Kerala

കൊവിഡില്‍ ജാഗ്രത; കേരളത്തിലെ പുതിയ വ്യാപന കാരണം ജെഎന്‍.1 ഉപവകഭേദം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും വ്യാപിക്കുന്ന കൊവിഡിന് കാരണം ജെഎന്‍ 1 ഉപവകഭേദമെന്ന് ശാസ്ത്രജ്ഞര്‍. നിലവില്‍ യുഎസിലും ചൈനയിലും പടരുന്ന കൊവിഡിന്റെ ഉപവകഭേദമാണ് കേരളത്തിലും കണ്ടെത്തിയിരിക്കുന്നത്. പൊതുജനാരോഗ്യവും ആശുപത്രി തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തും. ഡിസംബര്‍ 18നകം മോക് ഡ്രില്‍ പൂര്‍ത്തിയാക്കും.
കൊവിഡ് വകഭേദമായ ബിഎ.2.86ന്റെ ഉപവകഭേദമാണ് ജെഎന്‍ 1. പൈറോള എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പറയുന്നതനുസരിച്ച്, നിലവില്‍ കണ്ടെത്തിയിട്ടുള്ള വാക്സിനുകള്‍ക്ക് പൈറോളയെ ഫലപ്രദമായി തടയാന്‍ കഴിവുണ്ട്. ഇതുമൂലം മരണ സാധ്യതയും കുറയ്ക്കാനാകും.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ 1492 കൊവിഡ് കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്നാണ് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് കുന്നുമല്‍ വട്ടോളിയില്‍ കളിയാട്ടുപറമ്പത്ത് കുമാരന്‍ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

Related Articles

Back to top button
error: Content is protected !!