Kerala

ന്യൂ​ന​മ​ർ​ദം; ശ​നി​യാ​ഴ്ച വ​രെ വ്യാ​പ​ക​മ​ഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ /കിഴക്കന്‍ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്റെ ഫലമായി അടുത്ത ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ രൂപപ്പെടുന്ന ന്യുനമര്‍ദം വ്യാഴാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് ഞായറാഴ്ച രാത്രി 11.30 വരെ 1.0 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് ഞായറാഴ്ച രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

 

Related Articles

Back to top button
error: Content is protected !!