IdukkiThodupuzha

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി; കൃത്യനിര്‍വഹണ സമയത്തില്‍ ഇടുക്കി ജില്ലക്കാരോട് വിവേചനമെന്ന് പരാതി

തൊടുപുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണ സമയത്തില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ളവരോട് വിവേചനമെന്ന് പരാതി. ജോലി സമയം സംബന്ധിച്ച് ഇറക്കിയ ഉത്തരവിലെ അശാസ്ത്രീയത മൂലം പലപ്പോഴും നിശ്ചിത സമയത്തും ഫലപ്രദമായും ജോലി ചെയ്യാനാവാതെ ദുരിതത്തിലായിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മറ്റ് 13 ജില്ലകളിലും എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായാണ് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇടുക്കി ജില്ലയില്‍ ഇത് 12 മണിക്കൂറിന്റെ രണ്ട് ഷിഫ്റ്റുകളായി നിജപ്പെടുത്തി. ഇത്തരത്തില്‍ ദിവസത്തിന്റെ പകുതിയിലേറെ സമയവും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ഥിതിയിലാണിവര്‍. ഇതിന് പുറമേ എട്ട് – ഒമ്പത് ദിവസം കൂടുമ്പോള്‍ ഡ്യൂട്ടി സമയത്തിന് ചെയ്ഞ്ച് വരുന്നതിനാല്‍ ആ ദിവസങ്ങളില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായും ജോലി ചെയ്യേണ്ടി വരും. ഇത് പ്രായമായവരെയും അല്ലാത്തവരെയും ഒരു പോലെ ബുദ്ധിമുട്ടിലാക്കുന്നതായാണ് പരാതി.

രണ്ട് ഷിഫ്റ്റുകള്‍ മാത്രമുള്ളതിനാല്‍ ഡ്യൂട്ടി ഭാരം മൂലം പലപ്പോഴും കൃത്യനിഷ്ഠയോടെയും ഫലപ്രദമായും ജോലി ചെയ്യാന്‍ പോലും സാധിക്കുന്നില്ല. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ ആകെ തകരാറിലാക്കുന്നതിനും സാധ്യതയുണ്ട്. പല നിയമ ലംഘനങ്ങളും കണ്ടെത്താനോ പരിശോധന നടത്താനോ ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. നിലവിലെ ഉത്തരവനുസരിച്ച് തെരഞ്ഞെടുപ്പ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയാല്‍ 100 മിനിട്ടിനുള്ളില്‍ പരിഹാരം ഉണ്ടാക്കണമെന്നാണ്. എന്നാല്‍ ഇത് പലപ്പോഴും സാധിക്കുന്നില്ല. നിശ്ചിത സമയ പരിധിക്കുള്ളില്‍ എല്ലായിടത്തും ഓടിയെത്താന്‍ പ്രത്യേക തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല. ഒരു നിയോജക മണ്ഡലത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്, വീഡിയോ സര്‍വ്വയലന്‍സ് ടീം എന്നിവയുള്‍പ്പെടെ അഞ്ചംഗങ്ങള്‍ വീതമുള്ള എട്ട് സ്‌ക്വാഡുകളിലായി 40 അംഗങ്ങളാണുള്ളത്. പ്രധാനമായും നഗരസഭാ, പഞ്ചായത്ത് സെക്രട്ടറിമാരും പോലീസും ഉള്‍പ്പെടെയുള്ളവരാണ് സ്‌ക്വാഡിലെ അംഗങ്ങള്‍.

ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഡ്യൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഡ്യൂട്ടി സമയം ക്രമീകരിച്ചതിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇത് കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താനോ പരിഹാരം കാണാനോ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. മാര്‍ച്ച് 21 മുതല്‍ ആരംഭിച്ച ഡ്യൂട്ടി ഏപ്രില്‍ 24 വരെയുണ്ടാകുമെന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്.  പ്രശ്‌നത്തില്‍ അയിന്തിരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ മെഡിക്കല്‍ ലീവ് എടുത്ത് ഡ്യൂട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനുള്ള നീക്കത്തിലാണ് ജീവനക്കാര്‍. തെരഞ്ഞെടുപ്പ് നടപടിക്രമത്തിനായി വന്‍ തോതില്‍ ഫണ്ട് ചെലവഴിക്കുമ്പോഴും കൂടുതല്‍ ജീവനക്കാരെ വച്ച് കൃത്യനിര്‍വഹണം ഫലപ്രദമായി നടപ്പാക്കാന്‍ ശ്രമിക്കാത്തതിലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.

 

Related Articles

Back to top button
error: Content is protected !!