Idukki

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കരുത്: വ്യാപാരി വ്യവസായി ഏകോപന സമിതി

ഇടുക്കി; പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ പേരില്‍ സാധാരണ കച്ചവടക്കാരില്‍ നിന്നും വന്‍തുകയാണ് അധികൃതര്‍ പിഴയായി ഈടാക്കുന്നത്. എന്നാല്‍ അവ ഉല്‍പാദിപ്പിക്കുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടാണ് അധികാരികള്‍ സ്വീകരിച്ചു വരുന്നത്. ഉല്‍പാദനം ഫലപ്രദമായി നിരോധിക്കുകയോ ഉല്‍പാദകരില്‍ നിന്ന് പിഴ ഈടാക്കുകയോ ആണ് ചെയ്യേണ്ടത് എന്നും ചെറുകിട വ്യാപാരികളെ ഉപദ്രവിക്കരുതെന്നും കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇറച്ചി, മീന്‍ തുടങ്ങിയ സാധനങ്ങള്‍ പ്ലാസ്റ്റിക് കവറില്ലാതെ വളരെ പ്രയാസകരമാണ്. ഇതിന് പകരം സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അതുവരെ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ബഥല്‍ സംവിധാനം ഏര്‍പ്പെടുത്താതെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത് പ്രായോഗികം അല്ലാത്തതിനാല്‍ നിയമം നടപ്പാക്കുന്നതിന് ഒരു വര്‍ഷത്തെ സാവകാശം എങ്കിലും അനുവദിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമത്തെ എതിര്‍ക്കേണ്ടി വരുമെന്നും ശക്തമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളളില്‍, വര്‍ക്കിങ് പ്രസിഡന്റ് കെ.ആര്‍ വിനോദ്, ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍,ട്രഷറര്‍ ആര്‍.രമേഷ്,ജില്ലാ രക്ഷാധികാരി വി.എ ജമാല്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!