ChuttuvattomIdukki

ഭൂ നിയമ ഭേദഗതി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘടിത ശ്രമം നടത്തുന്നു

ഇടുക്കി: ഭൂ നിയമ ഭേദഗതിയില്‍ പ്രസക്തി നഷ്ടപ്പെട്ട് പോയവരും ധനസമ്പാദനം നിലച്ചു പോയ സംഘടനകളും രാഷ്ട്രീയ നിരാശപൂണ്ടവരും കൂട്ടം ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘടിത ശ്രമം നടത്തുന്നതായി സി.പി.എം  ജില്ലാ കമ്മറ്റി. വായില്‍ വരുന്നത് കോതക്ക് പാട്ടെന്നപോലെ ഓരോരുത്തരും അസത്യങ്ങള്‍ വിളിച്ചു കൂവുകയും പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. 1500 ചതുരശ്ര അടി വരെ വിസ്താരമുള്ള നിര്‍മാണങ്ങള്‍ മാത്രമേ ക്രമവല്‍ക്കരിച്ച് നല്‍കുകയുള്ളൂ എന്ന് തെറ്റായി പ്രചരിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കൂടിയാലോചനകളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കെ 1500 ചതുരശ്ര അടിക്ക് മുകളിലുള്ളവരെല്ലാം കനത്ത ഫീസ് നല്‍കേണ്ടി വരുമെന്ന് വ്യാജ പ്രചരണം അഴിച്ചുവിട്ട് ആശങ്കയുടെ മൊത്തവ്യാപാരികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് വരെയുള്ള നിര്‍മാണങ്ങള്‍ നിയമ സാധുത ഉള്ളതാക്കുന്നതിന് ഫീസ് ചുമത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഓരോരുത്തരും സ്വന്തം നിഗമനങ്ങള്‍ക്ക് അനുസരിച്ച് ഫീസ് നിശ്ചയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഭൂ നിയമ ഭേദഗതി പാസ്സായതിലൂടെ പതിനായിരക്കണക്കിന് നിര്‍മാണങ്ങള്‍ക്കാണ് നിയമ സാധുത കൈവരുന്നത്. ആയിരക്കണക്കായ ആരാധനാലയങ്ങള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, അംഗന്‍വാടികള്‍, ലൈബ്രറികള്‍, ക്ലബ്ബുകള്‍, ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ 60 വര്‍ഷത്തിനിടയിലുണ്ടായിട്ടുള്ള മുഴുവന്‍ നിര്‍മ്മാണങ്ങള്‍ക്കും നിയമപരമായ അംഗീകാരം വന്നു ചേര്‍ന്നിരിക്കെ 3 പാര്‍ടി ഓഫീസുകള്‍ക്കാണ് പുതിയ ബില്ലിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് ബോധപൂര്‍വ്വമായ പ്രചരണം അഴിച്ചു വിടാന്‍ അരാഷ്ട്രീയ കോമാളികള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. നിയമ സഭയില്‍ ബില്ല് ഏകകണ്ഠമായാണ് പാസാക്കപ്പെട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബില്ലിനെ അനുകൂലിച്ച ശേഷവും ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വം അന്തസില്ലായ്മയുടെ രാഷ്ട്രീയമാണ് പുറത്തെടുക്കുന്നത്. ഉപാധിരഹിത പട്ടയം, വരുമാന പരിധിയില്ലാത്ത പട്ടയം, 4 ഏക്കര്‍ വരെയുള്ള ഭൂമിക്ക് പട്ടയം, ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശം ഇവയെല്ലാം ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇടുക്കിയിലെ മനുഷ്യര്‍ക്കായി നടപ്പാക്കിയതാണ്. ഭൂ നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാക്കിയതു പോലെ അനുബന്ധ ചട്ടങ്ങളും ഉടന്‍ തന്നെ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!