ChuttuvattomIdukki

പി.ടി തോമസിന്റെ വേര്‍പാടില്‍ അനുശോചന പ്രവാഹം

തൊടുപുഴ: തൃക്കാക്കര എം.എല്‍.എ യും തൊടുപുഴയുടെ മുന്‍ എം.എല്‍.എയും മുന്‍ ഇടുക്കി എം.പി യുമായിരുന്ന പി.ടി തോമസിന്റെ നിര്യാണം നികത്താന്‍ ആകാത്ത വിടാവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുശോചന കുറുപ്പില്‍ അറിയിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപ്പെടുകയും വ്യാപാരികളുമായി വളരെയധികം അടുപ്പം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. പറയാനുള്ള കാര്യങ്ങള്‍ അതു ആരുടെ മുന്നിലും പറയാന്‍ ആര്‍ജവം കാണിച്ച നേതാവാണ് പി.ടി തികഞ്ഞ പ്രകൃതി സ്‌നേഹിയും മനുഷ്യ സ്‌നേഹിയുമായിരുന്നു അദ്ദേഹമെന്ന് അസോസിയേഷന്‍ അനുസ്മരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി.ജി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ്മാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റിയന്‍, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സര്‍ഗം, ബെന്നി ഇല്ലിമൂട്ടില്‍, യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി തുടങ്ങിയവര്‍ അനുസ്മരിച്ചു.

തൊടുപുഴ: പി.ടി തോമസ് എം.എല്‍.എയ്ക്ക് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നിയമസഭാ അംഗമെന്ന നിലയില്‍ വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് സഭയില്‍ അവതരിപ്പിക്കുകയും സഭ ചര്‍ച്ചകളില്‍ വളരെ ഗൗരവപൂര്‍വം ഇടപെടുകയും ചെയ്തിരുന്ന പി.ടി തോമസ് ലാഭനഷ്ടം നോക്കാതെ ചങ്കുറപ്പോടെ നിലപാട് സ്വീകരിച്ച രാഷ്ര്ടീയ നേതാവായിരുന്നു.
അദ്ദേഹവുമായി പുലര്‍ത്തിയിരുന്ന ആത്മബന്ധം ഒരിക്കലും മറക്കാനാവാത്തതാണെന്ന് നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രഫ.കെ.ഐ.ആന്റണി, റെജി കുന്നംകോട്ട്, ആമ്പല്‍ ജോര്‍ജ്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചന്‍ ഓലിക്കരോട്ട്, അഡ്വ ബിനു തോട്ടുങ്കല്‍ , ജോസ് കവിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊടുപുഴ: പി.ടി. തോമസ് എം.എല്‍.എയുടെ നിര്യാണത്തില്‍ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട് അനുശോചനം രേഖപ്പെട്ടുത്തി.

തൊടുപുഴ: തൊടുപുഴയുടെ മുന്‍ എം.എല്‍.എ യും ഇടുക്കിയുടെ മുന്‍ എംപി യും , തൃക്കാര എം.എല്‍.എ യും, കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന പി.ടി തോമസിന്റെ നിര്യാണത്തില്‍ സി.പി.ഐ തൊടുപുഴ താലൂക്ക് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പൊതു സമൂഹത്തിന് കരുത്തനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി ജോയി, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. സലിം കുമാര്‍ എന്നിവര്‍ അനുശോചിച്ചു.

തൊടുപുഴ: പി.ടി തോമസ് എം.എല്‍.എയുടെ നിര്യാണത്തില്‍ കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. പി.ടി തോമസിന്റെ വേര്‍പാട് രാഷ്ര്ടീയ കേരളത്തിന് അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് പറഞ്ഞു.

തൊടുപുഴ: തൊടുപുഴയുടെ നിയോജക മണ്ഡലത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ജനപ്രതിനിധി ആയിരുന്നു പി.ടി തോമസെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തൊടുപുഴ: തൃക്കാക്കര എം.എല്‍.എയും, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും ഇടുക്കി മുന്‍ എം.പിയും, തൊടുപുഴ എം.എല്‍.എയുമായിരുന്ന പി.ടി തോമസിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പാരിസ്ഥിതിക വിഷയങ്ങളില്‍ ദീര്‍ഘവീഷണത്തോടുകൂടി നിലപാടുകള്‍ സ്വീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു എന്ന് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള അനുസ്മരിച്ചു.

തൊടുപുഴ: പി.ടി തോമസ് എം.എല്‍.എയുടെ നിര്യാണത്തില്‍ ഭാരതീയ നാഷണല്‍ ജനതാദള്‍ ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട് അനുശോചിച്ചു.

തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എം.എല്‍.എ യുടെ ആകസ്മിക വേര്‍പാടില്‍ തൊടുപുഴ താലൂക്ക് റൂറല്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഭരണസമിതി യോഗം അനുശോചിച്ചു. പ്രസിഡന്റ് ജയകൃഷ്ണന്‍ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സാജു കുന്നേമുറി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഷിബു ഈപ്പന്‍, ജോമി കുന്നപ്പള്ളി, ഷാജി വര്‍ഗീസ്, സിഎസ് ശശീന്ദ്രന്‍, നിമ്മി ഷാജി, പി എച്ച് അസീസ്, കെആര്‍ സുരേഷ്,സിനി മനോജ്, രാജലക്ഷ്മി പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊടുപുഴ: പി.ടി.തോമസിന്റെ ആകസ്മികമായ നിര്യാണം ജനാധിപത്യ കേരളത്തിന് തീരാ നഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം പ്രഫ കെ.ഐ ആന്റണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടിയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി കെ.ഐ ആന്റണി അറിയിച്ചു.

തൊടുപുഴ: ധീരനായ പൊതുപ്രവര്‍ത്തകനും പ്രഗത്ഭനായ പാര്‍ലമെന്റേറിയനുമായിരുന്നു പി.ടി. തോമസെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ മരണം യുഡിഎഫ് നും കോണ്‍ഗ്രസിനും തീരാനഷ്ടമാണ്. കേരളത്തിനു കരുത്തനായ ഒരു നേതാവിനെയാണ് ഇതു മൂലം നഷ്ടമായിരിക്കുന്നതെന്നും അദേഹം അനുസ്മരിച്ചു.

തൊടുപുഴ: ഉറച്ച നിലപാടുകളുള്ള കരുത്തനായ ഒരു പൊതുപ്രവര്‍ത്തകനും പാര്‍ലമെന്റേറിയനെയുമാണ് പി.ടി തോമസിന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തിന് നഷ്ടമായിരിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

തൊടുപുഴ: കേരള രാഷ്ട്രീയത്തില്‍ ഉജ്ജ്വലമായ രാഷ്ട്രീയ പ്രവര്‍ത്തകന്റെ മികവ് തെളിയിച്ച കരുത്തനായ ഒരു പോരാളിയായിരുന്നു പി.ടി. തോമസ് എന്ന് കേരളാ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!