ChuttuvattomThodupuzha

അഗ്നി സുരക്ഷ സംവിധാനമില്ല : മലങ്കര എന്‍ട്രന്‍സ് പ്ലാസ തുറക്കുന്നതില്‍ അനിശ്ചിതത്വം

തൊടുപുഴ : മലങ്കര ടൂറിസം ഹബ്ബിനോടനുബന്ധിച്ച് നിര്‍മിച്ച എന്‍ട്രന്‍സ് പ്ലാസ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്തംഭിച്ചു. എന്‍ട്രന്‍സ് പ്ലാസയില്‍ ക്രമീകരിച്ചിട്ടുള്ള മുറികള്‍ക്ക് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിന് എംവിഐപി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മാസങ്ങള്‍ക്ക് മുമ്പ് മുട്ടം പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും ഇത് നിരസിച്ചതോടെയാണ് എന്‍ട്രന്‍സ് പ്ലാസ സന്ദര്‍ശകര്‍ക്കായി തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലായത്. സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നും മൂന്നു കോടിയോളം ചെലവഴിച്ച് നിര്‍മിച്ച എന്‍ട്രന്‍സ് പ്ലാസയില്‍ അഗ്നിസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്ന് പഞ്ചായത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിട നമ്പരിനുള്ള അപേക്ഷ നിരസിച്ചത്. എന്നാല്‍ അഗ്നി സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തി എന്‍ട്രന്‍സ് പ്ലാസ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ടൂറിസം വകുപ്പും എംവിഐപിയും യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.

സംസ്ഥാന ടൂറിസം, ജലവിഭവ വകുപ്പുകളുടെ നേതൃത്വത്തിലാണ് മലങ്കര ടൂറിസം പദ്ധതി പ്രവര്‍ത്തിക്കുന്നത്. എന്‍ട്രന്‍സ് പ്ലാസയിലെ അഞ്ച് മുറികളില്‍ മൂന്നെണ്ണം മാത്രമാണ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ കരാര്‍ വ്യവസ്ഥയില്‍ ലേലത്തിന് നല്‍കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചത്. മറ്റ് രണ്ട് മുറികളില്‍ ഒന്ന് ഡിടിപിസിക്കും മറ്റൊന്ന് ഹബ്ബിന്റെ ഓഫീസ് ആവശ്യങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ അലംഭാവം മൂലം ഒന്നും നടക്കാത്ത അവസ്ഥയാണ്. എന്‍ട്രന്‍സ് പ്ലാസയില്‍ 200 ആളുകള്‍ക്ക് ഇരിക്കാവുന്ന എക്‌സിക്യുട്ടീവ് കസേരകളുള്ള ഓപ്പണ്‍ സ്റ്റേജ് സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കാനും നടപടികള്‍ ആയിട്ടില്ല.

വാടക ഈടാക്കി ഓപ്പണ്‍ സ്റ്റേജ് പൊതു പരിപാടികള്‍ക്ക് നല്‍കിയാല്‍ സര്‍ക്കാരിന് അധിക വരുമാനവും ലഭ്യമാകും. മലങ്കര ടൂറിസം ഹബ്ബിന്റെ ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍, കണ്‍വീനറായ എംവിഐപി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയും വികസന പ്രവര്‍ത്തനങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് തുടരുന്നത്.ഇതിനിടെ എന്‍ട്രന്‍സ് പ്ലാസ നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് കോട്ടയം എസ്പി അഴിമതി സംബന്ധിച്ച് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയെങ്കിലും സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാതെ ഇതും ചുവപ്പുനാടയില്‍ കുരുങ്ങിയ അവസ്ഥയിലാണ്.

 

 

Related Articles

Back to top button
error: Content is protected !!