Kerala

ബഫര്‍ സോണ്‍; പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പരാതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും എ കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറ‍ഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുളള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ സര്‍ക്കാരിന് മുന്നിലെത്തിയത് 63500 പരാതികളാണ്. ഇതില്‍ 24528 പരാതികള്‍ തീര്‍പ്പാക്കി. മറ്റുളളവ പരിശോധിച്ച് തീര്‍പ്പാക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. നാളെ ചേരുന്ന വിദഗ്ധ സമിതി ഇതുവരെയുളള നടപടികളുടെ പുരോഗതി വിലയിരുത്തും. ഒരു വട്ടം സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഇനിയും പരാതി നല്‍കുന്നതിന് സമയം നല്‍കേണ്ടതില്ല. ഇതുവരെ കിട്ടിയ പരാതികള്‍ പലതും അനാവശ്യ പരാതികളെന്നും പരിശോധനയില്‍ ബോധ്യമായി. സമയപരിധി നീട്ടി നല്‍കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും എ കെ ശശീന്ദ്രന്‍ പറ‍ഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതി വരുന്ന ബുധനാഴ്ച പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കേസില്‍ കക്ഷി ചേരാനുളള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍, ബഫര്‍സോണ്‍ മേഖലകളില്‍ നടത്തിയ ഉപഗ്രഹ സര്‍വേ എന്നിവയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കാനാണ് നീക്കം. ബഫര്‍ സോണ്‍ മേഖലകളില്‍ നേരിട്ടുളള പരിശോധന പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യവും കേരളം ഉന്നയിക്കും.

Related Articles

Back to top button
error: Content is protected !!