Idukki

അക്ഷയ കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 30 വരെ മസ്റ്ററിംഗ് നടത്താം- ജില്ലാ കളക്ടര്‍

 

ഇടുക്കി: തദ്ദേശസ്വയംഭരണ വകുപ്പിലൂടെ ലഭ്യമാകുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴി ലഭിക്കുന്ന ക്ഷേമപെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ജീവന്‍ രേഖ മസ്റ്ററിംഗ് 2023 ജൂണ്‍ 30 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി നടത്താവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മസ്റ്ററിംഗ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കിടപ്പ് രോഗികളുടെയും ശാരീരിക അവശത അനുഭവിക്കുന്ന അനുബന്ധ വിഭാഗക്കാരുടെയും പട്ടിക അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പരിശോധിച്ച് പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് വീടുകളിലെത്തി നടത്തുക. മറ്റ് തരത്തിലുളള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിന് 30 രൂപയും വീടുകളിലെത്തി മസ്റ്ററിംഗ് നടത്തേണ്ട വിഭാഗക്കാര്‍ക്ക് 50 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഗുണഭോക്താക്കളാണ് ഈ തുക അക്ഷയകേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ടത്.
നിശ്ചിത ഫീസില്‍ കൂടുതല്‍ തുക പൊതുജനങ്ങളില്‍ നിന്നും അക്ഷയ കേന്ദ്രങ്ങള്‍ വാങ്ങാന്‍ പാടില്ല. മസ്റ്ററിംഗ് ചെയ്യുന്നതിന് അക്ഷയ സംരംഭകര്‍ക്ക് നല്‍കിയിട്ടുളള യൂസര്‍ ഐ.ഡി., പാസ്വേഡ് എന്നിവ മറ്റ് വ്യക്തികള്‍ക്ക് കൈമാറാന്‍ പാടില്ല. മസ്റ്ററിംഗ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!