Kerala

കേരളം കേന്ദ്രത്തിന്റെ അടിമയല്ല, സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം; മന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം:  കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്നും തുറന്നടിച്ച് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്. ജനസംഖ്യാനുപാതികമായി വരുമാനത്തിൽ കുറവു വരുത്തിയപ്പോൾ കേരളത്തിന് വലിയ കുറവാണ് വരുത്തിയത്. മാനദണ്ഡ പ്രകാരമായല്ല ഈ കുറവ് വന്നത്. ഇത് കേന്ദ്രമന്ത്രി വി. മുരളീധരൻ അംഗീകരിക്കുമോയെന്നും ധനമന്ത്രി ചോദിച്ചു.

കേരളത്തിന്റെ താൽപര്യം പറയുമ്പോ ഇവിടുള്ളവർ മണ്ടൻമാരാണോ എന്ന് ചോദിക്കുകയാണ് കേന്ദ്രസഹമന്ത്രി. സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം. കിട്ടാനുള്ളതിന്റെ കണക്കാണ് ഞങ്ങൾ പറയുന്നത്. 6000 കോടി നിലവിലെ കുടിശികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നേരത്തേ രം​ഗത്തെത്തിയിരുന്നു. മന്ത്രിയെന്നാൽ ഒരു സ്റ്റാറ്റസ് വേണമെന്നും എന്തും പറയാൻ അവകാശമുണ്ടെന്ന് കരുതി പുറപ്പെട്ടാൽ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരൻ കളവ് പറയുകയാണ്. അർഹമായ കേന്ദ്ര വിഹിതം കേരളത്തിന് ലഭിക്കുന്നില്ല. കൃത്യമായ മറുപടിയില്ലാതെ വെറുതെ ഓരോന്നു വിളിച്ചു പറയുകയാണ് മന്ത്രി. കേന്ദ്ര വിഹിതം ആരുടെയും ഔദാര്യമല്ലെന്ന് ഓർക്കണം. റവന്യൂ കമ്മി നികത്തുന്നതിന് നയാപൈസ തന്നിട്ടില്ല. ഇവിടത്തെ ധൂർത്ത് കണ്ടുപിടിക്കാൻ സി&എജി ഉണ്ട്. കണ്ടുപിടിക്കട്ടെ, ആർക്കാണ് അതിൽ തർക്കമുള്ളതെന്നും ​ഗോവിന്ദൻ ചോദിച്ചു.കണക്ക് ചോദിച്ചാൽ മറുപടി പറയാൻ കഴിയാത്ത മന്ത്രിമാരാണ് കേരളത്തിലേതെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമർശം. കേരളത്തിലെ ജനങ്ങൾ സഹികെട്ടാൽ പ്രതികരിക്കും എന്നുള്ള കാര്യത്തിൽ സർക്കാരിന് സംശയം വേണ്ട. കണക്ക് ചോദിച്ചാൽ പറയാനുള്ള ധാരണ പോലും ഭക്ഷ്യ മന്ത്രിക്കില്ലെന്നും മുരളീധരൻ പരിഹസിച്ചിരുന്നു.ഡൽഹിയിൽ ധർണ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയും കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു. ധർണ്ണ ഇരുന്നാൽ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നൽകണം. മാനദണ്ഡം പുതുക്കിയത് അറിയില്ലെങ്കിൽ ഭരിക്കാൻ ഇരിക്കരുത്. ഡൽഹിയിൽ ധർണ നടത്തിയിട്ട് ഒരു കാര്യവും ഇല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!