Idukki

ഞങ്ങളും കൃഷിയിലേക്ക് : കളക്ട്രേറ്റ് ജീവനക്കാര്‍ക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു

ഇടുക്കി; ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളുടെയും വിത്തിന്റെയും വിതരണോത്ഘാടനം ഇടുക്കി ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് കളക്ടറേറ്റ് അങ്കണത്തില്‍ നിര്‍വഹിച്ചു. വിവിധയിനം ഫല വൃക്ഷ തൈകളുടെയും കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും പരിപാടിയോടനുബന്ധിച്ചു നടത്തി. ഇടുക്കി കലക്ട്രേറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കളക്ട്രേറ്റിലെത്തിയ പൊതുജനങ്ങള്‍ക്കും ചീര, വെള്ളരി, പയര്‍ തുടങ്ങിയ പച്ചക്കറി വിത്തുകളും വഴുതന, പച്ചമുളക്, ചീര തുടങ്ങിയവയുടെ തൈകളും വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തയിലെത്തിക്കുക എന്നീ ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയിലൂടെ ഓരോ വ്യക്തിയേയും അതിലൂടെ കുടുംബത്തെയും തുടര്‍ന്ന് സമൂഹത്തെയും കൃഷിയിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഒരു സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കാം. കൃഷിവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണം, ജലസേചനം, സഹകരണം, വ്യവസായം, മൃഗ സംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എഡിഎം ഷൈജു പി. ജേക്കബ്, അഡിഷണല്‍ എസ്പി ഗോപാലകൃഷ്ണന്‍ എം. കെ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, ജില്ലാ കൃഷി ഓഫീസര്‍ ആന്‍സി തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആന്റണി, ഇടുക്കി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ യു.എം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!