ChuttuvattomThodupuzha

ഡയാലിസിസ് മെഷീന്‍ തകരാറിലായിട്ട് മാസങ്ങള്‍;പ്രതിഷേധവുമായി രോഗികള്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടി

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് മെഷീനുകളില്‍ ഭൂരിഭാഗവും തകരാറിലായി മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ നടപടിയില്ല. ആകെയുള്ള 14 മെഷീനുകളില്‍ ആറെണ്ണം മാത്രമെ നിലവില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. സംഭവത്തില്‍ പ്രതിഷേധവുമായി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുന്ന വൃക്കരോഗികള്‍ രംഗത്തെത്തി. എന്നാല്‍ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത സ്വകാര്യ കമ്പനികള്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാകാത്തത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെയാണ് ഡയലാസിസ് ചെയ്യുന്ന രോഗികളടക്കം അമ്പതോളം പേര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയത്. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ചികിത്സ പഴയ രീതിയില്‍ ലഭിക്കുന്നില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. നാലു മാസത്തോളമായി ഡയാലിസിസ് യൂണിറ്റിന്റെ യു.പി.എസ്  തകരാറിലായിരിക്കുകയാണ്. നിലവില്‍ ആശുപത്രിയിലുള്ള 13 യൂണിറ്റുകളില്‍ ഏഴ് യൂണിറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതുമൂലം  സാധാരണക്കാരായ രോഗികള്‍ക്ക് ഡയാലിസിസിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നാല്‍പതോളം രോഗികളാണ് ഡയാലിസിസിനായി തൊടുപുഴ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ഒരു രോഗിക്ക് നാലു മണിക്കൂറാണ് ഡയാലിസിസിനുള്ള  സമയം. ഇപ്പോള്‍ ഏഴു യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഷിഫ്റ്റ് അനുസരിച്ച് ഒരു രോഗിക്ക് മൂന്നു മണിക്കൂറാണ് ഡയാലിസിസിന് വേണ്ടി വരുന്നത്. സമയം കുറയുന്നത് മൂലം പല തരത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നാണ് രോഗികള്‍ ചൂണ്ടിക്കാട്ടുന്നത്. പല തവണ ആശുപത്രി അധികൃതരടക്കമുള്ളവരോട് വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

കരാര്‍ ഏജന്‍സിയുടെ വീഴ്ച്ചയെന്ന് ആശുപത്രി അധികൃതര്‍

കോണ്‍ട്രാക്ടിലുള്ള സ്വകാര്യ കമ്പനിയാണ് മൂന്നു വര്‍ഷത്തെ വാറണ്ടിയോടെ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിച്ചത്. യന്ത്രത്തിന്  തകരാര്‍ സംഭവിച്ചാല്‍ പരിഹരിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്വമാണ്. യൂണിറ്റ് തകരാറിലായ വിവരം ബന്ധപ്പെട്ട കമ്പനിയെ ധരിപ്പിച്ചിട്ടുണ്ടെന്ന്‌ന് ആശുപത്രി സൂപ്രണ്ട് ഡോ. അജി.പി.എന്‍ പറഞ്ഞു. കരാറിലുള്ള കമ്പനി അധികൃതരെത്തി തകരാര്‍ പരിഹരിക്കുന്നതിനായി ഇന്നലെ  യു.പി.സ് കൊണ്ടുപോയിട്ടുണ്ട്. ജൂണ്‍ 29 ന് തകരാറിലായ ഉടന്‍ തന്നെ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നതും ഇവര്‍ എത്താന്‍ വൈകിയതാണ് പ്രതിസന്ധി ഉടഡലെടുക്കാന്‍ കാരണമെന്നും എങ്കിലും ഡയാലിസിസ് ഇതുവരെ മുടങ്ങിയിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!