക് വനസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമുള്ള അവസരമാണ് വനമഹോത്സവം പോലുള്ള  പരിപാടികള്‍. വനത്തോടൊപ്പം വന്യ ജീവികളെയും കാടിന്റെ ഉള്ളില്‍ തന്നെ സംരക്ഷിക്കണം. ഇതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കണം. കേരളത്തിലെ വനമേഖല കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടതാണ്. ഇതു മികച്ച രീതിയില്‍ പരിപാലിച്ചു കൊണ്ടു പോകാന്‍ സംസ്ഥാനം അതീവശ്രദ്ധ നല്‍കുന്നുണ്ട്. വികസനപ്രവര്‍ത്തനങ്ങളില്‍  സഹകരണ മനോഭാവവും ടൂറിസം മേഖലയുടെ വികസനത്തിന് മൃദു സമീപനവും വനം വകുപ്പ് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വനമഹോത്സവത്തോടനുബന്ധിച്ചു മന്ത്രി ഹോളിഡേ ഹോം പരിസരത്ത് വൃക്ഷ തൈ നട്ടു. പരിപാടിയില്‍ വാഴൂര്‍ സോമന്‍ എം. എല്‍. എ അധ്യക്ഷനായിരുന്നു. തടാക തീരങ്ങളില്‍ മത്സ്യ സമൃദ്ധിക്ക് സഹായിക്കുന്ന ഇനം വനവൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന വൃക്ഷസമൃദ്ധി മത്സ്യ സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എം.എല്‍.എ  നിര്‍വ്വഹിച്ചു. മാജിക്കല്‍ മൗണ്ടന്‍സ് ഓഫ് മാങ്കുളം എന്ന വീഡിയോ ഡോക്യുമെന്ററിയുടെ പ്രകാശനവും എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് , വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, വനം വകുപ്പ് അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരായ രാജേഷ് രവീന്ദ്രന്‍, പ്രകൃതി ശ്രീവാസ്തവ , പ്രമോദ് ജി. കൃഷ്ണന്‍, ചീഫ് കണ്‍സര്‍വേറ്റര്‍മാരായ പ്രമോദ് പി. പി, ജെ. ജസ്റ്റിന്‍ മോഹന്‍, അരുണ്‍ ആര്‍.എസ്, നീതു ലക്ഷ്മി, കുമളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ ജെയിംസ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ തുടങ്ങി വിവിധ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!