ChuttuvattomThodupuzha

പുലിപ്പേടിയില്‍ നാട് ; കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കണം

തൊടുപുഴ : കരിങ്കുന്നം ഇല്ലിചാരിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന പുലിയുടെ ആക്രമണഭീതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു.കരിങ്കുന്നം പഞ്ചായത്തിനു പുറമേ തൊടുപുഴ നഗരസഭാ പരിധിയിലും മുട്ടം പഞ്ചായത്തിലും പുലിയുടെ സാന്നിധ്യമുണ്ടായതായാണ് സൂചനകള്‍. ഇതോടെ പുലിയെ പിടികൂടാന്‍ മറ്റു മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുകള്‍ സ്ഥാപിക്കണമെന്നും വനംവകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി. ഇതിനിടെ ഇന്നലെയും വനംവകുപ്പിന്റെ ക്യാമറയില്‍ പുലിയുടെ ചിത്രം ലഭിച്ചത് ആശങ്ക വര്‍ധിപ്പിച്ചു. ഇല്ലിചാരിക്കു സമീപം അമ്പലപ്പടിയില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. ശനിയാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയും പുലി ഇവിടെ എത്തിയതിന്റെ ചിത്രങ്ങളാണ് ലഭിച്ചത്. ഇവിടെയും കൂടു സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.

കരിങ്കുന്നത്തിനു പുറമേ തൊടുപുഴയിലും

ഒന്നര മാസത്തോളമായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി പുലിപ്പേടിയിലാണ്. ഇതിനു പുറമേയാണ് തൊടുപുഴ നഗരസഭയിലെ 30-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാറക്കടവ് മഞ്ഞുമാവ് പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞത്. ഇവിടെ കുറുക്കനെ ആക്രമിച്ചു കൊന്ന അജ്ഞാത ജീവി പുലി തന്നെയാണെന്നാണ് നിഗമനം. കരിങ്കുന്നം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം. പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ അതീവ ഭീതിയിലായി. പ്രദേശത്ത് പരിശോധന നടത്തിയ വനം ഉദ്യോഗസ്ഥരും ഇവിടെയെത്തിയത് പുലി തന്നെയാണെന്ന നിഗമനത്തിലാണ്.

മുട്ടത്തും എത്തിയെന്ന്

മുട്ടം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പുലിയെ കണ്ടതായി പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. മുട്ടം പോളിടെക്‌നിക്കിനു സമീപം പുലിയെ കണ്ടതായി ചില ഇതര സംസ്ഥാന തൊഴിലാളികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയിരുന്നു. കൂടാതെ തുടങ്ങനാട് ഭാഗത്തും പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

പലരും നേരിട്ടു കണ്ടു

ഇല്ലിചാരിയില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്ന അജ്ഞാതജീവി പുള്ളിപ്പുലിയാണെന്നു വനം വകുപ്പിന്റെ ക്യാമറയില്‍നിന്നു ലഭിച്ച ദൃശ്യങ്ങളില്‍നിന്നും തിരിച്ചറിഞ്ഞതോടെയാണ് ഇവിടെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയായത്. ജനവാസ മേഖലകളില്‍ രാത്രിയും പകലും പ്രദേശവാസികളായ പലരും പുലിയെ നേരിട്ടു കണ്ടു. കഴിഞ്ഞ മൂന്നിന് ഇല്ലിചാരി മലേപ്പറമ്പില്‍ സാബുവിന്റെ മകള്‍ അഞ്ജലി, മംഗലത്ത് പുത്തന്‍പുരയില്‍ ബിജു ജോണ്‍ എന്നിവര്‍ പുലിയെ കണ്ടിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നുതിന്നുകയും ചെയ്തു. ഇതിനുശേഷമാണ് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്. 16ന് ക്യാമറ പരിശോധിച്ചപ്പോള്‍ പുലിവര്‍ഗത്തില്‍പ്പെട്ട ജീവിയുടെ ദൃശ്യം ലഭിച്ചു. ആറിനു പതിഞ്ഞ ചിത്രമാണിത്. പിന്നീട് ഇതു പുള്ളിപ്പുലിയാണെന്ന് വനംവകുപ്പ് സ്്ഥിരീകരിച്ചതോടെയാണ് ഇവിടുത്തെ ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനുമേല്‍ ഭീതിയുടെ കരിനിഴല്‍ വീണത്. പിന്നീടും പലരുടെയും മുന്നില്‍ പുലി പ്രത്യക്ഷപ്പെട്ടു.

കെണിയില്‍ വീഴാതെ…

കൂടു സ്ഥാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കൂട്ടില്‍ കുടുങ്ങാതെ പുലി സൈ്വരവിഹാരം തുടരുകയാണ്. കൂട്ടില്‍ ചത്ത കോഴിയെ ഇട്ടാണ് പുലിയെ കുടുക്കാന്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലിയെ കുടുക്കാനുള്ള കൂടിനോടു ചേര്‍ന്ന് മറ്റൊരു കൂട്ടില്‍ ആടിനെ കെട്ടിയിട്ടു. ജീവനുള്ള മൃഗത്തെ കാണിച്ച് പുലിയെ ആകര്‍ഷിക്കുകയും ആ മൃഗത്തിന് അപകടമില്ലാതെ പുലിയ പിടികൂടുന്ന സംവിധാനമാണിത്.

സൈ്വര ജീവിതം തടസപ്പെട്ടു

നാട്ടിലിറങ്ങിയത് പുലിയാണെന്ന് വ്യക്തമായതോടെ പ്രദേശവാസികളും ജാഗ്രതയിലാണ്. പകല്‍ പോലും വീടുകള്‍ പൂട്ടി അകത്തിരിക്കുകയാണ് നാട്ടുകാര്‍. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ അധികമാരും പുറത്തിറങ്ങുന്നില്ല. അവധിക്കാലമായിട്ടും കുട്ടികളെ കളിക്കാന്‍ വിടുന്നില്ല. ജോലികള്‍ക്ക് പോകുന്നവര്‍ ഏറെയും രാത്രിക്കു മുമ്പേ വീട്ടിലെത്തും. വളര്‍ത്തുമൃഗങ്ങളെ അഴിച്ചുവിടാതെ കെട്ടിയിട്ടിരുക്കുകയാണ്. ആട്, പശു തുടങ്ങിയവയ്ക്കായി പുല്ലുചെത്തിക്കൊണ്ടുവന്ന് കൊടുക്കുകയാണ്. ഇല്ലിചാരിയില്‍ കൂടും ക്യാമറയും സ്ഥാപിച്ച മേഖലയിലേക്കുള്ള ജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!