Idukki

കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടല്‍: 5 പേരുടെ മൃതദേഹം കണ്ടെടുത്തു

ഇടുക്കി : തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 5 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ട് മരിച്ചത്.ഇവരിൽ തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തൊട്ടു പിന്നാലെ കൊച്ചുമകൻ ദേവാനന്ദിന്‍റെ മൃതദേഹം കണ്ടെടുത്തു. വീടിനു താഴെയായി അടിഞ്ഞുകൂടിയ മണ്ണിന് അടിയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഷിമയുടെ  മൃതദേഹം കണ്ടെത്തി . പൊലീസിന്‍റേയും ഫയർഫോഴ്സിന്‍റേയും നാട്ടുകാരുടേയും ശ്രമം തുടരുന്നതിനിടെ തന്നെ ഡോഗ് സ്ക്വാഡ് എത്തിയത്. ഡോഗ് സ്ക്വാഡിന്‍റെ പരിശോധനയിലാണ് വീടിരുന്ന ഭാഗത്ത് തന്നെ സോമന്‍റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമാകും ബന്ധുക്കൾക്ക് വിട്ടുനൽകുക

രാത്രി 10 മണിയോടെ തുടങ്ങിയ ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ടാപ്പിങ് തൊഴിലാളി ആയിരുന്നു സോമൻ. അഞ്ച് സെന്‍റ് സ്ഥലത്താണ് സോമന്‍റെ വീട് ഉണ്ടായിരുന്നത്. പുലർച്ചെ വലിയ ശബ്ദം കേട്ടതോടെ എത്തിയ നാട്ടുകാരാണ് ഉരുൾപൊട്ടലിനെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. ഉരുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ അതിഭയങ്കരമായ അപകടം ഒഴിവായിമലവെള്ള പാച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഈ ഭാഗത്ത് നിന്നുളള ആളുകളെ താൽകാലികമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ഭയങ്കരമായ രീതിയിൽ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കാനും ശ്രമം തുടങ്ങി.മണിക്കൂറുകൾ ശ്രമിച്ചിട്ടാണ് രണ്ട് ജെ സി ബികൾ ഇവിടെ എത്തിക്കാനായത്. മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്. മുമ്പ് ഉരുൾപൊട്ടിയ മേഖലയിൽ ഉൾപ്പെടുന്നതല്ല ഈ സ്ഥലം എന്ന് നാട്ടുകാർ പറയുന്നുണ്ട് . മലയോര പ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ചു.

Related Articles

Back to top button
error: Content is protected !!