ChuttuvattomThodupuzha

കൈക്കൂലിക്കേസില്‍ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍ ; നഗരസഭ ചെയര്‍മാനെ രണ്ടാം പ്രതിയാക്കി കേസെടുത്തു

ഇടുക്കി : സ്വകാര്യ സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. കേസില്‍ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അജി സി.റ്റി ആണ് വിജിലന്‍സിന്റെ പിടിയിലായത്. നഗരസഭ ചെയര്‍മാനെ വിജിലന്‍സ് ഡിവൈഎസ്.പി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. കൂടുതല്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ചെയര്‍മാനെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പണം കൈമാറാന്‍ ഇടനിലക്കാരനായ കോണ്‍ട്രാക്ടറേയും അസിസ്റ്റന്റ് എന്‍ജിനിയറേയും നാളെ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഇന്ന് വൈകിട്ട് നാലോടെ ഇടനിലക്കാരന്‍ മുഖേന നഗരസഭയിലെത്തി പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ അജി സി.റ്റി യെ കൈയ്യോടെ പിടികൂടുകയായിരുന്നു. തൊടുപുഴയ്ക്ക് സമീപം കുമ്മംകല്ലിലുള്ള സ്വകാര്യ സ്‌കൂളിന്റെ ഫിറ്റ്‌നസ് ആവശ്യത്തിനായി സ്‌കൂള്‍ അധിതൃതര്‍ ഒരു മാസം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. എ.ഇ ഇവിടെയത്തി പരിശോധന നടത്തിയെങ്കിലും ഫിറ്റ്‌നസ് നല്‍കാന്‍ തയ്യാറായില്ല. പിന്നീട് സ്‌കൂള്‍ അധികൃതര്‍ പല തവണ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജാണ് ഇവരോട് എ.ഇ യ്ക്ക് പണം നല്‍കിയാല്‍ മതി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പറഞ്ഞത്.

ഇതനുസരിച്ച് എ.ഇ യെ സമീപിച്ചപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇത്രയും ഭീമമായ തുകയായതിനാല്‍ സ്‌കൂള്‍ മാനേജര്‍ വിദേശത്തുള്ള സ്‌കൂളിന്റെ ഉടമയെ ബന്ധപ്പെട്ടു. ഇദ്ദേഹവും അസിസ്റ്റന്റ് എന്‍ജിനിയറുമായി ബന്ധപ്പെട്ടെങ്കിലും കൈക്കൂലി ആവശ്യത്തില്‍ എ.ഇ ഉറച്ചു നിന്നു. തുടര്‍ന്ന് അജിയുടെ സുഹൃത്ത് റോഷന്‍ വഴി പണം കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. ആദ്യം പണവുമായി എ.ഇ യുടെ മുറിയിലെത്തിയെങ്കിലും ഇവിടെ സിസിടിവിയുള്ളതിനാല്‍ മറ്റൊരിടത്ത് വെച്ച് വാങ്ങുകയായിരുന്നു. സ്‌കൂള്‍ മാനേജരുടെ പരാതിയിലാണ് നടപടി. ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലായിരുന്നുപരിശോധന.

 

Related Articles

Back to top button
error: Content is protected !!