Thodupuzha

അമിത പലിശയ്ക്ക് പണം കടംകൊടുത്ത കേസ്:  കുബേര കേസില്‍ യുവാവ് പിടിയില്‍

തൊടുപുഴ: അമിത പലിശയ്ക്ക് പണം കടംകൊടുത്ത് ലക്ഷങ്ങള്‍ പലിശയിനത്തില്‍ തട്ടിയെടുത്തയാളെ കുബേര കേസില്‍ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കീരികോട് കാപ്പിത്തോട്ടം ഒലിപ്പുരയില്‍ കംസന്‍ എന്നു വിളിക്കുന്ന അരുണ്‍ രാജ് പിള്ളയെ(40) യാണ് ഡിവൈ.എസ.്പി എ.ജി.ലാല്‍, സി.ഐ വി.സി.വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പണം കടം കൊടുക്കുന്നതിനുള്ള നിയമപരമായ രേഖകളില്ലതെയാണ് ഇയാള്‍ പണമിടപാടു നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളില്‍ നിന്നും പണം കടം വാങ്ങിയവര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തൊടുപുഴ സ്വദേശി അരുണില്‍ നിന്ന് 18 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതിന് 15 ദിവസത്തേക്ക് 1.75 ലക്ഷം രൂപയാണ് പലിശയായി വാങ്ങിയിരുന്നത്. ഇത്തരത്തില്‍ 42 ലക്ഷം രൂപ തിരികെ നല്‍കിയെങ്കിലും തുടര്‍ന്നും പണവും പലിശയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. കൂടാതെ പ്രതിക്കെതിരെ ഇത്തരത്തില്‍ ഏഴു പരാതികള്‍ ഇതിനോടകം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ ഉടമസ്ഥയിലുള്ള സൈക്കിള്‍ ഷോപ്പിലും വീട്ടിലും പോലീസ് നടത്തിയ പരിശോധനയില്‍ 10 ആധാരങ്ങളും 30 ചെക്ക് ലീഫുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!