ChuttuvattomMuthalakodam

റോഡുകള്‍ തകര്‍ന്നിട്ട് മാസങ്ങള്‍: കണ്ടില്ലെന്ന് നടിച്ച് നഗരസഭ

തൊടുപുഴ: മുതലക്കോടം സെന്റ് ജോര്‍ജ് ഹൈസ്‌കൂളിനും ഹയർസെക്കൻററി സ്‌കൂളിനും മുന്നിലൂടെ കടന്നു പോകുന്ന റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി. നൂറു കണക്കിന് വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡാണ് അധികൃതരുടെ അവഗണന മൂലം നാളുകളായി ശോച്യാവസ്ഥയില്‍ കിടക്കുന്നത്. വലിയ കുഴികള്‍ രൂപപ്പെട്ടതോടെ റോഡില്‍ വെള്ളക്കെട്ടും പതിവാണ്. റോഡിന്റെ അവസ്ഥ ഏറെ പരിതാപകരമായിട്ടും നഗരസഭാ അധികൃതര്‍ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

താല്‍ക്കാലിമായി പോലും  കുഴികള്‍ അടയ്ക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്‌കൂളിലേയ്ക്ക് പോകുന്ന വിദ്യാർത്ഥികളും കാല്‍നട യാത്രക്കാരും റോഡില്‍ കൂടി വാഹനങ്ങള്‍ വരുന്നത് കണ്ടാല്‍ ദേഹത്ത് ചെളിവെള്ളം തെറിക്കാതിരിക്കാനായി ഓടി സ്‌കൂള്‍ വളപ്പിലോ സമീപത്തെ പുരയിടങ്ങളിലോ കയറേണ്ട സ്ഥിതിയാണ്. വേഗത കുറച്ച് ഓടിച്ചാലും കുഴികളില്‍ ചാടാതെ സഞ്ചരിക്കാന്‍ കഴിയില്ലെന്ന് ഡ്രൈവര്‍മാരും പറയുന്നു. മുതലക്കോടം മേഖലയിലെ പ്രധാന ജനവാസ മേഖലയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഇതിന് പുറമെ മുതലക്കോടം – വടക്കുംമുറി – മഠത്തിക്കണ്ടം, മുതലക്കോടം – പഴയരി റോഡുകളും തകര്‍ന്ന നിലയിലാണ്. റോഡുകളുടെ സ്ഥിതി ഏറെ ശോചനീയമായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ തയാറാകാത്ത നഗരസഭയുടെ നിലപാടില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

Related Articles

Back to top button
error: Content is protected !!